Saturday, December 24, 2011

അദൃശ്യ അസ്പര്‍ശങ്ങള്‍


ഇട്സ് റിടിക്കുലസ്

നോ...അബ്സല്യൂറ്റ്‌ലി കറക്റ്റ്

"ഏയ്‌, ഗയ്സ് വാട്സ് റോംഗ് വിത്ത്‌ യു?"

ഒറ്റ ഇറുക്കിനു കഴിച്ചുകൊണ്ടിരുന്ന ഗ്ലാസ്‌ കാലിയാക്കി, സിഗരറ്റ് കുത്തിക്കെടുത്തി ചന്ദ്രശേഖര്‍ എണീറ്റു. അയാള്‍ തൊട്ടടുത്തുള്ള ടേബിളില്‍ ഇരുന്നു റമ്മികളി കാണുകയാരിരുന്നു. ഒരു സ്ക്രൂട്ടും തുടര്‍ന്ന് അഞ്ചു ഫുള്ളും കൊടുത്ത് കൊടുത്തു സര്‍വ്വകാല റിക്കോര്‍ഡ്‌ ഇട്ടു നേരത്തെ നേരത്തെ ഔട്ടായി.

അപ്പോഴാണ് ജയകൃഷ്ണനും ഷെറിന്‍കോശിയും തമ്മില്‍ തര്‍ക്കം.

കസേരവലിച്ചു തിരിച്ചിട്ടു ചന്ദ്രശേഖര്‍ ഇരുന്നു.

എന്താ പ്രശ്നം?”

ഏയ്‌ ചുമ്മാതെ, എല്ലാം ഇവന്‍റെ തോന്നല്‍ ആണ്?” ഷെറിന്‍കോശി ചുണ്ട് കോട്ടി.

അല്ല, ഐ കുഡ് റിയലൈസ് ഇറ്റ്‌..... ജയകൃഷ്ണന്‍റെ കണ്ണുകള്‍ ചുവരുകളെ നോക്കി വിദൂരതയില്‍ ഫോക്കസ്‌ ചെയ്തതുപോലെ തോന്നി.

ഷൂട്ട്‌ അറ്റ്‌ പോയിന്റ്‌ ബ്ലാങ്ക്, ഡിയര്‍ ചന്ദ്രശേഖര്‍ പൊതുവേ സ്ത്രൈണത നിറഞ്ഞ ശബ്ദത്തില്‍ കൊഞ്ചിയപ്പോള്‍ അറപ്പോടെ ഷെറിന്‍ കോശി ചിരിച്ചു.

കുറെ നാളുകളായി ഞാന്‍ എന്ത് വിചാരിച്ചാലും ആകസ്മികതപോലെ അത് നടക്കുന്നു

ഹ..ഹ...ഹ.. എനിക്ക് ഒരു ബ്ലൂ ലേബല്‍ ഡബിള്‍ലാര്‍ജ്‌ ഫ്രീയായിത്തരന്‍ ബാര്‍ ഓണറിന് തോന്നാന്‍ വിചാരിക്കെടാചന്ദ്രശേഖര്‍ അട്ടഹസിച്ചു.

ഡോണ്ട് ബി സൊ സില്ലി, നമ്മുടെ ദൈനംദിന ജീവിതത്തില്‍ സാധാരണ നടക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നത് മാത്രം. ഒന്നിനും ഒരു ബുദ്ധിമുട്ടുമില്ലാതെ പോകുന്നു.ജയകൃഷ്ണന്‍റെ ശബ്ദം അല്പം പതറിയിരുന്നു.

ചന്ദ്രശേഖറിന്‍റെ ശബ്ദത്തിനു ഇപ്പോള്‍ ഒരു കൌമാരക്കാരന്‍റെ ഘനം കിട്ടി, “കമോണ്‍ യാര്‍, ടെല്‍ ഇന്‍ ഡീറ്റെയില്‍

ഓഫീസില്‍ ഇന്നലെ ലേറ്റ് ആയിപ്പോയി. ബോസ് ചരിത്രത്തിലാദ്യമായി ലേറ്റ് ആയി വന്നു. ഒരു ദിവസം ഞാന്‍ പെട്ടെന്ന് ഉണര്‍ന്നു, എന്തോ ഒരു ശബ്ദം. ബെഡ് സ്വിച്ച് ഇട്ടു കറന്റില്ല. വെട്ടത്തിന് കൊതിച്ചു. പെട്ടെന്ന് ഒരുമിന്നല്‍,. ഇടിയുടെ ഒച്ച പോലും ഇല്ല. അല്പം തുറന്ന ജനാലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന പൂച്ച. അതിനടുത്ത് ടോര്‍ച്ച്. പൂച്ചയെ വിരട്ടി ടോര്‍ച്ചുമായി പുറത്തിറങ്ങി. തെളിഞ്ഞ ആകാശം. മഴക്കാറ് എങ്ങുമില്ല. എവിടെ നിന്നാണ് ഈ മിന്നല്‍ എത്തിയത്?”

ചന്ദ്രശേഖര്‍ അയാളുടെ എണ്ണാവുന്ന മീശയിലെ ചില രോമങ്ങളെ ശക്തമായി പിടിച്ചു വലിക്കാന്‍ തുടങ്ങി.

ആശാനെ, ആ മുടിവിട്. മുടിനിഴല്‍ പ്രദേശം ഇപ്പോതന്നെ ഇഷ്ടം പോലെയുണ്ട്. ബാക്കി വട്ടു കൂടെ പോരട്ടെടാ, ജയാ.ഷെറിന്‍കോശിക്ക് പുച്ഛം.

മറ്റൊരു ദിവസം കാര്‍ സ്റ്റാര്‍ട്ട്‌ ആയില്ല. ടാക്സിപിടിക്കാന്‍ ഒന്നര കിലോമീറ്റര്‍ നടക്കണം. ഓഫീസില്‍ ഇന്‍സ്പെക്ഷന്‍. തളര്‍ന്നു നില്‍ക്കുമ്പോള്‍ ബോസ്സിന്‍റെ ഫോണ്‍. വീട്ടില്‍ തന്നെ നില്‍ക്കണം, കാറ് വരുന്നു. ഇന്‍സ്പെക്ഷന്‍ ടീമിനെ എയര്‍ പോര്‍ട്ടീന്നു റിസീവ് ചെയ്യണം.

അത് നേരത്തെ അറിയില്ല.?

ഞാന്‍ അല്ല, വേറൊരു അസിസ്റ്റന്റ്‌ മാനേജറെ അതിനു ഫിക്സ് ചെയ്തതാ. അയാളുടെ അമ്മ അന്ന് രാവിലെഹോസ്പിറ്റലൈസ് ആയി.


മറ്റൊരു ദിവസം രാവിലെ ചായിടാന്‍ നോക്കിയപ്പോള്‍ ഗ്യാസ് ലൈറ്റര്‍ കത്തുന്നില്ല. പുറത്ത് പത്രം വീഴുന്ന ശബ്ദം. നിവര്‍ത്തിനോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു തീപ്പെട്ടി.

ഫാര്‍ച്യൂണ്‍ കംസ് ടുഗെതെര്‍, മിസ്സറീസ് വില്‍ ഫാളോ ഇന്‍ ബറ്റാലിയന്‍ എല്ലാപേരും ഒന്നിച്ചു തിരിഞ്ഞു നോക്കി. എക്സ്ഗള്‍ഫ് അനന്തന്‍.

