Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, October 22, 2011

ദീപാവലി


വെടിയൊച്ച താങ്ങാനാകാതെ
നാടു വിട്ടോടുന്ന പട്ടികള്‍
വല്യ ശബ്ദത്തില്‍ അസഹിഷ്ണുക്കളാകുന്ന
വൃദ്ധരും  രോഗികളും

എപ്പോഴും ഓലക്കുടിലുകളില്‍
വന്നു പതിക്കാവുന്ന
റോക്കറ്റുകളെ കാത്തു
ഉറക്കമിളക്കുന്ന പാവങ്ങള്‍

അപ്രതീക്ഷിതമായ  പൊട്ടിത്തെറികളില്‍
ഞെട്ടിത്തെറിക്കുന്ന പഥികന്‍
പൊട്ടിച്ചിരിക്കുന്ന യൌവ്വനങ്ങള്‍ തന്‍
കുട്ടിത്തരമാം ക്രൂരതകള്‍

അടക്കാനാകാത്ത കൌമാരങ്ങളുടെ
സാഹസികമാം വികൃതികള്‍
എല്ലാം നിസ്സാരമെന്നുള്ള ഒറ്റ ഭാവം
നെഞ്ചിടിപ്പോടെ മാതാപിതാക്കള്‍

കാണുവാനല്ല, കാട്ടുന്നതോക്കെയും
കാണിക്കുവാനുള്ള വ്യഗ്രത  മാത്രം
കാണുവാനല്ല, കാട്ടുന്നതോക്കെയും
കാണിക്കുവാനുള്ള വ്യഗ്രത  മാത്രം

Thursday, October 20, 2011

കുറ്റബോധം


വിജനമായ ഉച്ച നേരങ്ങളില്‍
ഇരുട്ടത്ത്‌ ആളൊഴിഞ്ഞ ഇടവഴികളില്‍
അടച്ചിട്ട മുറികളില്‍
നമ്മള്‍ പലപ്പോഴും കണ്ടുമുട്ടി

നീ പറഞ്ഞ കുറച്ചു വാക്കുകളില്‍
ഒത്തിരി സ്നേഹവും തേങ്ങലും
പറയാന്‍ മടിച്ചു മൌനത്തില്‍ ചൊല്ലിയ
ആഗ്രഹങ്ങളും കണ്ണുകളില്‍ ഞാന്‍ കണ്ടു

എപ്പോഴോ ഇടയ്ക്കു കടന്നു വരുന്ന
ഒന്നാകാനുള്ള തോന്നല്‍
അറിഞ്ഞു കൊണ്ട് മാറ്റിവച്ച
എത്ര എത്ര മുഹൂര്‍ത്തങ്ങള്‍

എങ്കിലും
ഒടുവിലൊരിക്കല്‍
കീഴ്പ്പെടുത്താനുള്ള എന്റെ ആഗ്രഹവും
കീഴ്പ്പെടാനുള്ള നിന്റെ ആഗ്രഹവും
ഒന്നിച്ചു നമ്മള്‍ ഒന്നായി

ഇപ്പോള്‍
എന്റെ മനസ്സില്‍ നിറയെ നിര്‍വൃതി
നേര്‍ത്ത കുറ്റബോധം
നിന്നില്‍ നേര്‍ത്ത നിര്‍വൃതി
ഏറെ കുറ്റബോധം

നിന്റെ കുറ്റബോധം കാണുമ്പോള്‍
എന്റെ കുറ്റബോധം കുറ്റത്തെക്കാള്‍ വലുതാകുന്നു.

Tuesday, October 18, 2011

പട്ടി


പട്ടിണിക്കിട്ടിട്ടും
ചീത്ത വിളിച്ചിട്ടും
തല്ലിയിട്ടും
“ത്സോ” എന്ന് വിളിക്കുമ്പോള്‍
വാലാട്ടി, കാല്‍ നക്കുന്നത് കൊണ്ടാണോ
എന്നെ പട്ടി എന്ന് വിളിക്കുന്നത്‌?




