സമയം 7.30 am
കന്യാകുമാരി-ചെന്നൈ സൂപ്പര്‍
ഫാസ്റ്റ് എക്സ്പ്രസ്സ് താമ്പരത്ത് എത്തി. 10.10 am- നുള്ള കൊല്‍കൊത്ത ഫ്ലൈറ്റ് പിടിക്കണം. ചെന്നൈ സെന്‍ട്രലില്‍നിന്ന് പ്രിപെയ്ഡ് ടാക്സി
പിടിക്കുന്നതിലും ലാഭമാണ്, താമ്പരത്ത് നിന്നും ഇലക്ട്രിക് ട്രെയിനില്‍ കയറി എയര്‍പോര്‍ട്ടിനടുത്തുള്ള
“തൃശ്ശൂല" ത്തിറങ്ങി, എയര്‍പോര്‍ട്ടിലേക്ക് നടന്നു കയറുന്നത്. സമയപരമായും
സാമ്പത്തികപരമായും.
അക്ഷമയോടെ ധൃതികൂട്ടി ഇറങ്ങുന്ന
ആള്‍ക്കാരുടെ ഇടയിലൂടെ ഞാന്‍ എന്‍റെ വി.ഐ.പി. ട്രോളി വലിച്ചു കൊണ്ട് വേഗത്തില്‍
നടന്നു. നിരപ്പല്ലാത്തയിടങ്ങളില്‍ ട്രോളി വല്യ ഒച്ചയുണ്ടാക്കി.
എണ്‍പതു കഴിഞ്ഞ ഒരമ്മൂമ്മ
പ്ലാറ്റ്ഫോമില്‍ ഇരുന്നു കൈ നീട്ടുന്നുണ്ടായിരുന്നു. വേഗത്തില്‍ നടന്നു നീങ്ങുന്നവര്‍ക്ക് അവര്‍ വല്ലാതെ തടസ്സം സൃഷ്ടിക്കുന്നുണ്ടായിരുന്നു. അവരെ അവഗണിച്ചു മുന്നോട്ടുനടന്ന എന്‍റെ മനസ്സിന്‍റെ തിരയില്‍, അവരുടെ ഒഴിഞ്ഞ
കയ്യും, ദയനീയമായ മുഖവും വ്യക്തമായി പതിഞ്ഞപ്പോള്‍ ഞാന്‍ പതിനഞ്ചോളം ചുവടുകള്‍
മുന്നോട്ടു പൊയ്ക്കഴിഞ്ഞിരുന്നു. എങ്കിലും ഞാന്‍ തിരികെ നടന്നു. ജീന്‍സിന്‍റെ
പോക്കറ്റില്‍ നിന്ന് കയ്യില്‍ കിട്ടിയ നാണയത്തുട്ടുകളെടുത്ത് ഞാന്‍ അവരുടെ കയ്യില്‍
വച്ചു.
വീണ്ടും ട്രോളിയുമായി മുന്നോട്ട്.
പത്ത് ചുവടുകള്‍ കഴിഞ്ഞ് ഒന്നുകൂടെ
തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്കായില്ല. കിട്ടിയ തുട്ടുകള്‍ ആര്‍ത്തിയോടെ
മടിശ്ശീലയില്‍ ഒളിപ്പിച്ച് വീണ്ടും വെറും കൈ നീട്ടുന്ന സാധാരണ വൃദ്ധയാചകരുടെ
പ്രവൃത്തിയാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ ആ കൈ മടക്കാതെ അങ്ങനെ വായുവില്‍ നിവര്‍ന്നു
തന്നെയിരുന്നു. ദാക്ഷിണ്യം കാണിക്കാന്‍ അദൃശ്യനായ ദൈവത്തിനു അര്‍പ്പിക്കുന്ന
കാണിക്ക പോലെ.
വീണ്ടും അവരുടെ അടുത്തേക്കെത്തി
എന്തെന്ന് തിരക്കാനുള്ള കൌതുകം എനിക്കുണ്ടായി.