ഗള്‍ഫ്‌ വിട്ട ശേഷം പച്ചപിടിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍.. എമു വളര്‍ത്തല്‍ വമ്പിച്ച ലാഭമാണെന്നു മനസ്സിലാക്കി വിജയിച്ചയാള്‍ മണലാരണ്യത്തില്‍ കിടന്ന നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ അയാള്‍ക്ക് വല്യ സമ്പാദ്യം നല്‍കിയില്ല. കാശ് തീര്‍ന്നു മറ്റൊരു ജോലിയും കിട്ടാതാകുമ്പോള്‍ അയാള്‍ മടങ്ങി പോയ്ക്കൊണ്ടേയിരുന്നു. ഗള്‍ഫില്‍ പോകാന്‍ വിസക്ക് അഞ്ചുപൈസ പലിശയില്‍ പണം തരാന്‍ ദാരിദ്ര്യം പറഞ്ഞു നടക്കുന്ന ബന്ധുക്കള്‍ പോലും തയാറാകും. പെട്ടിക്കട തുടങ്ങി നാട്ടില്‍ ഒതുങ്ങിക്കൂടാന്‍ പത്തായിരം രൂപ പോലും ആരും തരില്ല. അയാള്‍ക്ക് ഗള്‍ഫില്‍ എന്ത് ജോലിയായിരുന്നുവെന്നു ചോദിച്ചാല്‍ ഒരേ ഉത്തരം രണ്ടു പ്രാവശ്യം കിട്ടില്ല. മാക്‌ഡോവല്‍  റമ്മിന് പെഗ്ഗിനു നൂറ്റമ്പത് രൂപ വിലയുള്ള ഈ ക്ലബ്ബില്‍ വരാന്‍ കഴിഞ്ഞത് ഗള്‍ഫ്‌ വിട്ടശേഷം മാത്രം. അയാളുടെ ഷാര്‍പ്പ് അനലൈസേഷനില്‍ എല്ലാവര്‍ക്കും മതിപ്പ്.

ജയകൃഷ്ണന്‍, എനിക്ക് മനസ്സിലാകുന്നു. നമ്മള്‍ എല്ലാപേരും പരിപൂര്‍ണ്ണമായ ജീവിതം ജീവിക്കാന്‍ ആഗ്രഹിക്കുന്നു. പലപ്പോഴും ചെറിയ നിസ്സാഹായതകളില്‍പ്പെടുമ്പോള്‍ ഒരു മിറാക്കലിനായി പ്രാര്‍ത്ഥിക്കും. ആകസ്മികമായി ചിലപ്പോള്‍ അത് സംഭവിക്കും. പക്ഷെ അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കണമെങ്കില്‍ ഒരു ശക്തിയുടെ പ്രേരണ ആവശ്യമാണ്‌.

ആഗ്നോസ്റ്റിസിസം ഫാളോ ചെയ്യുന്ന ജയകൃഷ്ണന് ഈ പറച്ചില്‍ അരോചകമായി.

ശരിക്കും ഞാന്‍ എക്സ്പീരിയന്‍സ് ചെയ്യുന്നു. കഴിഞ്ഞ ഒരുമാസമായി എന്തും നടക്കുന്നു. ഒരു പരിപൂര്‍ണ്ണ ജീവിതം നയിക്കുന്ന പോലെ തോന്നുന്നു. ബട്ട്‌ ഐ കാന്‍റ് ബിലീവ് ദാറ്റ്‌ സം ഫോഴ്സസ് ആക്ട്സ് ബിഹൈന്‍റ് ദിസ്‌.

മോനെ, നീ നിന്‍റെ അപ്പൂപ്പനെ കണ്ടി..............ഷെറിന്‍കോശിയെ ജയകൃഷ്ണന്‍ തടഞ്ഞു.

ഡോണ്ട് ഒഫന്‍റ് വിത്ത്‌ സച് നാസ്റ്റി ക്വെസ്റ്റ്യന്‍, വെതര്‍ ഐ സൊ മൈ ആന്‍സ്‌സ്റ്റേഴ്സ്. മുത്തശ്ശനെ കണ്ടിട്ടില്ല, അങ്ങനെ ഒരാള്‍ ഉണ്ട്. ആ ഇരുട്ടില്‍ നോക്ക് ഒന്നും കാണുന്നില്ല. അവിടെ മുന്നൂറു കിലോയില്‍ ഒരു കറുത്ത നടക്കുന്ന തലയില്ലാത്ത ഫാതരഹഎന്നാ ഒരു സാധനം ഉണ്ടെന്നു എല്ലാപേരും പറഞ്ഞാല്‍ താന്‍  വിശ്വസിക്കുമോ? കേട്ട കാര്യങ്ങള്‍ നമ്മള്‍ വിശ്വസിക്കാം, വിസ്വസിക്കാതിരിക്കാം. യു സീ, ദ ലോജിക്, ട്രൂത് ആന്‍ഡ്‌ ഹാപ്പനിംഗ്സ് ഹാസ്‌ ടു അനലൈസ്ട് ഓണ്‍ ഇട്സ് മെരിറ്റ്

ചന്ദ്രശേഖര്‍ ഇടയ്ക്കു കയറി ,” ആശാനെ ഇതിനെ ലക്ക്, കോ-ഇന്സിടന്റ്സ് എന്നൊക്കെ പറയാം

ലോട്ടറി അടിക്കുന്നതും ഒരു കോ-ഇന്സിടന്റ് ആണ്. എടുക്കുന്ന നമ്പര്‍,റാഫിളില്‍ വീഴുന്ന നമ്പര്‍..... ഈ ഇന്സിടന്റുകള്‍ ഒന്നാകുമ്പോള്‍, അതിനെ കോ-ഇന്സിടന്റ് എന്ന് പറയുമോ? ലക്ക്, കോ-ഇന്സിടന്റ് ആര്‍ എന്ടയര്‍ലി ഡിഫറന്റ്റ്‌ ഫ്രം മിറാക്കിള്‍.. മിറാക്കിലിനു പിന്നില്‍ ഡിസയര്‍ ഉണ്ട്, അര്‍ജുണ്ട്.... പ്രാര്‍ത്ഥനയുമുണ്ട്.അനന്തന്‍ ഒന്ന് സ്കോര്‍ ചെയ്തു.

നമുക്ക് ഈ പ്രശ്നത്തില്‍ ഇനി എന്ത് ചെയ്യാം?”, ജയകൃഷ്ണന്‍ അനന്തനെ നോക്കി.

നമ്മുടെ അല്ല നിന്‍റെ, പറയെടോ മിഷിറൊട്ടിക്കും പനീര്‍മാസലക്കും ടാലിനുംഷെറിന്‍കോശി മുന്നോട്ടാഞ്ഞു കൈമുട്ടുകള്‍ മേശപ്പുറത്താക്കി.

 ആഹാരം കഴിഞ്ഞു പുറത്തിറങ്ങി.

ഒരു ചട്നിചമന്‍ബാര്‍ കൂടെ ആകാമെന്ന് ജയകൃഷ്ണന്‍. ഷെറിന്‍കോശി കടകംവെട്ടി ഒഴിഞ്ഞു മാറി, “ മക്കളെ, സമയം കറക്റ്റ്‌ പത്ത്. പാന്‍ കോര്‍ണറില്‍ പോകാന്‍ മിനിമം ഫോര്‍ടി മിനിട്സ് ഡ്രൈവിംഗ്. ഏഴു സിഗ്നല്‍. നടക്കില്ല. അവന്‍ റയില്‍വേയുടെ ബുക്കിംഗ് കൌണ്ടര്‍ പോലെയാ. പത്തര ആയാല്‍ ഷട്ടറിടും.

അനന്തനിലെ രമാനുനാജന്‍ ഉണര്‍ന്നു,” ഏഴു സിഗ്നലും നയന്റി മിനിട്സിലാണ് ചേഞ്ചോവര്‍. എല്ലാ സിഗനിലും മുന്നില്‍ കിടക്കുന്ന വണ്ടികളുടെ നീളം കൂടി കണക്കാക്കിയാല്‍ തൊണ്ണൂറിന്‍റെ ആദ്യപാദത്തില്‍ എത്തണം. ഓരോ സിഗ്നലിനിടയിലുള്ള ഡ്രൈവിംഗ് ടൈം നയന്റിയുടെ മള്‍റ്റിപ്പില്സ്.........

എടോ, താന്‍ ഗള്‍ഫില്‍ പത്തു തോറ്റ അറബികളെ കണക്ക് പഠിപ്പിക്കുകയായിരുന്നോ? വണ്ടി വെട്ടിച്ചു ഞാന്‍ വല്ല ഇലക്ട്രിക് പോസ്റ്റിലും ഇടിക്കും.കണക്കിന്‍റെ മൂന്നാം നാളുകാരന്‍ ജയകൃഷ്ണന് കലി കയറി.

