Thursday, April 18, 2013

കര്‍മ്മം


സമയം 7.30 am

കന്യാകുമാരി-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്‌ എക്സ്പ്രസ്സ്‌ താമ്പരത്ത്‌ എത്തി. 10.10 am- നുള്ള കൊല്‍കൊത്ത ഫ്ലൈറ്റ്‌ പിടിക്കണം.  ചെന്നൈ സെന്‍ട്രലില്‍നിന്ന് പ്രിപെയ്ഡ്‌ ടാക്സി പിടിക്കുന്നതിലും ലാഭമാണ്, താമ്പരത്ത്‌ നിന്നും ഇലക്ട്രിക്‌ ട്രെയിനില്‍ കയറി എയര്‍പോര്‍ട്ടിനടുത്തുള്ള “തൃശ്ശൂല" ത്തിറങ്ങി, എയര്‍പോര്‍ട്ടിലേക്ക് നടന്നു കയറുന്നത്. സമയപരമായും സാമ്പത്തികപരമായും.

അക്ഷമയോടെ ധൃതികൂട്ടി ഇറങ്ങുന്ന ആള്‍ക്കാരുടെ ഇടയിലൂടെ ഞാന്‍ എന്‍റെ വി.ഐ.പി. ട്രോളി വലിച്ചു കൊണ്ട് വേഗത്തില്‍ നടന്നു. നിരപ്പല്ലാത്തയിടങ്ങളില്‍ ട്രോളി വല്യ ഒച്ചയുണ്ടാക്കി.

എണ്‍പതു കഴിഞ്ഞ ഒരമ്മൂമ്മ പ്ലാറ്റ്ഫോമില്‍ ഇരുന്നു കൈ നീട്ടുന്നുണ്ടായിരുന്നു. വേഗത്തില്‍ നടന്നു നീങ്ങുന്നവര്‍ക്ക് അവര്‍ വല്ലാതെ തടസ്സം സൃഷ്ടിക്കുന്നുണ്ടായിരുന്നു. അവരെ അവഗണിച്ചു മുന്നോട്ടുനടന്ന എന്‍റെ മനസ്സിന്‍റെ തിരയില്‍, അവരുടെ ഒഴിഞ്ഞ കയ്യും, ദയനീയമായ മുഖവും വ്യക്തമായി പതിഞ്ഞപ്പോള്‍ ഞാന്‍ പതിനഞ്ചോളം ചുവടുകള്‍ മുന്നോട്ടു പൊയ്ക്കഴിഞ്ഞിരുന്നു. എങ്കിലും ഞാന്‍ തിരികെ നടന്നു. ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്ന് കയ്യില്‍ കിട്ടിയ നാണയത്തുട്ടുകളെടുത്ത് ഞാന്‍ അവരുടെ കയ്യില്‍ വച്ചു. 

വീണ്ടും ട്രോളിയുമായി മുന്നോട്ട്.

പത്ത് ചുവടുകള്‍ കഴിഞ്ഞ് ഒന്നുകൂടെ തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്കായില്ല. കിട്ടിയ തുട്ടുകള്‍ ആര്‍ത്തിയോടെ മടിശ്ശീലയില്‍ ഒളിപ്പിച്ച് വീണ്ടും വെറും കൈ നീട്ടുന്ന സാധാരണ വൃദ്ധയാചകരുടെ പ്രവൃത്തിയാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ ആ കൈ മടക്കാതെ അങ്ങനെ വായുവില്‍ നിവര്‍ന്നു തന്നെയിരുന്നു. ദാക്ഷിണ്യം കാണിക്കാന്‍ അദൃശ്യനായ ദൈവത്തിനു അര്‍പ്പിക്കുന്ന കാണിക്ക പോലെ.

വീണ്ടും അവരുടെ അടുത്തേക്കെത്തി എന്തെന്ന് തിരക്കാനുള്ള കൌതുകം എനിക്കുണ്ടായി.

എന്ന അമ്മാ, എന്നാച്ച്? തുട്ട് കമ്മിയാ?”


അവര്‍ മടിശ്ശീല തപ്പി പത്തിന്റെയും ഇരുപതിന്റെയും കുറെ നോട്ടുകള്‍ എടുത്ത് എന്റെ നേരെ നീട്ടി.

“മകനേ, ഒരു തിരുച്ചി ടിക്കറ്റ്‌ എടുത്ത് കൊടപ്പാ”

മുഷിഞ്ഞ നോട്ടുകളിലെ നിരവധി മടക്കുകള്‍. നിവര്‍ത്തിയാല്‍ ഒരു പക്ഷെ കഷണങ്ങള്‍ ആകാം. അവ പരസ്പരം വല്ലാതെ ഇഴുകി ചേര്‍ന്നിരിക്കുന്നു. രസതന്ത്രമോ ഭൌതീക ശാസ്ത്രമോ ഇനിയും നിര്‍വചിക്കാത്ത ഏതോ “ബോണ്ട്‌” ആ നോട്ടുകള്‍ തമ്മില്‍  പരിപാലിക്കുന്നുവെന്നു തോന്നി.പണ്ടെന്നോ ഒന്നൊന്നായി കടന്നുവന്ന് അവരുടെ മടിശ്ശീലയില്‍ അധിനിവേശം സ്ഥാപിച്ചെടുത്തിരിക്കുന്നു.