“എന്ന അമ്മാ,
എന്നാച്ച്? തുട്ട് കമ്മിയാ?”
അവര്‍ മടിശ്ശീല തപ്പി പത്തിന്റെയും
ഇരുപതിന്റെയും കുറെ നോട്ടുകള്‍ എടുത്ത് എന്റെ നേരെ നീട്ടി.
“മകനേ, ഒരു തിരുച്ചി ടിക്കറ്റ്
എടുത്ത് കൊടപ്പാ”
മുഷിഞ്ഞ നോട്ടുകളിലെ നിരവധി
മടക്കുകള്‍. നിവര്‍ത്തിയാല്‍ ഒരു പക്ഷെ കഷണങ്ങള്‍ ആകാം. അവ പരസ്പരം വല്ലാതെ ഇഴുകി ചേര്‍ന്നിരിക്കുന്നു.
രസതന്ത്രമോ ഭൌതീക ശാസ്ത്രമോ ഇനിയും നിര്‍വചിക്കാത്ത ഏതോ “ബോണ്ട്” ആ നോട്ടുകള്‍
തമ്മില്‍ പരിപാലിക്കുന്നുവെന്നു തോന്നി.പണ്ടെന്നോ
ഒന്നൊന്നായി കടന്നുവന്ന് അവരുടെ മടിശ്ശീലയില്‍ അധിനിവേശം
സ്ഥാപിച്ചെടുത്തിരിക്കുന്നു.
അവര്‍ നീട്ടിയ കാശിനു അവര്‍ കല്‍പ്പിക്കുന്ന
മൂല്യം എന്തായിരിക്കും? കാശ് എന്നും ആപേക്ഷികമാണ്. സ്നേഹത്തെക്കാള്‍
സത്യത്തെക്കാള്‍ ആപേക്ഷികം. കൈമാറ്റങ്ങളുടെ തോത് അളക്കാന്‍ മാത്രം മുദ്രണം
ചെയ്യപ്പെട്ട അയാഥാര്‍ത്ഥ്യങ്ങളായ അക്കങ്ങള്‍ , കൊടുക്കുന്നവന്റെ ഉദാരതയിലും
വാങ്ങുന്നവന്റെ ആവശ്യകതയിലും അവര്‍ക്ക് തന്നെ അനുഭവപ്പെടുന്ന വ്യത്യസ്ത മൂല്യങ്ങള്‍ ,.
സംഭാവന പിരിക്കാന്‍ വരുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ട കൃത്യമായ സംഖ്യ എത്ര?
കല്യാണത്തിനു കൊടുക്കേണ്ട സമ്മാനം കൃത്യമായി എത്ര രൂപയുടെതായിരിക്കണം?
എവിടെ നിന്ന് വരുന്നു എന്നറിയാത്ത,
എവിടെ പോകുന്നുവെന്നറിയാത്ത, എന്റെ നേര്‍ക്ക്, ഉള്ള സമ്പാദ്യം മൊത്തം നീട്ടാന്‍
ആ അമ്മയെ പ്രേരിപ്പിച്ചതെന്താണ്? കത്തുന്ന വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍
പഴുതുകളില്ലാത്തപ്പോള്‍ ശരീരം സ്വയം അഗ്നിക്ക് സമര്‍പ്പിക്കുന്ന ഒരാളുടെ
നിസ്സഹായത. കഴുമരത്തില്‍, കറുത്ത തുണിയിലെ അന്ധകാരത്തില്‍, കുരുങ്ങുന്ന കയറിനെ
മാത്രം പ്രതീക്ഷിക്കുന്ന കുറ്റവാളിയുടെ നിസ്സഹായത. മനുഷ്യന്‍ സഹജീവിയെ
സംശയിക്കതിരിക്കുന്നത് രണ്ടു സന്ദര്‍ഭങ്ങളിലാണ്. ആര്‍ക്കും തന്നെ എന്തും
ചെയ്യാമെന്ന നിസ്സഹായത. അല്ലെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാനൊക്കില്ല എന്ന പൂര്‍ണ്ണ
ധാര്‍ഷ്ട്യം.