ഓരോ സിഗ്നലിലും ഗ്രീന്‍ കാണുമ്പോള്‍ ചന്ദ്രശേഖറും അനന്തനും പരസ്പരം നോക്കി. ഷെറിന്‍ കോശി ഒന്നും ശ്രദ്ദിച്ചില്ല. അഞ്ചു സിഗ്നല്‍ പിന്നിട്ടു. പെട്ടെന്ന് സൈഡിലുള്ള ഒരു ലെയിന്‍ റോഡില്‍ നിന്ന് ഒരു ബൈക്ക്‌ മുന്നില്‍ ക്രോസ് ആയിക്കയറി മുന്നോട്ടു ചീറിപ്പാഞ്ഞു. തൊട്ടു തൊട്ടില്ലെന്നു തോന്നി. അവന്‍ ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ കുതിച്ചു പാഞ്ഞു. 

ഏഴു സിഗ്നലും ഗ്രീന്‍.. ജയകൃഷ്ണനെ യോഗിയെപ്പോലെ ചന്ദ്രശേഖര്‍ നോക്കി.

 സമയം പത്ത് മുപ്പത്തിയഞ്ച്.

കട അടച്ചു കാണണം. അവര്‍ നടന്നു ...

കട അടച്ചിട്ടില്ല. എന്താ ഇന്ന് ലേറ്റ്?

, എന്താന്ന് അറിയില്ല സാര്‍ പത്തുമണിമുതല്‍ മനസ്സിന് എന്തോ സ്വസ്ഥത
ഇല്ലാത്തപോലെ, ഒന്നും ചെയ്യാന്‍ തോന്നുന്നില്ല.

ജയകൃഷ്ണന്‍റെ മുഖത്ത് വല്ല ദിവ്യപ്രകശമുണ്ടോന്നു ചന്ദ്രശേഖറും അനന്തനും സൂക്ഷിച്ചു നോക്കി.
..................................................................................................................................

ഷെറിന്‍ കോശി ഓഫീസ് റൂമിലെ ഹാംഗറില്‍ കോട്ട് തൂക്കിയിട്ടു. ടൈ ഒന്ന് ലൂസാക്കി. മുടി ചീകുമ്പോള്‍ ഇന്റര്‍കോം ശബ്ദിച്ചു.

സാര്‍, വന്‍ മിസ്റ്റര്‍ ചന്ദ്രശേഖര്‍ ഓണ്‍ ലൈന്‍.

കണക്ട് ഇറ്റ്‌

ഡാ, ഞാനും അനന്തനും ലൈനിലുണ്ട്, കോണ്‍ഫറന്‍സ്കോള്‍ ആണ്. ഇന്നലത്തെ കാര്യം വിശ്വസിക്കാനാകുന്നില്ല.

ബുള്‍ ഷിറ്റ്‌...രാവിലെ വേറൊന്നുമില്ലേ?”

കോശി, സ്പെയര്‍ ഫൈവ് മിനിട്സ് ഫോര്‍ മി ഡിയര്‍... ജയകൃഷ്ണന്‍ സ്വയം ഉള്ളുരുകി ആഗ്രഹിച്ചാല്‍ അത് നടക്കും

അപ്പോ പോയി എല്ലാ ലോട്ടറിയും എടുക്ക്, ഒന്നാം സമ്മാനം കിട്ടാന്‍ ആഗ്രഹിക്ക്

അതല്ല, നോര്‍മല്‍ കാര്യങ്ങള്‍. ഡേ ടു ഡേ ലൈഫില്‍ വേണ്ടവ” .

കേന്‍ ഐ ടെസ്റ്റ്‌ ഹിം?”

ഷുവര്‍

ഇന്ന് ഞാന്‍ വീട്ടില്‍ നിന്ന് ക്ലബ്ബിലേക്ക് ഈവനിംഗ് ഞാന്‍ അവനെ പിക്ക്‌ ചെയ്യാം.

എന്നിട്ട്?”

ലീവ് ദി റിമയ്നിംഗ് ടു മി, അവനോടു പറഞ്ഞു എന്നെ പറ്റിക്കാന്‍ നോക്കണ്ട.
...................................................................................................................................

ഷെറിന്‍ കോശി ഹോണില്‍ നിന്ന് കൈ എടുത്തില്ല. ജയകൃഷ്ണന്‍ വീട് പൂട്ടി വേഗത്തില്‍ നടന്നു. ഡോര്‍ അടച്ച ശേഷം പതിവുപോലെ മൊബൈലും 'വീടിന്‍റെതാക്കോലും' സ്ടീരിയോയ്ക്ക്‌ മുകളിലെ പിറ്റില്‍ വയ്ക്കുന്നത് ഷെറിന്‍ കോശി ശ്രദ്ദിച്ചു.

ചന്ദ്രശേഖറും അനന്തനും നേരത്തെ എത്തിയിരുന്നു. ആകാംക്ഷ മുഖത്ത് പച്ചളിച്ചിരുന്നു.

ഇടയ്ക്കു ജയകൃഷ്ണന്‍ ടോയിലെട്ടില്‍ പോയപ്പോള്‍ അവര്‍ ഷെറിന്‍ കോശിയോട് കോറസ്സായി തിരക്കി, “വാട്സ് ദ മോഡസ് ഓപ്പറാന്റി?”

വി വില്‍ ഗോ ടുഗതര്‍ ടു ഡ്രോപ്പ് ഹിം ടുഡേ, ”
.......................................................................................................................................
ജയകൃഷ്ണന്‍ കാറില്‍ നിന്നിറങ്ങി. ഷെറിന്‍കോശിയും കൂടെ ഇറങ്ങി.

ലെറ്റ്‌ മി ഹാവ് എ കപ്പ്‌ ഓഫ് ചില്‍ട് വാട്ടര്‍

ജയകൃഷ്ണന്‍ പോക്കറ്റില്‍ കയ്യിട്ടു. മൊബൈല്‍ മാത്രം. താക്കോലില്ല.

കാറില്‍ വിശദമായി തേടി, ഇല്ലെന്ന അര്‍ത്ഥത്തില്‍ കൈ മലര്‍ത്തി.

തല്ലി പൊട്ടിച്ചാലോ

ഇട്സ് ഇലവന്‍ ലിവര്‍ ബ്രാസ്. ഡോര്‍ ഡാമേജ് ആകും.

സ്പെയര്‍ കീ?”

മൂന്നുണ്ട്, വീട്ടിനകത്താ

മിടുക്കന്‍

നിരാശയോടെ ജയകൃഷ്ണന്‍ പൂട്ടില്‍ പിടിച്ചു വലിച്ചു.

, മൈ ഗുട്നസ്..... ശരിക്ക് പൂട്ടിയില്ല. പൂട്ട്‌ തുറന്ന് കിടക്കുകയാടാ.സന്തോഷത്തില്‍ വിളിച്ചു കൂവുമ്പോഴും രണ്ടു പ്രാവശ്യം പൂട്ടിയോന്ന് ഉറപ്പുവരുത്തി ഇറങ്ങുന്ന തനിക്ക് എവിടെയാണ് പിഴച്ചതെന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഓക്കേ, വെള്ളം വേണ്ട. ഷെറിന്‍ കോശി ധൃതിയില്‍ കാറില്‍ കയറി. ഒപ്പം മറ്റു രണ്ടുപേരും.

എന്ത് കുന്തമാടാ, നീ ഒപ്പിച്ചത്? കാണിച്ചു തരാം എന്നൊക്കെ പറഞ്ഞ്?”ചന്ദ്രശേഖറുടെ ശബ്ദത്തില്‍ നിരാശയും ദേഷ്യവും ഉണ്ടായിരുന്നു.

ഷെറിന്‍കോശി മറുപടി പറഞ്ഞില്ല. അവിശ്വസനീയതയോടെ കാര്‍ ഓടിച്ചുകൊണ്ടേയിരുന്നു.

ഷെറിന്‍കോശിയുടെ പിന്നിലെ പോക്കറ്റില്‍ ജയകൃഷ്ണന്‍റെ വീട്ടുതാക്കോലിന്‍റെ കുത്തല്‍ അല്പം വേദനയുണ്ടാക്കികൊണ്ടേയിരുന്നു.

രാത്രി ഷെറിന്‍കോശിയ്ക്ക് ഉറക്കം വന്നില്ല. എല്ലാം ഒരു പ്രഹേളിക ആയി തോന്നി. ഈ ആകസ്മികതകളുടെ ലിമിറ്റ് എങ്ങനെ ഡിഫൈന്‍ ചെയ്യും എന്ന ചോദ്യം അയാളെ കുഴക്കിക്കൊണ്ടിരുന്നു.