അവര്‍ നീട്ടിയ കാശിനു അവര്‍ കല്‍പ്പിക്കുന്ന മൂല്യം എന്തായിരിക്കും? കാശ് എന്നും ആപേക്ഷികമാണ്. സ്നേഹത്തെക്കാള്‍ സത്യത്തെക്കാള്‍ ആപേക്ഷികം. കൈമാറ്റങ്ങളുടെ തോത് അളക്കാന്‍ മാത്രം മുദ്രണം ചെയ്യപ്പെട്ട അയാഥാര്‍ത്ഥ്യങ്ങളായ അക്കങ്ങള്‍ , കൊടുക്കുന്നവന്റെ ഉദാരതയിലും വാങ്ങുന്നവന്റെ ആവശ്യകതയിലും അവര്‍ക്ക് തന്നെ അനുഭവപ്പെടുന്ന വ്യത്യസ്ത മൂല്യങ്ങള്‍ ,. സംഭാവന പിരിക്കാന്‍ വരുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ട കൃത്യമായ സംഖ്യ എത്ര? കല്യാണത്തിനു കൊടുക്കേണ്ട സമ്മാനം കൃത്യമായി എത്ര രൂപയുടെതായിരിക്കണം? 

എവിടെ നിന്ന് വരുന്നു എന്നറിയാത്ത, എവിടെ പോകുന്നുവെന്നറിയാത്ത, എന്റെ നേര്‍ക്ക്‌, ഉള്ള സമ്പാദ്യം മൊത്തം നീട്ടാന്‍ ആ അമ്മയെ പ്രേരിപ്പിച്ചതെന്താണ്? കത്തുന്ന വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതുകളില്ലാത്തപ്പോള്‍ ശരീരം സ്വയം അഗ്നിക്ക് സമര്‍പ്പിക്കുന്ന ഒരാളുടെ നിസ്സഹായത. കഴുമരത്തില്‍, കറുത്ത തുണിയിലെ അന്ധകാരത്തില്‍, കുരുങ്ങുന്ന കയറിനെ മാത്രം പ്രതീക്ഷിക്കുന്ന കുറ്റവാളിയുടെ നിസ്സഹായത. മനുഷ്യന്‍ സഹജീവിയെ സംശയിക്കതിരിക്കുന്നത് രണ്ടു സന്ദര്‍ഭങ്ങളിലാണ്. ആര്‍ക്കും തന്നെ എന്തും ചെയ്യാമെന്ന നിസ്സഹായത. അല്ലെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാനൊക്കില്ല എന്ന പൂര്‍ണ്ണ ധാര്‍ഷ്ട്യം.

ഈ നിസ്സഹായത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

“സാര്‍ , എന്റെ കാശൊക്കെ പോക്കറ്റടിച്ചു, ഒന്ന് ഏറണാകുളം വരെ പോകണം. ഒരു നൂറുരൂപ തരാമോ” എന്ന് സ്ഥിരം നമ്പരുമായി അലയുന്ന, ചെറുകിട തട്ടിപ്പുകാരുടെ നിരവധി അനുഭവം കണ്ടുമടുത്ത എനിക്ക് നേര്‍വിപരീതമായിരുന്നു, ഈ അനുഭവം.

“ കൂട, യാരുമില്ലയാ, അമ്മാ. എതുക്ക് തിരുച്ചി പോണം?”

പല്ലില്ലാത്ത മോണകള്‍, അവര്‍ക്ക് താടിയെല്ലുകള്‍ ഇല്ലെന്നപോലെ ചേരുകയും വികസിക്കുകയും ചെയ്തു. കണ്ണീരില്ലാത്ത കണ്ണില്‍ കണ്ണീരിനെക്കാള്‍ വല്യ ദുഃഖം പ്രകടമായിരുന്നു. വികൃതമായ വിതുമ്പലുകളില്‍ അവര്‍ പറഞ്ഞു.

“എനക്കാരുമില്ല, യാരും.”

“അഴാതീങ്കമ്മാ. ടിക്കറ്റ്‌ നാന്‍ എടുത്തു താരേന്‍. ആനാ സൊല്ലുങ്ക, എതുക്ക് തിരുച്ചി പോണം?”