ഈ നിസ്സഹായത എന്നെ വല്ലാതെ
അസ്വസ്ഥനാക്കി.
“സാര്‍ , എന്റെ കാശൊക്കെ
പോക്കറ്റടിച്ചു, ഒന്ന് ഏറണാകുളം വരെ പോകണം. ഒരു നൂറുരൂപ തരാമോ” എന്ന് സ്ഥിരം
നമ്പരുമായി അലയുന്ന, ചെറുകിട തട്ടിപ്പുകാരുടെ നിരവധി അനുഭവം കണ്ടുമടുത്ത എനിക്ക്
നേര്‍വിപരീതമായിരുന്നു, ഈ അനുഭവം.
“ കൂട, യാരുമില്ലയാ, അമ്മാ.
എതുക്ക് തിരുച്ചി പോണം?”
പല്ലില്ലാത്ത മോണകള്‍, അവര്‍ക്ക്
താടിയെല്ലുകള്‍ ഇല്ലെന്നപോലെ ചേരുകയും വികസിക്കുകയും ചെയ്തു. കണ്ണീരില്ലാത്ത
കണ്ണില്‍ കണ്ണീരിനെക്കാള്‍ വല്യ ദുഃഖം പ്രകടമായിരുന്നു. വികൃതമായ വിതുമ്പലുകളില്‍
അവര്‍ പറഞ്ഞു.
“എനക്കാരുമില്ല, യാരും.”
“അഴാതീങ്കമ്മാ. ടിക്കറ്റ് നാന്‍
എടുത്തു താരേന്‍. ആനാ സൊല്ലുങ്ക, എതുക്ക് തിരുച്ചി പോണം?”
“ മധുരയില ഇരുന്തു
കണ്ണാപ്പറേഷനുക്ക് തിരുച്ചി വന്തേന്‍, ഇടം
തെരിയല, ഇങ്ക വന്ത് ഇറങ്കിട്ടെന്‍, ഒരു ടിക്കറ്റ് എടുത്തു കൊടപ്പാ”
ഞാന്‍ നില്‍ക്കുന്നത് പ്ലാറ്റ്ഫോം
നമ്പര്‍ അഞ്ച്. ഈ ട്രോളിയുമായി ഓവര്‍ബ്രിഡ്ജ് കയറി സ്റ്റേഷന്‍റെ പുറത്തിറങ്ങി ടിക്കറ്റെടുത്ത് തിരിച്ചു
ട്രോളിയുമായി തിരികെ വരുന്നത് പ്രയോയികമല്ല.
നിസ്സഹായനായി ഞാന്‍ ചുറ്റും
കണ്ണോടിച്ചു. അടുത്ത് കണ്ട കൂലിയുടെ കണ്ണില്‍ എന്റെ നോട്ടം ഉടക്കിയപ്പോള്‍ അയാള്‍
അടുത്തെത്തി. തലയില്‍ തോര്‍ത്ത് വട്ടം കെട്ടി ട്രോളിയിലേക്ക് പ്രതീക്ഷയോടെ നോക്കി.
“അണ്ണാ, ഇങ്കയിരുന്തു ഒരു തിരുച്ചി
ടിക്കറ്റ് എവ്വളവ്?”
“തൊണ്ണൂറു റൂപാ”
ഞാന്‍ നൂറ്റമ്പത് രൂപ അയാളുടെ നേരെ
നീട്ടി.
“ഇന്തമ്മാവുക്ക് ഒരു തിരുച്ചി
ടിക്കറ്റ് എടുത്തു കൊടുങ്ക. മീതി നീങ്കളെ വയ്യുങ്ക”
അയാളത് ശ്രദ്ദിക്കാതെ അമ്മൂമ്മയുടെ
അരികിലേക്ക് നീങ്ങി.