Friday, December 16, 2011

ദൈവ ജന്മങ്ങള്‍.


ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്.....അല്ല... എട്ട്, ഏഴ്. ഏഴ് മാങ്ങ. എനിക്കെപ്പോഴും തെറ്റും. ‘ഏഴ്’ കഴിഞ്ഞാലാ ‘എട്ട്’ എണ്ണുക. എട്ടു കഴിഞ്ഞാ ഏഴെന്നു ഓര്‍മ്മ വരൂല.

സ്കൂളില്‍ പോകുന്ന പിള്ളേര് ഇപ്പോള്‍ വരാന്‍ തുടങ്ങും. എറിഞ്ഞു നിലത്തിടും. ഗേറ്റില്‍ പോയി നില്‍ക്കാം. വാച്ച് അഴിച്ചു പോക്കറ്റിലിടാം. അല്ലെങ്കില്‍ എല്ലാ കുട്ടികള്‍ക്കും സമയമറിയണം. ഒരു ദിവസം രാവിലെ ഏതോ ഒരു കുട്ടി സമയം ചോദിച്ചു. ഞാന്‍ നാലായെന്നു പറഞ്ഞു. അവന്‍ ചിരിച്ചു കൂകിക്കൊണ്ടോടി. അതിനു ശേഷം ഏതു പിള്ളാര്‌ കണ്ടാലും സമയം ചോദിക്കും. സമയം നോക്കാന്‍ എനിക്കറിഞ്ഞുകൂടാ.

രമയുടെ ചേട്ടന്‍ തന്നതാ ഈ വാച്ച്. അവര് ദൂരെ വേറെ രാജ്യത്ത്. മധുരയില്. അവിടെയുള്ള ഭാഷ എനിക്ക് മനസ്സിലാകൂല. രമയ്ക്കറിയാം . ആ സിനിമ രമ കാണും. ഞാനും കാണും. അടിപിടി കാണാന്‍ നല്ല രസമാണ്.

രമയും ദീപുമോനും എണീറ്റ്‌ കാണൂല. വിളിച്ചാല്‍ ദേഷ്യപ്പെടും. വിശക്കുന്നു. ഇനി എപ്പഴാ ദോശ ചുട്ടു തരിക. വീട്ടില്‍, അമ്മ ചായയുമായി വന്നു വിളിച്ചുണര്‍ത്തും. വിശക്കുമ്പോള്‍ ചൂടോടെ ദോശ ചുട്ടുതരും. വയറ് നിറഞ്ഞാലും നിര്‍ത്തില്ല. പാത്രത്തില്‍ ഇട്ടുതന്നത് തിന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകും. രമ എണീറ്റെങ്കില്‍ ഒരു ചായയെങ്കിലും കുടിക്കാമായിരുന്നു.

രമയുടെ അമ്മ പാവമാണ്. ഞാന്‍ ഒരിക്കല്‍ മാത്രം അവിടെപ്പോയി. ഒരു രാത്രി ടാക്സീല്. ഓല വീടാണ്. കട്ടിലില്ല. പായയില്‍ കിടക്കണം. അമ്മ എന്തെല്ലാം തിന്നാന്‍ ഉണ്ടാക്കിത്തരും. നല്ല ടേസ്റ്റ് ആണ്. പക്ഷെ, പുറത്തിറങ്ങിയാല്‍ രമ വഴക്ക് പറയും. ആരോടും മിണ്ടാന്‍ പാടില്ല.

ഒരു ദിവസം ഞാന്‍ പുറത്തിറങ്ങി. അവിടെ അടുത്തുള്ള കുറെ സ്ത്രീകള് ചുറ്റും കൂടി സംസാരിച്ചു. രമയെപ്പോലെയല്ല, അവര്‍ക്ക് ദേഷ്യം വരില്ല. നല്ല ആളുകള്‍. ഞാന്‍ പറഞ്ഞതൊക്കെ അവര്‍ക്കിഷ്ടായി. ഒരാള് ചോദിച്ചു, എല്ലാ ജോലിയും ഞാന്‍ രമയ്ക്ക് ചെയ്തു കൊടുക്കുമോ അതോ രമ എനിക്ക് ചെയ്തു തരുമോന്ന്. ഭാര്യ അല്ലേ ജോലികള്‍ ചെയ്യുകാന്നു പറഞ്ഞപ്പോള്‍ അവര്‍ എല്ലാരും നിര്‍ത്താതെ ചിരിച്ചു. അപ്പോള്‍ രമ പുറത്തു വന്നു. ഞാന്‍ വീട്ടില്‍ കയറി. അന്ന് രാത്രിതന്നെ രമ അമ്മയോട് വാശി പിടിച്ചു തിരികെ വന്നു.

പണ്ട് നാലാം ക്ലാസ്സില്‍ പഠിക്കുമ്പം എന്ത് രസമായിരുന്നു. എല്ലാ പിള്ളേരും എന്‍റെ പാതി. സാറിനും എനിക്കും മാത്രം മീശ. എന്നെ കാണുമ്പോള്‍ എല്ലാരും പേടിക്കും. എല്ലാ വര്‍ഷവും പുതിയ പിള്ളേര് വരും. ഞാന്‍ മാത്രം അതേ ക്ലാസ്സില് വീണ്ടും. അക്ഷരം പഠിക്കാന്‍ ഭയങ്കര കഷ്ടമാ. മാഷന്മാര് എന്നോട് ചോദ്യം ചോദിക്കൂല, തല്ലൂല. എന്നെ നിറയെ ഇഷ്ടം. തോളത്ത് കയ്യിട്ടു കുശലം ചോദിക്കും. പരീക്ഷക്ക്‌ കൊണ്ട് പോകുന്ന പേപ്പറില് അച്ഛന്‍ പേരുഴുതിത്തരും. എന്‍റെ പേര് എഴുതാന്‍ വല്യ പാടാ. ചന്ദ്രസേനന്‍. കല്യാണം നടത്താനാ പഠിത്തം നിര്‍ത്തിയത്.

ഈ വീട്ടില്‍ വന്നതില്‍ പിന്നെ ഒരു രസവുമില്ല. രമ വഴക്ക് കൂടിയോണ്ടാ അച്ഛന്‍ ഈ വീട് മേടിച്ചു തന്നത്. അച്ഛന് നിറയെ പൈസ ഉണ്ടെന്നാ എല്ലാരും പറയണത്. റബ്ബറും തേങ്ങയും നിറയെ ഉണ്ട്. ബാങ്കില് എനിക്കും അച്ഛന്‍ തന്ന കുറേ പൈസ ഉണ്ട്. വയലറ്റ് മഷി മുക്കി പേപ്പറില് അമര്‍ത്തിയാല്‍ മതി; രമയ്ക്ക് പൈസ കിട്ടും. അച്ഛന്‍റെ പൈസ എല്ലാം ദീപുമോനെന്നാ അച്ഛന്‍ പറയുന്നത്. എനിക്ക് വേണ്ട. എണ്ണാന്‍ അറിഞ്ഞൂടാ.

രമയെ കല്യാണം കഴിച്ചിട്ട് മൂന്ന് വര്‍ഷം ആയീന്നാ എല്ലാരും പറയണത്. കല്യാണത്തിന് നല്ല രസമായിരുന്നു. നിറയെ സാധനം സമ്മാനം കിട്ടി. എന്നെ ഒരു കല്യാണത്തിനും ആരും കൊണ്ട് പോവൂല. ഇളയമ്മാവന്‍റെ കല്യാണം മാത്രം ഞാന്‍ ടിവിയില്‍ കണ്ടു. അതുകൊണ്ട് കുറേയൊക്കെ നേരത്തെ മനസ്സിലായി.