“ മധുരയില ഇരുന്തു കണ്ണാപ്പറേഷനുക്ക് തിരുച്ചി വന്തേന്‍,  ഇടം തെരിയല, ഇങ്ക വന്ത് ഇറങ്കിട്ടെന്‍, ഒരു ടിക്കറ്റ്‌ എടുത്തു കൊടപ്പാ”

ഞാന്‍ നില്‍ക്കുന്നത് പ്ലാറ്റ്ഫോം നമ്പര്‍ അഞ്ച്. ഈ ട്രോളിയുമായി ഓവര്‍ബ്രിഡ്ജ് കയറി സ്റ്റേഷന്‍റെ പുറത്തിറങ്ങി ടിക്കറ്റെടുത്ത്  തിരിച്ചു ട്രോളിയുമായി തിരികെ വരുന്നത് പ്രയോയികമല്ല.

നിസ്സഹായനായി ഞാന്‍ ചുറ്റും കണ്ണോടിച്ചു. അടുത്ത് കണ്ട കൂലിയുടെ കണ്ണില്‍ എന്റെ നോട്ടം ഉടക്കിയപ്പോള്‍ അയാള്‍ അടുത്തെത്തി. തലയില്‍ തോര്‍ത്ത്‌ വട്ടം കെട്ടി ട്രോളിയിലേക്ക് പ്രതീക്ഷയോടെ നോക്കി.

“അണ്ണാ, ഇങ്കയിരുന്തു ഒരു തിരുച്ചി ടിക്കറ്റ്‌ എവ്വളവ്?”

“തൊണ്ണൂറു റൂപാ”

ഞാന്‍ നൂറ്റമ്പത് രൂപ അയാളുടെ നേരെ നീട്ടി.

“ഇന്തമ്മാവുക്ക് ഒരു തിരുച്ചി ടിക്കറ്റ്‌ എടുത്തു കൊടുങ്ക. മീതി നീങ്കളെ വയ്യുങ്ക”

അയാളത് ശ്രദ്ദിക്കാതെ അമ്മൂമ്മയുടെ അരികിലേക്ക് നീങ്ങി.

“ എന്നാ കെളവീ, കാലയില അഞ്ച് മണിയില ഇരുന്ത് ഉക്കാര്‍റാ, ന്നാ വെഷയം”

അയാളുടെ ചോദ്യം എനിക്ക് വളരെ അരോചകമായി. അഞ്ചുമണി മുതല്‍ അവര്‍ അവിടെ ഇരിക്കുന്നത് അയാള്‍ക്കറിയാം. ഇത് വഴി കടന്നുപോയ ആയിരക്കണക്കിന് ആള്‍ക്കാരില്‍ ആരുടെ ദയാവായ്പും ഇവരുടെ മേല്‍ പതിയാത്തതെന്ത്? ഇവന്‍ ടിക്കറ്റ്‌ എടുത്തു കൊടുക്കുമെന്നു എന്താ ഉറപ്പ്? കാശ് നീട്ടിയയുടന്‍ ഇയാള്‍ വാങ്ങിയുമില്ല. അപ്പോള്‍ കാശിനോട് അത്ര ആര്‍ത്തിയുള്ളവനുമല്ല.  അയാളെ അവിശ്വസിക്കാന്‍ തന്നെ എന്റെ മനസ്സ് തീരുമാനിച്ചു. ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“ഒണ്ണുമേ വേണ്ടാം, നീങ്ക പൊങ്കണ്ണേ”

“ബാഗ്‌ നാന്‍ തൂക്കുരേന്‍ സാര്‍, അമ്പത് കൊടുങ്ക”

“ഒരു പുണ്ണാക്കും വേണാം”

ഞാന്‍ ആ അമ്മയുടെ അടുത്തേക്ക് പോയി.

“ഇങ്കേ ഇരുങ്ക, നാന്‍ ടിക്കട്ടുടന്‍ വാരേന്‍”

ട്രോളിയുമായി പടിക്കെട്ടുകള്‍ കയറവേ ഞാന്‍ വല്ലാതെ കിതച്ചു. മുകളിലെത്തി. ഇതുമായി ഇറങ്ങി.... പുറത്തു കടന്നു... വീണ്ടും കയറി, പിന്നെയും ഇറങ്ങി.... എനിക്കാവില്ല.

കയറ്റങ്ങള്‍ ഒരു പരിധിവരെ അനായാസമാണ്. ഇറക്കങ്ങളാണ് കഷ്ടം. ട്രെക്കിങ്ങില്‍ പലതവണ പങ്കെടുത്ത അനുഭവം. മലയിറങ്ങുമ്പോള്‍ കാല്‍മുട്ടിന് താഴെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ തോന്നും. അധികം ദൂരമായാലും, അധികം ഭാരമായാലും. ജീവിതത്തിലും ഇറക്കങ്ങള്‍ ആണ് കഷ്ടം. ആയുസ്സിന്റെ പടിയിറങ്ങുമ്പോള്‍, ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ ......