Monday, October 17, 2011

ബാല്യത്തില്‍ എഴുതാന്‍ മറന്ന ഒരു കവിത


അക്ഷരം മെല്ലെ ഞാന്‍ കൂട്ടി വായിച്ചു തുടങ്ങവേ
വാക്യങ്ങള്‍ വാരി ഭുജിക്കുവാന്‍ ആര്‍ത്തി
തിരഞ്ഞു ഞാന്‍, ബുക്കുകള്‍, താളുകള്‍
പൂജാമുറിയില്‍, ആദ്യവും അവസാനവും നഷ്ടപ്പെട്ട രാമായണം
മച്ചില്‍ മാറാല മാറിലാക്കി മുത്തശ്ശി തന്‍ ഭാഗവതം
ആകാംക്ഷയോടെ ഞാന്‍ അക്ഷരം കോര്‍ക്കുന്നു
അറിയുന്ന വാക്കുകള്‍ ഉള്ളില്‍ തിരയുന്നു
നിരാശയില്‍ നമ്ര ശിരസ്കനായ്‌ തിരികെ നടക്കുന്നു
മണിപ്രവാളങ്ങള്‍ കുട്ടികള്‍ക്കെന്നുമേ അജീര്‍ണ്ണം

അയലത്തെ വീട്ടിന്റെ കോലായില്‍ ഒരു കുട്ടി
ചെറു കണ്ണട വച്ചവന്‍ ചാരു  കസാലയില്‍
ചുറ്റിനും ചിതറി  എത്ര ബുക്കുകള്‍!
കൊതിപ്പിക്കും പുറം ചട്ട ! എന്തു കഥകളാവാമതില്‍?

ചുറ്റിനും നോക്കി ഞാന്‍ മെല്ലെ നടന്നവന്‍ ഗേറ്റിന്നരികിലായ്‌
തെല്ലു സങ്കോചിച്ചു , എന്നിട്ടും ചോദിച്ചു
ഒന്നവ നോക്കുവാന്‍, എനിക്കില്ലേ അനുവാദം?
ആര്‍ത്തി പൂണ്ടവന്‍ ബുക്കുകള്‍ വാരിയടുക്കി തന്‍
അരികിലായ്‌, പുച്ഛത്തില്‍ ഒരു നോട്ടം
പിന്നെയും മിഴികള്‍ ബൂക്കിലായ്‌ മൂഴ്കവേ
തിരികെ നടന്നു ഞാന്‍ , മിഴികളില്‍ നനവുമായ്

പടികടന്നെതുന്ന അച്ഛന്റെ കയ്കളില്‍ തൂങ്ങി ഞാന്‍
ചിത്രകഥകള്‍ക്കായ് കരഞ്ഞു ശാട്യം പിടിക്കവേ
അരികിലെ പത്തല്‍ അച്ഛന്‍ ആയുധമാക്കവേ
തുടയില്‍ അടിയേറ്റു നിലവിളിച്ചോടാവേ
അമ്മതന്‍ കൈകള്‍ വാരിപ്പുണരവേ
“എന്തിനായ്‌, എന്നെ തല്ലി എന്നച്ചന്‍ ?”
അമ്മ ചൊല്ലി, “അരിക്കായ്‌ കാശില്ലാത്തോരില്ലത്തില്‍
ബുക്കിനായ് നിലവിളി എന്നുമേ അത്യാഗ്രഹം”

Thursday, October 13, 2011

പൂച്ച


മനസ്സിന്‍റെ ചായ്പ്പില്‍
കുറെ നാളുകളായി ഒരു പൂച്ച

കാലുകള്‍ നീട്ടി ഞെളിയുന്നത്
കാലുകള്‍ ചേര്‍ത്ത് കുറുകുന്നത്
ചാരത്തിന്നിളം ചൂട് നുകരുന്നത്
ചാരത്തിന്നിളം ചൂട് പകരുന്നത്
എല്ലാം ഞാന്‍ അറിയുന്നു