കല്യാണം കഴിഞ്ഞ ശേഷം രമ എന്‍റെ കട്ടിലിലാ കിടക്കുന്നത്. ആദ്യ ദിവസം എനിക്ക് ഒരു മാതിരി ആയി. നമ്മള്‍ പെണ്ണുങ്ങളുടെ അടുത്ത്  ഇരിക്കുന്നത് നാണമില്ലേ. ഞാന്‍ മനസ്സില് കട്ടിലിന്‍റെ പാതി അളന്നു. അവിടെ കറക്ടാ കിടന്നു. എനിക്ക് പാതി സ്ഥലം വേണം. പാതി സ്ഥലം മാത്രം അവള്‍ക്കു മതി. പക്ഷെ, എനിക്ക് നിറയെ സ്ഥലം തന്നു അവള് ദൂരെ അറ്റത്ത് കിടന്നു. പിന്നെ ഞാനും മറ്റേ അറ്റത്ത്‌ നീങ്ങി കിടക്കാന്‍ തുടങ്ങി. പാവം അല്ലേ, അല്പം കൂടുതല്‍ സ്ഥലം കൊടുക്കാം.

നിറയെ ദിവസം അച്ഛനോടും അമ്മയോടും ഒക്കെ നല്ല സ്നേഹമായിരുന്നു, രമയ്ക്ക്. പിന്നെ വഴക്കായി. അച്ഛന്‍ നമുക്ക് ഈ വീട് വാങ്ങി തന്നു. ഇവിടെ എനിക്ക് ഒരു ജോലിയുമില്ല. മിണ്ടാനും ആരും ഇല്ല. ഈ ഗേറ്റില്‍ നിക്കണതാ ജോലി. എനിക്ക് എല്ലാരും പോകുന്നതും വരുന്നതും അറിയാം. നിറയെപ്പേര് എന്നെ നോക്കി ചിരിക്കും.

അപ്പറത്തു കാണുന്ന വീട് ഒരു പേര്‍ഷ്യാക്കാരന്‍റെതാ. അവിടെ വാടകക്ക് ഒരാളുണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. പോയി. നല്ല ആളായിരുന്നു.

ആദ്യമൊക്കെ ഞാന്‍ പുറത്തു നില്‍ക്കുമ്പോള്‍ രമയും കൂടെ ഉണ്ടായിരിക്കും. വീടിനു പുറത്തു നിന്ന് അയാള്‍ നമ്മുടെ വീടിനെ നോക്കിക്കൊണ്ടിരിക്കും. ഇടയ്ക്കു ചിരിക്കും. ആദ്യമൊന്നും ഞാന്‍ ചിരിച്ചില്ല. പിന്നെ ഞാന്‍ ചിരിക്കാന്‍ തുടങ്ങി. രമയും അയാളോട് ചിരിക്കാന്‍ തുടങ്ങി. ഗേറ്റിനു പുറത്തു വന്നു എന്നോട് സംസാരിക്കും. അയാള്‍ ഇല്ലെങ്കിലും രമ ഇടയ്ക്കിടെ അവിടെ നോക്കും. ഒരു ദിവസം രമ പറഞ്ഞു ചായ കുടിക്കാന്‍ അകത്തു വിളിക്കാന്‍.

പിന്നെ അയാള് അകത്തു വരുമായിരുന്നു. അവര്‍ സംസാരിക്കുന്നത് വല്യ കാര്യങ്ങള്. അയാള്‍ വല്യ കുട്ടികളെ പഠിപ്പിക്കുന്ന മാഷാണ്.

ഒരു ദിവസം ഞാന്‍ അകത്തു ചെല്ലുമ്പോള്‍, അവരെ കാണാനില്ല. നമ്മുടെ മുറിയില്‍നിന്നു രമയുടെ കരച്ചില് കേള്‍ക്കുന്നപോലെ തോന്നി. ഞാന്‍ പേടിച്ചു വാതില്‍ക്കല്‍ കാത്തുനിന്നു. കുറെ കഴിഞ്ഞു രമയും അയാളും പുറത്തു വന്നു. രമയുടെ മുഖത്ത് കണ്ണീരും സങ്കടവുമോന്നും കണ്ടില്ല. രണ്ടുപേരും നന്നായി വിയര്‍ത്തിരുന്നു. കതകടച്ച ചൂടായിരിക്കും. വല്യ കാര്യങ്ങള് ശല്യമില്ലാതെ സംസാരിച്ചതായിരിക്കാം.

ഒരു ദിവസം രമയുടെ അമ്മ വന്നു. അവരെന്നോട് പറഞ്ഞു ഞാന്‍ അച്ഛനാകാന്‍ പോകുന്നൂന്ന്. കല്യാണം കഴിഞ്ഞാലേ അമ്മയും അച്ഛനും ആകാന്‍ പറ്റൂ.

കുറെനാള്‍ കഴിഞ്ഞ്, രമ അവളുടെ വീട്ടിലും ഞാന്‍ എന്‍റെ വീട്ടിലും പോയി. പണിക്കാരും അമ്മയും അച്ഛനും ഒക്കെ വീട്ടില്. നല്ല രസമായിരുന്നു.

പിന്നെയും ഇവിടെ വന്നു. അപ്പോള്‍ രമയും കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ ഇവിടെവച്ചാ ഞാന്‍ കാണുന്നത്. അമ്മ എന്‍റെ കയ്യില് കുഞ്ഞിനെ തന്നു. എന്‍റെ കുഞ്ഞാന്നും പറഞ്ഞ്. കുഞ്ഞു കരഞ്ഞു. എപ്പോള്‍ ഞാന്‍ എടുത്താലും കരയും. അതുകൊണ്ട് എടുക്കാന്‍ എനിക്കിഷ്ടമില്ല. രമയും വേണ്ടാന്നു പറഞ്ഞു.

കൊച്ചിന് സൂചി വയ്ക്കാന്‍ അയാള് കൂടെ പോകും. എനിക്ക് ആസ്പത്രിയില്‍ ഒന്നും പോയി പരിചയം ഇല്ല. അയാള്‍ ഉള്ളത് എത്ര നല്ലതാ. അയാള് കൊച്ചിനെയെടുക്കും. കൊച്ച് കരയൂല.

ആരുമില്ലാത്തപ്പോള്‍,  ഇടയ്ക്കു വരുന്ന പാച്ചിത്തള്ള പറഞ്ഞു, കുട്ടിയുടെ അച്ഛന്‍ അയാളാ. അയാളെ ഇവിടെ വരാന്‍ വിടരുത്. പാച്ചിത്തള്ളയ്ക്ക് ഒന്നും അറിഞ്ഞുകൂടാ,  കല്യാണം കഴിച്ച ആളല്ലേ അച്ഛന്‍.

ദീപുമോന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനും അമ്മയും കൂട്ടിക്കൊണ്ടു പോയി. ഇടയ്ക്കു വരും. ഉടനെ തിരികെ പോകും. അവനു ഏറ്റവും ഇഷ്ടം അമ്മച്ചിയേയാ.

ഒരു ദിവസം അയാളും രമയും വഴക്കായി. അയാള് എന്‍റെ കയ്യില്‍ ഒരു കാര്‍ഡ്‌ തന്നിട്ടുപോയി. എന്‍റെ കല്യാണത്തിന് ഉണ്ടാക്കിയ പോലത്തെ കാര്‍ഡ്‌........; വൈകുന്നേരം അയാളുടെ സാധനമൊക്കെ ഒരു വണ്ടിയില്‍ കയറ്റി, പുറത്തു നിന്ന എന്നോട് ടാറ്റാ പറഞ്ഞു പോയി.

രമയ്ക്ക് ഭയങ്കര സങ്കടമായിരുന്നു. എപ്പഴും കരച്ചില്. പാവം ഇനി കൊച്ചിന് സൂചിയിടാന്‍ കൂടെ പോകാന്‍ ആരാ ഉള്ളത്?

ഒരുദിവസം രമ കിടക്കുമ്പോള്‍ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. എന്തിനാന്ന് എനിക്ക് അറിഞ്ഞുകൂടാ. അമ്മയും ചിലപ്പോള്‍ ഇങ്ങനെ ചെയ്യും.


 പിറ്റേദിവസം രമ ദീപുമോനെ കൂട്ടിക്കൊണ്ടു വന്നു.
ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് രമ ചിലപ്പോള്‍ ഉണ്ടാക്കിത്തരും. ചിലപ്പോള്‍ എന്നോട് സംസാരിക്കും. എന്നാലും ഇടയ്ക്കിടെ ദേഷ്യവും വരും. എന്തെങ്കിലും ചോദിക്കാന്‍ എനിക്ക് പേടിയാ.