ഓവര്‍ബ്രിഡ്ജില്‍ കണ്ട ലോക്കല്‍ യാത്രക്കാരനെന്നുറപ്പുള്ള ഒരാളോട് ചോദിച്ചു.

“ക്ലോക്ക്‌ റൂം എങ്കെ, അണ്ണേ”

“ഇങ്ക ക്ലോക്ക്‌ റൂം കിടയാത്”

ഇനി ഒറ്റ ആശ്രയം റിട്ടയറിംഗ് റൂം. ക്ലോക്ക്റൂമിന്റെ പത്തിരട്ടി ചാര്‍ജ് കൊടുക്കണം. കൊടുത്ത കാശ് മുതലാക്കി ഒന്നു ഫ്രഷ്‌ ആകുവാന്‍ സമയവുമില്ല. റിട്ടയറിംഗ് റൂമില്‍ സാധനവും വച്ച് ഞാന്‍ ടിക്കറ്റ്‌ കവുണ്ടറിലേക്ക് നീങ്ങി. ഭാഗ്യം അധികം കൂട്ടമില്ല. “തിരുച്ചിക്കുള്ള” സെക്കന്റ് ക്ലാസ്‌ ടിക്കറ്റുമായി തിരികെ പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചിലെത്തി. അവര്‍ ഇരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല.

പെട്ടെന്ന് തന്നെ അല്പം അകലെ ആയി നിരങ്ങി നീങ്ങുന്ന അവരെ ഞാന്‍കണ്ടു. ഞാന്‍ തിരികെ വരുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. ടിക്കറ്റ്‌ വാങ്ങുമ്പോഴും അത് ലഭിച്ചുവെന്ന വിശ്വാസം അവരുടെ കണ്ണില്‍ കണ്ടില്ല..

അവര്‍ ടിക്കറ്റുമായി നിരങ്ങി നീങ്ങിക്കൊണ്ടേ ഇരുന്നു.

സമയം 8.10 am. ഇലക്ട്രിക്‌ ട്രെയിന്‍ പിടിച്ച് എയര്‍പോര്‍ട്ടില്‍ കയറാന്‍ 
20മിനിറ്റ്‌. അല്പം ലേറ്റ് ആയി.

പെട്ടെന്ന് തോളില്‍ ഒരു കൈ അമര്‍ന്നു.

രാവിലെ കണ്ട കൂലി.

“ഡേയ്, മവനെ, പാട്ടിയെ ഇങ്ക തള്ളീട്ടു എങ്കടാ പോറ, വകുന്തിടും, തൂക്കീട്ടു പോടാ.”

ലഗ്ഗേജ് എടുക്കാന്‍ വിടാത്ത ചൊരുക്കാണോ അവന്റെ പൌരധര്‍മ ബോധാമാണോ അതോ അവനെ അവിസ്വസിച്ച കലിയാണോ അതെന്നു എനിക്ക് മനസ്സിലായില്ല.

“വരുവാങ്ക കോട്ടും സൂട്ടും പോട്ട്, വയതാനാ വീട്ടില വൈത്ത് കപ്പാത്തണം ഡാ നായെ”

എങ്കിലും ഞാന്‍ അലറി.

“ഡോണ്ട് പ്ലേ ബ്ലഡി ബ്ലെയിമിംഗ് ഗെയിം വിത്ത്‌ മി, യു ബാസ്റ്റാര്‍ഡ്”

ആംഗല ഭാഷക്കും ഓര്‍ക്കാപ്പുറത്തെ അടിക്കും ഒരു പ്രയോജമുണ്ട്. ഒന്ന് ശത്രുവിനെ മാനസീകമായി തളര്‍ത്തും. മറ്റേതു ശാരീരികമായി.

അയാള്‍ പകച്ചുനിന്ന കണങ്ങള്‍ മുതലാക്കി ഞാന്‍ പടികള്‍ ഓടിക്കയറി. വിശ്വസിച്ചു കുറേപ്പേര്‍ ഇവനോടൊപ്പം ചേര്‍ന്നാല്‍ പറഞ്ഞു മനസ്സിലാക്കി രക്ഷപ്പെടാനുള്ള സമയം എന്റെ പക്കല്‍ ഇല്ല.

ആ ഓട്ടത്തിനിടയിലും ഞാനോര്‍ത്തു. അവര്‍ എങ്ങനെ തിരുച്ചിക്കുള്ള ട്രെയിന്‍ കണ്ടു പിടിക്കും. അവര്‍ക്ക് പോകേണ്ട ട്രെയിന്‍ അതേ പ്ലാറ്റ്ഫോമില്‍ ആണോ വരിക. നിരങ്ങി നീങ്ങുന്ന അവര്‍ എങ്ങനെ ട്രെയിനിനുള്ളില്‍ കയറും. അഥവാ കയറിയാലും എങ്ങനെയിറങ്ങും. മധുരയില്‍ സൌജന്യ നേത്ര ചികില്‍സ ക്യാമ്പില്ലേ? അവര്‍ തിരുച്ചിയില്‍ ക്യാമ്പ്‌ ഉള്ള കാര്യം എങ്ങനെ അറിഞ്ഞു.
                                    