“ എന്നാ കെളവീ, കാലയില അഞ്ച് മണിയില
ഇരുന്ത് ഉക്കാര്‍റാ, ന്നാ വെഷയം”
അയാളുടെ ചോദ്യം എനിക്ക് വളരെ
അരോചകമായി. അഞ്ചുമണി മുതല്‍ അവര്‍ അവിടെ
ഇരിക്കുന്നത് അയാള്‍ക്കറിയാം. ഇത് വഴി കടന്നുപോയ ആയിരക്കണക്കിന് ആള്‍ക്കാരില്‍
ആരുടെ ദയാവായ്പും ഇവരുടെ മേല്‍ പതിയാത്തതെന്ത്? ഇവന്‍ ടിക്കറ്റ് എടുത്തു കൊടുക്കുമെന്നു
എന്താ ഉറപ്പ്? കാശ് നീട്ടിയയുടന്‍ ഇയാള്‍ വാങ്ങിയുമില്ല. അപ്പോള്‍ കാശിനോട് അത്ര ആര്‍ത്തിയുള്ളവനുമല്ല.
അയാളെ അവിശ്വസിക്കാന്‍ തന്നെ എന്റെ മനസ്സ്
തീരുമാനിച്ചു. ഞാന്‍ പെട്ടെന്ന് പറഞ്ഞു.
“ഒണ്ണുമേ വേണ്ടാം, നീങ്ക
പൊങ്കണ്ണേ”
“ബാഗ് നാന്‍ തൂക്കുരേന്‍ സാര്‍,
അമ്പത് കൊടുങ്ക”
“ഒരു പുണ്ണാക്കും വേണാം”
ഞാന്‍ ആ അമ്മയുടെ അടുത്തേക്ക്
പോയി.
“ഇങ്കേ ഇരുങ്ക, നാന്‍
ടിക്കട്ടുടന്‍ വാരേന്‍”
ട്രോളിയുമായി പടിക്കെട്ടുകള്‍ കയറവേ
ഞാന്‍ വല്ലാതെ കിതച്ചു. മുകളിലെത്തി. ഇതുമായി ഇറങ്ങി.... പുറത്തു കടന്നു... വീണ്ടും
കയറി, പിന്നെയും ഇറങ്ങി.... എനിക്കാവില്ല.
കയറ്റങ്ങള്‍ ഒരു പരിധിവരെ
അനായാസമാണ്. ഇറക്കങ്ങളാണ് കഷ്ടം. ട്രെക്കിങ്ങില്‍ പലതവണ പങ്കെടുത്ത അനുഭവം. മലയിറങ്ങുമ്പോള്‍
കാല്‍മുട്ടിന് താഴെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ തോന്നും. അധികം ദൂരമായാലും, അധികം
ഭാരമായാലും. ജീവിതത്തിലും ഇറക്കങ്ങള്‍ ആണ് കഷ്ടം. ആയുസ്സിന്റെ പടിയിറങ്ങുമ്പോള്‍,
ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ ......
ഓവര്‍ബ്രിഡ്ജില്‍ കണ്ട ലോക്കല്‍
യാത്രക്കാരനെന്നുറപ്പുള്ള ഒരാളോട് ചോദിച്ചു.
“ക്ലോക്ക് റൂം എങ്കെ, അണ്ണേ”
“ഇങ്ക ക്ലോക്ക് റൂം കിടയാത്”
ഇനി ഒറ്റ ആശ്രയം റിട്ടയറിംഗ് റൂം. ക്ലോക്ക്റൂമിന്റെ
പത്തിരട്ടി ചാര്‍ജ് കൊടുക്കണം. കൊടുത്ത കാശ് മുതലാക്കി ഒന്നു ഫ്രഷ് ആകുവാന്‍
സമയവുമില്ല. റിട്ടയറിംഗ് റൂമില്‍ സാധനവും വച്ച് ഞാന്‍ ടിക്കറ്റ് കവുണ്ടറിലേക്ക്
നീങ്ങി. ഭാഗ്യം അധികം കൂട്ടമില്ല. “തിരുച്ചിക്കുള്ള” സെക്കന്റ് ക്ലാസ്
ടിക്കറ്റുമായി തിരികെ പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചിലെത്തി. അവര്‍ ഇരുന്ന സ്ഥലത്ത്
ഉണ്ടായിരുന്നില്ല.