 ഇപ്പോള്‍ ദീപുമോന് എന്നെ വല്യ ഇഷ്ടമാണ്. ദീപുമോന്‍ പൂവിറിക്കുവാനും പേരയ്ക്ക പറിക്കാനും എന്നെ വിളിക്കും. ഗേറ്റില്‍ നില്‍ക്കുമ്പോള്‍ ഇടയ്ക്കിടെ ഒരു കൂട്ടായി. അച്ഛാന്നാ എന്നെ വിളിക്കുന്നത്‌.  പാച്ചിത്തള്ള എന്നെ പറ്റിക്കാന്‍ നോക്കിയതാ.

അടുത്ത വീട്ടില്‍ ജനാല തുറന്നു കിടക്കുന്നു. ആരെങ്കിലും വന്നോ? അതെ, ഒരാള് പുറത്തു നില്‍ക്കുന്നു..............................................

   ഇപ്പോള്‍ അയാളും ഗേറ്റിനു പുറത്തു വന്നു സംസാരിക്കും. രമ ഒരു ദിവസം പറഞ്ഞു, ഇനി സംസാരിക്കാന്‍ വരുമ്പോള്‍ അകത്തു വിളിച്ചു ചായ കൊടുക്കണം എന്ന്.

നല്ലതാ, മോന് സൂചി വയ്ക്കാന്‍ പോകുമ്പോള്‍ ഒരു കൂട്ടായെങ്കിലോ?

Monday, December 5, 2011

ക്രോസ് കണ്‍ട്രി


“ എന്തെങ്കിലും ഒന്ന് സംസാരിക്ക്”

രാജീവ്‌ തോമസിനെ തുറിച്ചു നോക്കി. പിന്നെ മെല്ലെ എണീറ്റു.മേശ തുറന്ന് ഒരു കത്തെടുത്തു. തോമസിന്‍റെ നേരെ ആ കത്ത് നീട്ടി.

“എനിക്ക് വായിക്കണ്ട, നീ കാര്യം പറഞ്ഞാല്‍ മതി.”

“ ശാലൂന്‍റെ അമ്മാവനും കുറെ ആള്‍ക്കാരും കഴിഞ്ഞ ആഴ്ച വിവാഹം ഉറപ്പിക്കാന്‍ എന്‍റെ വീട്ടില്‍ വന്നു. അവര്‍ക്ക് വീട് ഇഷ്ടപെട്ടില്ല. പിന്നെ അറിയിക്കാമെന്ന് പറഞ്ഞു പോയി. താല്പര്യം ഇല്ലാന്ന് പിറ്റേദിവസം ഫോണ്‍ ചെയ്തു അറിയിച്ചു.”

“ഇതിനെന്താ കത്ത്? നിന്നോട് ഫോണ്‍ ചെയ്യുമ്പോള്‍ ഒന്നും പറഞ്ഞില്ല.?”

“ആ.....പറയാനുള്ള മടികൊണ്ടായിരിക്കും. അതായിരിക്കും ഫോണില്‍ എന്നോട് അവര്‍ വന്നു പോയീന്നു മാത്രം പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ ഒന്നും വിട്ടു പറയാത്തത് ഇത് കൊണ്ടായിരിക്കും”

    രാജീവന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്ണുകാണാന്‍ നാട്ടിലേക്കു പോകുന്നു. വയസ്സ് മുപ്പതായി. മുപ്പത്തിയൊന്ന് വയസ്സിനുള്ളില്‍ കല്യാണം നടത്തണം. നടന്നില്ലെങ്കില്‍  മുപ്പത്തേഴു വരെ ജാതകപ്രകാരം കല്യാണത്തിന് കൊള്ളില്ല. ബന്ധുക്കളോ ബ്രോക്കറോ കൊണ്ട് കാണിക്കുന്നത് അവനു തീരെ ചേര്‍ച്ചയില്ലാത്ത കുട്ടികളെ.

മിനിമം ഡിഗ്രി വേണം. കാണാന്‍ തരക്കേടില്ലാത്ത പെണ്‍കുട്ടി. തന്‍റെ ജോലിക്കിണങ്ങിയ സാമ്പത്തിക സ്ഥിതിയുള്ള കുടുംബം. ഇതൊക്കെയാണ് രാജീവിന്‍റെ സ്വപ്‌നങ്ങള്‍.

    പുറത്തു ജോലി ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയ അവധിക്കാലം. അതിനിടയില്‍ ബ്രോക്കര്‍മാര്‍ എത്തിക്കുന്നത് അവര്‍ക്ക് കൂടുതല്‍ കമ്മിഷന്‍ കിട്ടുന്നിടത്ത്. എവിടെ എങ്കിലും ഒന്ന് അല്പം ഒത്തു വന്നാല്‍ ഉടനെ വിവാഹം മുടക്കികള്‍. അവനു ജോലി സ്ഥലത്ത് ഭാര്യയും കുട്ടികളും ഉണ്ട്, സ്ഥിരം വെള്ളമാണ്.

    മനസ്സില് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിവാഹത്തിനു നില്ക്കാന്‍ രാജീവിന് താല്പര്യം ഇല്ല. “അരക്കുമ്പോള്‍ കയ്ച്ചാല്‍ കഴിക്കുമ്പോള്‍ ശര്‍ദ്ദിക്കും.”. എവിടെയോ കേട്ടത് അവന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. അതിനാല്‍ അവന്‍ ഒരു കോംപ്രമൈസിനും ഇല്ല.

    അല്പം സാമ്പത്തിക സ്ഥിതി കുറവാണെങ്കിലും പ്രീഡിഗ്രി കഴിഞ്ഞു പഠിത്തം നിര്‍ത്തിയെങ്കിലും ശാലുവിനെ അവനു വല്യ ഇഷ്ടമായി. വരുന്നതിന് മൂന്ന് ദിവസം മുമ്പ് ഒരു കൂട്ടുകാരനാണ് ഈ ആലോചന കൊണ്ടുവന്നത്. അവര്‍ക്ക് പയ്യന്‍റെ ജോലിയിലും സ്വഭാവത്തിലും മാത്രം താല്പര്യം ഉണ്ടെന്നാണ് പെണ്ണിന്‍റെ അച്ഛന്‍ പറഞ്ഞത്.

    പതിവുപോലെ നടക്കില്ലെന്ന വിശ്വാസത്തിലാണ് പോയത്. രണ്ടു ആങ്ങളമാരും അച്ഛനും അമ്മയും. യാതൊരു ഔപചാരികതയും ഇല്ലാത്ത എന്നാല്‍ നല്ല പെരുമാറ്റം. അതീവ സുന്ദരിയല്ലെങ്കിലും അവളുടെ ശാലീനതയും പുഞ്ചിരിയും അവനു വല്ലാതെ ഇഷ്ടമായി. ആദ്യമായി ഇവളെന്‍റെ ഭാര്യ ആയെങ്കില്‍ എന്ന് രാജീവിന്‍റെ മനസ്സ് മന്ത്രിച്ചു. സംസാരത്തിലെ വിനയവും നിഷ്ക്കളങ്കതയും ഒന്നുകൂടി രാജീവിനെ അവളിലേക്ക് ആകര്‍ഷിച്ചു. ഇഷ്ടം അവന്‍ അമ്മാവന്‍ മുഖേന പെണ്ണിന്‍റെ അച്ഛനെ അപ്പോള്‍ തന്നെ അറിയിച്ചു.അവരും ഇഷ്ടം തുറന്ന് പറഞ്ഞു. ഏതാണ്ട് ഉറച്ചമാട്ടിലായി.

    പടികടന്നു പുറത്തേക്ക് ഇറങ്ങി അല്പം നടന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ വീടിനു പടിഞ്ഞാറ് നിന്ന് അവരെത്തന്നെ നോക്കി നില്‍ക്കുന്ന ശാലൂനെയാണ് രാജീവ് കണ്ടത്. അത് അവനില്‍ വല്ലാത്ത ഒരു ഉള്‍ക്കുളിര് സൃഷ്ടിച്ചു.