മധുരമായി “മ്യാവൂ” മൊഴിയുന്നത്
എഴുനേറ്റു നട്ടെല്ല് നിവര്‍ക്കുന്നത്
കാലുകള്‍ നക്കി മിനുക്കുന്നത്
മുഖം തറയിലുരസുന്നത്
വട്ടത്തില്‍ ഒന്ന് പുളയുന്നത്
കണ്ണടച്ചു ഉറക്കം നടിക്കുന്നത്
എല്ലാം ഞാന്‍ അറിയുന്നു

മുരടനക്കി അറിയിച്ചു പോകുന്നത്
പമ്മി അറിയിക്കാതെ വരുന്നത്
മനസ്സിന്റെ വാതിലില്‍ ഉരസുന്നത്
എല്ലാം ഞാന്‍ അറിയുന്നു

ഇപ്പോള്‍ പൂച്ച ഇല്ലാത്ത നേരങ്ങളില്‍ ചായ്പ്പു
വെറുമൊരു പാഴ്മുറിയെന്ന സത്യം ഞാനറിയിന്നു.

Monday, October 10, 2011

സ്വാര്‍ത്ഥന്‍


നേട്ടത്തിനായി  ഞാന്‍ കൂട്ടങ്ങള്‍ കൂട്ടും
കൂട്ടം പിരിഞ്ഞു ഞാന്‍ ഒറ്റയാനാകും
കാട്ടിക്കൊടുക്കും ; കൂട്ടിക്കൊടുക്കും
പിന്നില്‍ ചിരിക്കും; മുന്നില്‍ കരയും

നിന്‍റെ നഷ്ടങ്ങളില്‍ കാണുമെന്‍ ലാഭം
നിന്‍റെ ലാഭങ്ങളില്‍ കാണുമെന്‍ രോഷം
കത്തിപ്പടരുമ്പോള്‍  ഒരു തുടം എണ്ണ
കത്തി അമരുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍

അനിഷ്ടമായ്‌ നീ മറക്കാന്‍ തുടിക്കും
സഹതാപ വാക്കാല്‍ അതു ഞാന്‍ മുടക്കും
സന്തോഷമായി നീ പറയാന്‍ ശ്രമിക്കും
മറ്റൊന്നു ചൊല്ലി അത് ഞാന്‍ മുടക്കും

അഭിനന്ദിക്കുവാന്‍ ഞാന്‍ കൈകള്‍ കുലുക്കും
ചിരിയോടെ ഞാന്‍ നിന്‍റെ തോളില്‍ തലോടും
കാര്‍മേഘമൊന്നെന്‍ മനസ്സില്‍ കറുക്കും
ചിരിയായി നീ ഒരു വെന്‍മേഘം കാണും


നിന്‍ മുന്‍പില്‍ ഞാന്‍ നിന്‍ കുഞ്ഞിനെ കൊഞ്ചും
ഞാന്‍ മാത്രമുള്ളപ്പോള്‍ ആട്ടി അകറ്റും
നിന്‍ ഉദ്ദ്യമത്തിനായ് എന്നുമെന്‍ പ്രേരണ
ഉള്ളില്‍ കൊതിക്കും നിന്‍സ്സര്‍വ്വ നാശം

വിദൂരത്തിലുള്ലോര്‍  തന്‍ നേട്ടം വിളമ്പും
അയല്‍വാസിയാം നിന്‍ കോട്ടം പരത്തും
എനിക്ക്  നീ ചെയ്‌വതേതുമേ  നിന്‍ പുണ്യം
നിനക്കു ഞാന്‍ ഏകുകില്‍ അത് താന്‍ ദാനം

Monday, October 3, 2011

ഇലയില്ലാ ചെറു ചില്ലകള്‍ കുടയാക്കി, മഞ്ഞില്‍ ഒരു പറവ.


അറിയില്ലേ , നിനക്കീ മഞ്ഞു പൊഴിച്ചില്‍ നിലക്കുന്ന നേരം

കാണുന്നില്ലേ, നീ നിന്‍ സഖികളെ, എങ്ങുമേ

കുഞ്ഞു ചിറകുകള്‍ താണ്ടിയോ, ശീതത്തിന്‍ സൂചികള്‍

തെല്ലു, നേരം കാക്ക, നിനക്കായ്‌ നീളും ദൈവത്തിന്‍ കരത്തിനായ്‌.