ഇവിടെ ഈ കഥ അവസാനിക്കുന്നു....................


തുടര്‍ വായനയെ കഥയുമായി ബന്ധപ്പെത്തുകയോ, അവഗണിക്കുകയോ ചെയ്യുന്നത് വായനക്കാരന്‍റെ ഔചിത്യത്തിനു വിടുന്നു.


   ********************************
ബോര്‍ഡിംഗ് പാസ്സുമായി നടന്ന ഞാന്‍ എയര്‍പോര്‍ട്ടിലെ പുസ്തകക്കടയില്‍ ഒന്ന് കയറി. ഒരു ഫ്രെണ്ട് പറഞ്ഞതാണ്, “സീരിയസ് മെന്‍” ഒന്ന് വായിച്ചു നോക്കാന്‍. ശാസ്ത്രകാരന്മാരുടെ ലോകത്തില്‍ നിന്നും ആരും പറയാത്ത കഥ. ആരും നടക്കാത്ത വഴി. അതിശയിപ്പിക്കുന്ന വാസ്തവീകത. റാക്കില്‍ നിന്നും ഞാന്‍ തപ്പിയെടുത്തു. ഒപ്പം ഒരു മലയാള പത്രവും.

ബോര്‍ഡിംഗ് കോള്‍ പ്രതീക്ഷിച്ച്, ഒഴിഞ്ഞ കസേരയില്‍ ഇരുന്നു പത്രം നിവര്‍ത്തി. ആദ്യം ശ്രദ്ധിച്ചത് ഒരു കോളം-വാര്‍ത്ത. നടുറോഡില്‍  അപകടത്തില്‍ മരിച്ച ഭാര്യയുടെയും ഒന്‍പതുമാസം പ്രായമുള്ള മകളുടെയും ശവങ്ങള്‍ക്ക് കാവലിരിക്കുന്ന ഭര്‍ത്താവിന്റെയും നാല് വയസ്സുകാരന്‍ മകന്റെയും ചിത്രം. മണിക്കൂറുകളോളം നിര്‍ത്താതെ പോകുന്ന വണ്ടികള്‍.”

ഒരിക്കല്‍, ഇന്റര്‍വ്യൂവിനു നേരിട്ട ഒരു ചോദ്യം ഓര്‍മ്മ വന്നു.

“ വളരെ അത്യാവശ്യമായ ഒരു ഔദ്യോഗിക ആവശ്യത്തിന് നിങ്ങള്‍ പോകുന്നു. വഴിയില്‍ അപകടത്തില്‍ പെട്ട് ചോരവാര്‍ന്നു കിടക്കുന്ന ഒരാളെ നിങ്ങള്‍ കാണുന്നു. അയാളെ ആശുപത്രിയില്‍ എത്തിക്കുമോ? നിങ്ങളില്‍ വിശ്വസിച്ചു ഏല്‍പ്പിച്ച ഔദ്യോഗിക കര്‍മ്മം നടപ്പിലാക്കുമോ?”

ഔദ്യോഗിക കാര്യത്തിന് ഒരു പുനവസരം ലഭിക്കാം. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ ഒരു അവസരമേ ഉള്ളൂ എന്ന ഉത്തരം തെറ്റിയതുകൊണ്ടാണോ ജോലി ലഭിക്കാത്തതെന്ന് എനിക്കറിയില്ല.

എന്റെ ഫ്ലൈറ്റിന്‍റെ ബോര്‍ഡിംഗ് കോള്‍ എന്നെ ഉണര്‍ത്തി. ഞാന്‍ എണീറ്റ്‌ മെല്ലെ നടന്നു...
(നന്ദി........ പ്രദീപ്‌ മാഷ്‌)

Sunday, January 1, 2012

മൃത്യോ മ :പ്രിയപ്പെട്ട വായനക്കാരാ(രീ), ഞാന്‍ ആരാണെന്ന് തല്‍ക്കാലം നിങ്ങളോട് പറയുന്നില്ല. 


ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ഒരു ആസ്പത്രിയിലെ, ഐ.സി.യൂവിന് പുറത്തുള്ള വെയിറ്റിംഗ് റൂമിലേക്ക് ക്ഷണിക്കുകയാണ്.

നോക്കൂ. നിശബ്ദത തളംകെട്ടിയ മുറി. മരണത്തിലേക്കും ജീവിതത്തിലേക്കും പോകാവുന്ന രണ്ടു വഴികളുടെ സംഗമസ്ഥാനമാണ് ഐ.സി.യു. വിവിധ രോഗികളുടെ ബന്ധുക്കളായ നിരവധി സ്ത്രീപുരുഷന്മാര്‍. സ്ത്രീകളുടെ മുഖത്ത് കരുവാളിച്ച ശോകം. ചിലരുടെ ശോകം ഉള്ളില്‍ നിന്ന്. ചിലര്‍ക്ക് അത് മുഖത്തുമാത്രം.