    പോകാന്‍ നേരം അമ്മ പറഞ്ഞു, അവളോടോന്നു ഫോണില്‍ സംസാരിക്കാന്‍. രാജീവിന് വിവാഹം ഉറപ്പിക്കാതെ സംസാരിക്കാന്‍ ചമ്മലായിരുന്നു. അമ്മയുടെ നിര്‍ബന്ദത്തിനു വഴങ്ങി അവന്‍ സംസാരിച്ചു.

“ഹലോ”

“ഞാന്‍ രാജീവ്‌, ഒന്ന് ശാലൂനോട് സംസാരിക്കണം.”

“ഞാന്‍ ശാലുവാ”

“നാളെ ഞാന്‍ പോകുന്നു.”

“ന്ഗൂം....”

അല്പം നിശബ്ദത

“ഇനി എപ്പഴാ വരുക?”

“ഇനി എട്ടു മാസം കഴിഞ്ഞ്, ഈ വര്ഷം ഇനി അവധിയില്ല. ഇനി ജനുവരിയിലെ ഉള്ളൂ.”

“ന്ഗൂം....”

“അപ്പോള്‍ കല്യാണം നടത്തിയാലോ?”

ഒരു അടക്കിയ പൊട്ടിച്ചിരിയായിരുന്നു ഉത്തരം.

അവളുടെ ചിരി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

    ഓഫീസില്‍ അവനോടൊപ്പം മൂന്ന് മലയാളികള്‍. തോമസും നാരായണേട്ടനും പിന്നെ വിദ്യയും. നാരായണേട്ടന്‍ ഫാമിലിയുമൊത്ത്. വിദ്യ ലേഡീസ്‌ ഹോസ്റ്റലില്‍.

    അവരോടൊക്കെ വല്യ ആവേശമായി ഈ കാര്യം ഉറച്ച മട്ടില്‍ അവതരിപ്പിച്ചു.

    “ പോട്ടെടോ, രാജീവ്‌. മോതിരം മാറ്റലിനു ശേഷം കല്യാണം മുടങ്ങുന്നു. തലേന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നു. നിന്റെ കാര്യത്തില്‍ ഒരു ഉറപ്പു പോലും നടന്നില്ല, വിട്ടേക്ക്.”

    “ അത് മാത്രമല്ലെടാ, പ്രശ്നം. ഇനി വീട് വയ്ക്കാതെ യാതൊരു ആലോചനയും വേണ്ടന്നാ അച്ഛന്‍ എഴുതി ഇരിക്കുന്നത്. നാണം കെടാന്‍ വയ്യാ പോലും.”
   
    “ മുപ്പതു വയസ്സുവരെ ക്ഷമിച്ചല്ലോ, അച്ഛന്‍ പറഞ്ഞതിലും കാര്യമുണ്ട്. നിനക്ക് അതിനൊന്നു ശ്രമിച്ചൂടെ?”

    “ കൊള്ളാം, എന്റെ കാര്യമെല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം. ഒരുലക്ഷം രൂപ ഒരു വര്‍ഷം സേവ് ചെയ്യണമെങ്കില്‍ മാസം തോറും എട്ടയിരം രൂപ ബാക്കിവക്കണം. ഇടയില്‍ യാതൊരു ചിലവും വരരുത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടുള്ള സമ്പാദ്യം ഒന്നേകാല്‍ ലക്ഷം രൂപ. ലോണിനു പുറകെ പോയാല്‍ ഉടന്‍ നടക്കുമെന്ന് തോന്നുന്നില്ല. കല്യാണച്ചിലവിനു മാറ്റിവച്ച കാശാ ബാങ്കിലുള്ളത്. കടവും വരുത്തി ഒരു കുട്ടിയെ ഇവിടെ കൊണ്ടുവന്നാല്‍ ആഹാരം പോലും കൊടുക്കാന്‍ പറ്റീലാന്നു വരും.”

“അപ്പൊ ഇനി...?”

“ ഒരു വര്‍ഷം കൂടെ സമയം ഉണ്ട്. അങ്ങേരോട് പോകാന്‍ പറ, ഞാന്‍ വേറെ ആളുവഴി നോക്കും, ബാക്കി കൂടെ കേട്ടോ, അങ്ങേര്‍ക്കു കണ്‍ ഓപ്പറേഷന്‍ ചെയ്യണം പോലും. ഇന്‍ട്രാ ഓക്ടകുലാര്‍ ലെന്‍സ്‌ കോയമ്പത്തൂരില്‍ പോയി ഇടണം. അതിനു മുപ്പതിനായിരം രൂപ വേണം പോലും”

രാജീവിന്‍റെ അച്ഛന്‍ ഒരു കര്‍ഷകനാണ്. ജോലി കൃഷി എന്ന് റേഷന്‍ കാര്‍ഡില്‍ എഴുതാന്‍ മാത്രം കഴിയുന്ന കര്‍ഷകന്‍. രണ്ടു പെണ്‍കുട്ടികളുടെ കല്യാണം നടത്തിയപ്പോള്‍ കൃഷി ഭൂമി എല്ലാം പോയി. രാജീവിന്‍റെ ചേട്ടന്‍ അനന്തന്‍ ആണ് രാജീവന്‍റെ അച്ഛന് ചെലവിനു കൊടുത്തുകൊണ്ടിരുന്നത്. രാജീവിന് ജോലി കിട്ടിയപ്പോള്‍ അതെല്ലാം രാജീവിന്‍റെ തലയിലായി.

“ വളര്‍ത്തിയ അച്ഛനല്ലേടാ, കൊടുത്താല്‍ എന്താ ?”

“ മൂന്ന് നേരം ഭക്ഷണം തന്നു. സമ്മതിച്ചു. പഠിത്തത്തിനു വല്യ ചെലവൊന്നും ഇല്ല. എല്ലാം സര്‍ക്കാര് സ്കൂളും കോളേജും.”

“ഡാ, ഒന്നോര്‍ത്തോ, നീ ഒരു പെന്‍സില് വാങ്ങാന്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ആട്ടിപ്പായിച്ചൂന്നു വരും. ആ പെന്‍സില് നിനക്ക് വാങ്ങിത്തരാന്‍ കഴിയാത്തതിനാല്‍ ഉറങ്ങാന്‍ പറ്റാതെ വിഷമിച്ചു കിടക്കുന്ന അച്ഛന്‍റെ ഹൃദയം കാണണമെങ്കില്‍ നീയും പാങ്ങില്ലാത്ത ഒരു അച്ഛനായി ജനിക്കണം.”

    തന്നെക്കാള്‍ മൂന്ന് വയസ്സ് ഇളപ്പമാണ് തോമസിന്. എങ്കിലും വര്‍ത്തമാനം കേട്ടാല്‍ എഴുപതു കഴിഞ്ഞൂന്നു തോന്നും. ബൈബിളും ഗീതയും ഖുറാനും പിന്നെ അതിന്‍റെ അപദ്ഗ്രഥനങ്ങള്‍ മുപ്പതോളം വേറെയും കാണും അവന്റെ കയ്യില്‍.

    രാജീവ് തോമസിനോട് മറുപടി ഒന്നും പറഞ്ഞില്ല.

എട്ടു മാസങ്ങള്‍ വേഗത്തില്‍ കടന്നുപോയി. വീട്ടിലെത്തിയ അവനെ എതിരേറ്റത് ഒരു കണ്ണിനെ മറച്ചു പച്ച ബാന്‍ഡ് കെട്ടിയ അച്ഛനാണ്. ഓപ്പറേഷന് കാശു കൊടുക്കാത്തതില്‍ അവനല്പം ജാള്യത തോന്നി. തോമസിന്‍റെ വാക്കുകള്‍ അവന്‍ ഓര്‍ത്തു. ചോദിക്കാതെ തന്നെ അച്ഛന്‍ പറഞ്ഞു, സൌജന്യ നേത്ര ചികില്‍സാക്യാമ്പില്‍ നിന്നാണ് ചെയ്തതെന്ന്.

ജാതകച്ചേര്‍ച്ചയുള്ളതും എല്ലാവര്‍ക്കും ഇഷ്ടമുള്ളതുമായ മൂന്നു ആലോചനകള്‍  ഉണ്ടായിരുന്നു. ഒരു ആലോചന ഗീതേച്ചി കൊണ്ട് വന്നത്.