പെട്ടെന്ന് തന്നെ അല്പം അകലെ ആയി
നിരങ്ങി നീങ്ങുന്ന അവരെ ഞാന്‍കണ്ടു. ഞാന്‍ തിരികെ വരുമെന്ന് അവര്‍ ഒരിക്കലും
പ്രതീക്ഷിച്ചു കാണില്ല. ടിക്കറ്റ് വാങ്ങുമ്പോഴും അത് ലഭിച്ചുവെന്ന വിശ്വാസം
അവരുടെ കണ്ണില്‍ കണ്ടില്ല..
അവര്‍ ടിക്കറ്റുമായി നിരങ്ങി
നീങ്ങിക്കൊണ്ടേ ഇരുന്നു.
സമയം 8.10 am. ഇലക്ട്രിക് ട്രെയിന്‍ പിടിച്ച് എയര്‍പോര്‍ട്ടില്‍ കയറാന്‍
20മിനിറ്റ്. അല്പം ലേറ്റ് ആയി.
പെട്ടെന്ന് തോളില്‍ ഒരു കൈ അമര്‍ന്നു.
രാവിലെ കണ്ട കൂലി.
“ഡേയ്, മവനെ, പാട്ടിയെ ഇങ്ക
തള്ളീട്ടു എങ്കടാ പോറ, വകുന്തിടും, തൂക്കീട്ടു പോടാ.”
ലഗ്ഗേജ് എടുക്കാന്‍ വിടാത്ത
ചൊരുക്കാണോ അവന്റെ പൌരധര്‍മ ബോധാമാണോ അതോ അവനെ അവിസ്വസിച്ച കലിയാണോ അതെന്നു
എനിക്ക് മനസ്സിലായില്ല.
“വരുവാങ്ക കോട്ടും സൂട്ടും പോട്ട്,
വയതാനാ വീട്ടില വൈത്ത് കപ്പാത്തണം ഡാ നായെ”
എങ്കിലും ഞാന്‍ അലറി.
“ഡോണ്ട് പ്ലേ ബ്ലഡി ബ്ലെയിമിംഗ്
ഗെയിം വിത്ത് മി, യു ബാസ്റ്റാര്‍ഡ്”
ആംഗല ഭാഷക്കും ഓര്‍ക്കാപ്പുറത്തെ
അടിക്കും ഒരു പ്രയോജമുണ്ട്. ഒന്ന് ശത്രുവിനെ മാനസീകമായി തളര്‍ത്തും. മറ്റേതു
ശാരീരികമായി.
അയാള്‍ പകച്ചുനിന്ന കണങ്ങള്‍
മുതലാക്കി ഞാന്‍ പടികള്‍ ഓടിക്കയറി. വിശ്വസിച്ചു കുറേപ്പേര്‍ ഇവനോടൊപ്പം ചേര്‍ന്നാല്‍
പറഞ്ഞു മനസ്സിലാക്കി രക്ഷപ്പെടാനുള്ള സമയം എന്റെ പക്കല്‍ ഇല്ല.
ആ ഓട്ടത്തിനിടയിലും ഞാനോര്‍ത്തു.
അവര്‍ എങ്ങനെ തിരുച്ചിക്കുള്ള ട്രെയിന്‍ കണ്ടു പിടിക്കും. അവര്‍ക്ക് പോകേണ്ട
ട്രെയിന്‍ അതേ പ്ലാറ്റ്ഫോമില്‍ ആണോ വരിക. നിരങ്ങി നീങ്ങുന്ന അവര്‍ എങ്ങനെ
ട്രെയിനിനുള്ളില്‍ കയറും. അഥവാ കയറിയാലും എങ്ങനെയിറങ്ങും. മധുരയില്‍ സൌജന്യ നേത്ര
ചികില്‍സ ക്യാമ്പില്ലേ? അവര്‍ തിരുച്ചിയില്‍ ക്യാമ്പ് ഉള്ള കാര്യം എങ്ങനെ
അറിഞ്ഞു.