പുരുഷന്മാരുടെ മുഖങ്ങളില്‍ ഒന്ന് ശ്രദ്ധിക്കൂ. എല്ലാപേരുടെയും മുഖത്ത് സ്ഥായിയായ ദുഃഖഭാവം. മൂലയിലെ ടി.വി.യില്‍ ശബ്ദമില്ലാതെ ഓടുന്ന ഇന്ത്യാ-പാക്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിലാണ് പലരുടെയും കണ്ണുകള്‍. കളിയുടെ സാധ്യതകള്‍ മാറിമറിയുമ്പോള്‍ നിരാശയും സന്തോഷവും മിന്നിമറയുന്നത് മറച്ചു വയ്ക്കാന്‍ കണ്ണുകള്‍ക്ക്‌ മാത്രം കഴിയുന്നില്ല.

കളി ശ്രദ്ധിക്കാതെ കറങ്ങുന്ന ഫാനില്‍ നോക്കി എന്തോ ആലോചിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടോ? തന്‍റെ ആരുമല്ലാത്ത ഒരാളെ ഐ. സി.യൂവിലാക്കി കാവലിരിക്കുകയാണ് അയാള്‍. അയാളുടെ പേര് ഈ കഥയില്‍ പ്രശ്നമല്ല. അതുകൊണ്ട് തല്‍ക്കാലം 'അയാള്‍' , 'അയാള്‍' എന്ന് തന്നെ പറയാം.

'അയാള്‍', ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള  ഒരു കമ്പനിയിലെ അനേക അക്കൌണ്ടന്റുമാരില്‍ ഒരാള്‍ മാത്രം. മൂന്നുമാസമേ ആയുള്ളൂ ജോലിക്ക് ചേര്‍ന്നിട്ട്. വെയര്‍ഹൗസ് സെക്ഷനില്‍ ആണ്. ആദ്യദിവസം അറ്റന്‍ഡ്‌ രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ ഒരു പേര് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ചുവന്ന മഷിയില്‍ അനേക നാളുകളായി “ആബ്സന്‍റ്” എന്ന് അടയാളപ്പെടുത്തിയ പേര്, “മഹേഷ്‌”.

മഹേഷിന്‍റെ കസേര ദിവസങ്ങളോളം ഒഴിഞ്ഞു കിടന്നു. മറ്റുള്ളവരില്‍ നിന്ന് മഹേഷിനെക്കുറിച്ച് ചിലതൊക്കെ 'അയാള'റിഞ്ഞു. മഹേഷ്‌ തോന്നുമ്പോള്‍ കയറിവരും. ശമ്പളം ഒരിക്കലും തികച്ചു വാങ്ങാറില്ല. പിരിച്ചുവിടലിനുള്ള നടപടികള്‍ കമ്പനി തുടങ്ങിയെന്ന് പറഞ്ഞു കേള്‍ക്കുന്നു.

അപ്രതീക്ഷിതമായി ഒരാള്‍ ഒരു ദിവസം പതിനൊന്നുമണിക്ക് ഓഫീസില്‍ കയറിവന്നു. ആറടിയിലധികം ഉയരും. ഒഴിഞ്ഞകസേരയിലിരുന്ന്, പോക്കറ്റില്‍ നിന്ന് ചാവിയെടുത്തു ഡ്രോയര്‍ തുറന്നപ്പോള്‍ 'അയാള്‍ക്ക്' വന്നയാളെ മനസ്സിലായി. മഹേഷ്‌.

പുച്ഛഭാവത്തില്‍ സൂപ്രണ്ട് ഓടി വന്നു.

“പെന്ടിംഗ് ഒക്കെ ഇന്ന് തീര്‍ക്കണം. ഇനി ഒരു ആബ്സന്റ്റ്‌ മതി. വീട്ടിലിരിക്കാം.”

മറുപടി പറയാതെ മഹേഷ്‌ എണീറ്റ്‌ പുറത്തേക്ക്‌ പോയി. പിന്നെ ദിവസങ്ങളോളം തിരികെ വന്നില്ല.