അതാകട്ടെ ആദ്യം കാണുന്നതെന്ന് രാജീവ്‌ തീരുമാനിച്ചു. അവിടെ ബന്ധുക്കളടക്കം നിറയെപ്പേര്‍ ഉണ്ടായിരുന്നു. എല്ലാപേരുടെ പെരുമാറ്റത്തിലും സംസാരത്തിലും താനാണ് വല്യവന്‍ എന്നാ അഹങ്കാരം വളരെ പ്രകടമായിരുന്നു. പെണ്‍കുട്ടി തരക്കേടില്ലാന്നു രാജീവന്‍റെ മനസ്സ് പറഞ്ഞു. ഒരു നിമിഷം ശാലൂനെ ഓര്‍ത്തപ്പോള്‍ അവന്‍റെ മുഖം വാടി. എങ്കിലും അവന്‍ ഇഷ്ടമാണെന്ന് അറിയിച്ചു.

ഒരാഴ്ചക്കുള്ളില്‍ മോതിരക്കല്യാണം. പോകുന്നതിനു മൂന്നു ദിവസം മുന്‍പ് കല്യാണം. അവര്‍ക്കും ധൃതിയുണ്ട്. അമ്മാമ്മ കിടപ്പിലാണ്. അധിക കാലം ഉണ്ടാവില്ലാന്നു ഡോക്ടര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഒരു വര്‍ഷം നടത്താന്‍ പറ്റില്ല. ആചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന കുടുംബം.

മോതിരക്കല്യാണം മംഗളമായി നടന്നു. എല്ലാ തയ്യാറെടുപ്പുകളും പുരോഗമിച്ചു.

ഒരുദിവസം പുലര്‍ച്ചെ അമ്മയുടെ നിലവിളികെട്ടാണ് രാജീവ്‌ ഉണര്‍ന്നത്.
അനക്കമില്ലാതെ അച്ഛന്‍. ആശുപത്രിയിലേക്ക് വേഗം പാഞ്ഞു. അല്പം സീരിയസ്സാണ്. ഐ. സി.യു. ലേക്ക് മാറ്റി. ഡോക്ടര്‍ രാജീവനെ വിളിച്ചു.

“അച്ഛന്‍ എന്തൊക്കെ മരുന്ന് കഴിക്കുന്നു”

രാജീവ്  എല്ലാ പ്രിസ്ക്രിപ്ഷനും അമ്മയില്‍ നിന്നു വാങ്ങി ഡോക്ടറെ ഏല്പിച്ചു.

“പ്രഷറിനും മറ്റും മരുന്ന് കഴിക്കുന്ന വിവരം കണ്‍ഡോക്ടറെ അറിയിച്ചിരുന്നോ?”

രാജീവ്‌ മിഴിച്ചു നോക്കി.

“ഒ. കെ. നിങ്ങള്‍ക്ക് പോകാം.”

മൂന്നു ദിവസം അച്ഛന്‍ ഐ.സി.യൂ. വില്‍ തന്നെ ആയിരുന്നു.
മറ്റന്നാള്‍ കല്യാണമാണ്. രാജീവും അമ്മയും സഹോദരങ്ങളും മാറിമാറി ഹോസ്പിറ്റലില്‍ കാവലിരുന്നു.

ഇടയ്ക്കു ഒരിക്കല്‍ രാജീവ് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് പോയി. നല്ല കൂട്ടം. കൂട്ടത്തില്‍ അയാള്‍ കണ്ടു ശാലൂനെ. അയാള്‍ പെട്ടെന്നു അവള്‍ കാണാത്ത വണ്ണം മറഞ്ഞു നിന്നു. തന്‍റെ വിവാഹം മുടങ്ങിയപ്പോള്‍ പലപ്പോഴും തന്നിലും നല്ല ബന്തം അവള്‍ക്കു ഉണ്ടാകരുതെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു. കൂട്ടത്തില്‍ തള്ളുന്ന അവളെകണ്ട് അയാള്‍ അല്പം സന്തോഷിച്ചു.

അവള്‍ മരുന്നും വാങ്ങി അല്പം നടന്നു. വയര്‍ അല്പം തള്ളിയിട്ടുണ്ട്. വളരെ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വന്നു അവളെ കൈ പിടിച്ചു ബാക്ക്‌ ഡോര്‍ തുറന്നു പുതിയ ഹോണ്ടാസിറ്റി കാറില്‍ ഇരുത്തുന്നത് അയാള്‍ മറഞ്ഞിരുന്നു കണ്ടു.

“അവള്‍ കാരണമല്ലല്ലോ, നമ്മുടെ വിവാഹം മുടങ്ങിയത്? അവള്‍ സന്തോഷമായി ജീവിക്കട്ടെ” അയാള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
അച്ഛനോടുള്ള സ്നേഹത്തെക്കാള്‍ പലപ്പോഴും രാജീവന്റെ മനസ്സില്‍ ഭീതിയുണര്‍ത്തിയത് എന്തെങ്കിലും സംഭവിച്ചാല്‍ വിവാഹം മുടങ്ങുമെന്ന പേടിയായിരുന്നു. തോമസിന്‍റെ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ കുറ്റബോധവും.

അന്ന് രാത്രി അയാള്‍ ഉറങ്ങാന്‍ കിടന്നു. നാളെ കല്യാണം. ശാലുവും അച്ഛനും അയാളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ഉറക്കം വരുന്നില്ല. സുന്ദരമായ വിവാഹ സ്വപ്നങ്ങള്‍  മനസ്സില്‍ കടന്നു വന്നതേയില്ല. നിരാശയും പേടിയും അയാളെ കാര്‍ന്നു തിന്നു.

മയങ്ങിയോ എന്നറിയില്ല. ഒരു ഫോണ്‍ ബെല്‍. രാജീവ്‌ ഇരുട്ടത്ത്‌ തപ്പി റിസീവര്‍ കയ്യിലെടുത്തു.

“അച്ഛന്‍ പോയെടാ” , മറുതലക്കല്‍ ചേട്ടന്‍റെ ശബ്ദം.

റിസീവര്‍ പിടിച്ചു രാജീവ്‌ അങ്ങനെ നിന്നു.

ഒരു ക്രോസ്സ് കണ്‍ട്രിയില്‍ ആണ് അയാള്‍ ഇപ്പോള്‍ . എല്ലാരും ഓടുന്നു. ലക്ഷ്യത്തിലേക്ക്. അയാള്‍ നിശ്ചലം അവിടെ നില്‍ക്കുന്നു. ഓടിയാലും ലക്ഷ്യസ്ഥാനത്ത് എത്തില്ല.... അല്ല ലക്ഷ്യ സ്ഥാനം വളരെ ദൂരെയാണ്.

Friday, December 2, 2011

ഒന്നും ഒന്നും മൂന്ന് ...അല്പം കണക്കും


“ അപ്പീ, നില്ല് ഒരു കാര്യം കേക്ക്ട്ട്.”

“എന്തര്?”

“നെന്‍റെ ഒരു കയ്യില് നാലു മത്തങ്ങ, മറ്റെ കയ്യില് ഏഴ് മത്തങ്ങ. നിനക്ക് എന്തര് ഉണ്ടെടെ, അപ്പി?”

“പൈനൊന്ന് മത്തങ്ങ.”

“അത് ഈ ബ്ലോഗ്‌ എഴുതണ പൊട്ടനും പറയും. ഒന്നൂടെ ആലോയിച്ചു നോക്കെടെ”

“പോ, അണ്ണാ പൈനൊന്ന് തന്നെ”

“ഇല്ലെടെ ......................................................................................”

“ഹാ...ഹാ...ഹാ...അണ്ണന്‍ ആളു കൊള്ളാമല്ലാ!”

(ഡാഷില്‍ ശശിയണ്ണന്‍ പറഞ്ഞ ഉത്തരം കമ്മന്റില്‍ ഉണ്ട്. അറിയാമോ?)

“ഇതു പോലെ ഇനി വല്ലതും ഒണ്ടാ, അണ്ണാ.”

“ഒണ്ട്, പക്ഷെ ഞഞ്ഞ പിഞ്ഞ ഉത്തരം അല്ലടെ”

“എന്തര് അണ്ണാ?”

“ഒന്നും ഒന്നും മൂന്ന്”

“അത് എന്തര്?”

“ദാ, നോക്ക്”


എവിടെയാ തെറ്റിയതെന്നു അറിയാമോ?