ഇവിടെ ഈ കഥ അവസാനിക്കുന്നു....................
തുടര്‍ വായനയെ കഥയുമായി ബന്ധപ്പെത്തുകയോ, അവഗണിക്കുകയോ ചെയ്യുന്നത് വായനക്കാരന്‍റെ ഔചിത്യത്തിനു വിടുന്നു.
********************************
ബോര്‍ഡിംഗ് പാസ്സുമായി നടന്ന ഞാന്‍ എയര്‍പോര്‍ട്ടിലെ പുസ്തകക്കടയില്‍ ഒന്ന് കയറി. ഒരു ഫ്രെണ്ട് പറഞ്ഞതാണ്, “സീരിയസ് മെന്‍” ഒന്ന് വായിച്ചു നോക്കാന്‍. ശാസ്ത്രകാരന്മാരുടെ ലോകത്തില്‍ നിന്നും ആരും പറയാത്ത കഥ. ആരും നടക്കാത്ത വഴി. അതിശയിപ്പിക്കുന്ന വാസ്തവീകത. റാക്കില്‍ നിന്നും ഞാന്‍ തപ്പിയെടുത്തു. ഒപ്പം ഒരു മലയാള പത്രവും.
ബോര്‍ഡിംഗ് കോള്‍ പ്രതീക്ഷിച്ച്, ഒഴിഞ്ഞ കസേരയില്‍ ഇരുന്നു പത്രം നിവര്‍ത്തി. ആദ്യം ശ്രദ്ധിച്ചത് ഒരു കോളം-വാര്‍ത്ത. നടുറോഡില്‍ അപകടത്തില്‍ മരിച്ച ഭാര്യയുടെയും ഒന്‍പതുമാസം പ്രായമുള്ള മകളുടെയും ശവങ്ങള്‍ക്ക് കാവലിരിക്കുന്ന ഭര്‍ത്താവിന്റെയും നാല് വയസ്സുകാരന്‍ മകന്റെയും ചിത്രം. മണിക്കൂറുകളോളം നിര്‍ത്താതെ പോകുന്ന വണ്ടികള്‍.”
ഒരിക്കല്‍, ഇന്റര്‍വ്യൂവിനു നേരിട്ട ഒരു ചോദ്യം ഓര്‍മ്മ വന്നു.
“ വളരെ അത്യാവശ്യമായ ഒരു ഔദ്യോഗിക ആവശ്യത്തിന് നിങ്ങള്‍ പോകുന്നു. വഴിയില്‍ അപകടത്തില്‍ പെട്ട് ചോരവാര്‍ന്നു കിടക്കുന്ന ഒരാളെ നിങ്ങള്‍ കാണുന്നു. അയാളെ ആശുപത്രിയില്‍ എത്തിക്കുമോ? നിങ്ങളില്‍ വിശ്വസിച്ചു ഏല്‍പ്പിച്ച ഔദ്യോഗിക കര്‍മ്മം നടപ്പിലാക്കുമോ?”
ഔദ്യോഗിക കാര്യത്തിന് ഒരു പുനവസരം ലഭിക്കാം. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ ഒരു അവസരമേ ഉള്ളൂ എന്ന ഉത്തരം തെറ്റിയതുകൊണ്ടാണോ ജോലി ലഭിക്കാത്തതെന്ന് എനിക്കറിയില്ല.
എന്റെ ഫ്ലൈറ്റിന്‍റെ ബോര്‍ഡിംഗ് കോള്‍ എന്നെ ഉണര്‍ത്തി. ഞാന്‍ എണീറ്റ് മെല്ലെ നടന്നു...
(നന്ദി........ പ്രദീപ് മാഷ്)