ഒരു ദിവസം സൂപ്രണ്ട് 'അയാളെ' വിളിച്ചു, “ ഈ അഡ്രസ്‌ അറിയാമോ” 


'അയാള്‍' നോക്കി. മഹേഷിന്‍റെ അഡ്രസ്‌..; തന്‍റെ അതെ ലെയിനില്‍ താമസിക്കുന്നു. ചോദ്യഭാവത്തില്‍ അയാള്‍ സൂപ്രണ്ടിനെ നോക്കി.
“താന്‍ മഹേഷിന്‍റെ വീട്ടില്‍ പോണം. ഡിസ്മിസല്‍ ഓര്‍ഡര്‍ ഒപ്പുവാങ്ങി മഹേഷിന് കൊടുക്കണം. അയാള്‍ക്ക്‌ ടെര്‍മിനല്‍ ബെനിഫിട്സ് വേണമെങ്കില്‍ ബാക്കിയുള്ള പേപ്പേഴ്സിലും ഒപ്പിട്ടു തരാന്‍ പറ, വേണമെങ്കില്‍ മാത്രം”

'അയാള്‍' മഹേഷിന്‍റെ വീട്ടില്‍ വൈകുന്നേരം എത്തി. കതകു തുറന്ന മഹേഷ്‌ അപരിചിത ഭാവത്തില്‍ 'അയാളെ' നോക്കി. കട്ടിലിലും മേശയിലും കസേരയിലും ചിതറിക്കിടക്കുന്ന വസ്ത്രങ്ങള്‍., നിലത്ത് പാതികുടിച്ച കുറെ വാട്ടര്‍ ബോട്ടിലുകള്‍..


കവര്‍ തുറന്നു പേപ്പേഴ്സിലൂടെ മഹേഷ്‌ കണ്ണോടിച്ചു. അയാളുടെ പോക്കറ്റില്‍ നിന്ന് പേന വലിച്ചൂരി. ഒന്നോ രണ്ടോ പേപ്പറില്‍ ഒപ്പുകള്‍ ഇട്ടുകാണും. മഹേഷ്‌ കുഴഞ്ഞു വീണു.........

ടാക്സി അടുത്തുള്ള ആസ്പത്രി ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. മഹേഷ്‌ ഇപ്പോഴും അബോധാവസ്ഥയില്‍ 'അയാളുടെ' തോളില്‍ ചാരിക്കിടക്കുന്നു. ഇടയ്ക്കുണര്‍ന്ന മഹേഷ്‌ പറഞ്ഞു, “ റീജിയണല്‍ ഇന്സ്ടിട്യൂറ്റ്‌ ഓഫ് കാന്‍സറിലേക്ക് വണ്ടി വിട്ടോളൂ.”

'അയാള്‍ക്ക്' ആസ്പത്രിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. മഹേഷിനു രക്താര്‍ബുദമാണ്. കഴിഞ്ഞ നാലുവര്‍ഷമായി അയാള്‍ രക്തം മാറ്റലിലൂടെ ജീവിക്കുന്നു. ഇപ്പോള്‍ അവസാന നാളുകളില്‍.

തുടര്‍ന്ന് മൂന്ന് ദിവസം കൂടെ 'അയാള്‍' വൈകുന്നേരങ്ങള്‍ മഹേഷിനോടൊപ്പം ആസ്പത്രിയില്‍ ചിലവഴിച്ചു. ഇടയ്ക്കിടെ സംസാരിക്കുന്ന മഹേഷില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അയാള്‍ കൂട്ടി വായിച്ചു.

“ചെറുപ്പത്തില്‍ അമ്മ മരിച്ചു. രണ്ടാം വിവാഹം കഴിച്ച അച്ഛനോട് മാനസീകമായി അകന്ന മഹേഷ്‌ ജോലിയിലായതോടെ ശാരീരികവുമായി അകന്നു. ജോലി കിട്ടിയ ശേഷം ഒരിക്കല്‍ മാത്രം മഹേഷ്‌ നാട്ടില്‍ പോയി, തന്‍റെ ഭാഗം വസ്തു വില്‍ക്കുവാനായി. ഓഫീസിലും നാട്ടിലുമായി മഹേഷിന് ഒരാളുമായെ ബന്ധമുള്ളൂ, തന്റെ സഹപാഠിയായ  ഗോവര്‍ദ്ധനന്‍.; ഗോവര്‍ദ്ധനന്‍ അല്പം കൃഷിയും കുറെ പശുക്കളുമായി ജീവിക്കുന്നു. ഇടയ്ക്കിടെ ഗോവര്‍ദ്ധനന്‍ വരും. മൂന്ന് നാല് ദിവസം കൂടെ താമസിക്കും. ഇപ്പോള്‍ വന്നിട്ട് കുറെ നാളുകളായി.”

ആസ്പത്രി വിട്ടെങ്കിലും 'അയാള്‍' മഹേഷിനെ ഇടയ്ക്കിടെ സന്ദര്‍ശിക്കും. സ്നേഹമല്ല, സഹതാപം. പുണ്യത്തിനല്ല, അവഗണിച്ചാല്‍ അത് താന്‍ ചെയ്യുന്ന പാപമായി മാറുമോയെന്ന പേടി. ഓരോ സന്ദര്‍ശനത്തിലും മഹേഷ്‌ ഗോവര്‍ദ്ധനനെ കാണാനുള്ള ആഗ്രഹം ഉരുവിട്ടുകൊണ്ടേയിരുന്നു. 
ഒരു ദിവസം അയാള്‍ മഹേഷിന്‍റെ കിടക്കയില്‍ ചില പുസ്തകങ്ങള്‍ കണ്ടു. “സ്വപ്നവും മരണവും”, “ആത്മാക്കളായി കാക്കകള്‍”, “മരണത്തിന്‍റെ അടയാളങ്ങള്‍”. പുസ്തകങ്ങള്‍ എടുത്ത 'അയാളെ' നോക്കി മഹേഷ്‌ പറഞ്ഞു.

“തനിക്ക് ഇതിന്‍റെ ആവശ്യം ഇപ്പോള്‍ ഇല്ല. മരണം മുന്നില്‍ കാണുന്നവര്‍ക്കേ ഒരു ഫീല്‍ കിട്ടൂ. മരണം കാത്തുകിടക്കുന്നവന് കിട്ടുന്ന അടയാളങ്ങള്‍, കാണുന്ന സ്വപ്‌നങ്ങള്‍, ആത്മാവിനെക്കുറിച്ചുള്ള വേവലാതികള്‍ ...., നീ ഇതൊരിക്കലും വായിക്കുവാനിടയാകല്ലേ എന്ന് പ്രാര്‍ഥിക്കൂ.”
.............................................................................

ഇന്ന് രാവിലെ 'അയാള്‍ക്ക്‌' മഹേഷിന്‍റെ ഫോണ്‍ വന്നു. അസ്വാസ്ഥ്യം കൂടുതലാണ്. ഒന്ന് ആശുപത്രി വരെ കൂടെ ചെല്ലണം. വഴിയില്‍ വച്ച് ആസ്പത്രിയുടെ പേരെഴുതിയ, തുകയെഴുതാതെ ഒപ്പിട്ട ഒരു ചെക്ക് മഹേഷിന്‍റെ പോക്കറ്റിലിട്ടു. ഗോവര്‍ദ്ധനനെ കാണണമെന്ന ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചു.

പരിശോധന കഴിഞ്ഞയുടന്‍ മഹേഷിനെ ഐ.സി.യൂവിലേക്ക് മാറ്റി.
'അയാള്‍' ആസ്പത്രിയില്‍ വന്നിട്ട് മൂന്നുമണിക്കൂര്‍ കഴിഞ്ഞു. ഒന്നും കഴിച്ചിട്ടില്ല ഇതുവരെ.

“മഹേഷിന്‍റെ കൂടെ വന്ന ആള്‍ ആരാണ്?”

വിശപ്പും ആസ്പത്രിയില്‍ എത്ര നേരം തങ്ങേണ്ടിവരുമെന്നുള്ള വിഷമവും കാരണം 'അയാള്‍' ഗാഢചിന്തയിലായിരുന്നു. രണ്ടാമത്തെ ചോദ്യം മാത്രമാണ് അയാള്‍ കേട്ടത്.

“മഹേഷിന്‍റെ കൂടെ വന്ന ആള്‍ ആരാണ്?”

അയാള്‍ എണീറ്റ്‌  നഴ്സിനരികില്‍ ചെന്നു.

“മഹേഷിനെ ഐ.സി.യുവില്‍ നിന്ന് സി.സി.യുവിലേക്ക് മാറ്റാന്‍ പോകുന്നു.”
..................................................................

അയാള്‍, സി.സി.യു എന്നീ അക്ഷരങ്ങള്‍ വെട്ടിയെടുത്ത സണ്‍ പേപ്പറിലൂടെ മഹേഷിനെ ഒളിഞ്ഞു നോക്കി. ക്രമമായ കൃതൃമ ശ്വാസനിശ്വാസങ്ങള്‍., കണ്ണുകള്‍ മാത്രം ദ്രുതഗതിയില്‍ ചലിക്കുന്നു. ആ മനസ്സ് പ്രവര്‍ത്തനക്ഷമമെന്ന പോലെ.

ഹ....ഹ... 'അയാള്‍' ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോകും. നമുക്ക് 'അയാളെ' വിടാം. നിങ്ങളെ ഞാന്‍ വ്യത്യസ്തമായ ഒരു ലോകത്തേക്ക് കൊണ്ടുപോവുകയാണ്. അയാള്‍ പറഞ്ഞില്ലേ, മഹേഷിന്‍റെ കണ്ണുകള്‍ ദ്രുതഗതിയില്‍ ചലിക്കുകയാണെന്ന്? മഹേഷിന്‍റെ മനസ്സിലേക്ക് പോരുന്നോ എന്‍റെ ഒപ്പം. ആ മനസ്സിന് സമയകാല ബോധമില്ല. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ മനസ്സ് സഞ്ചരിക്കുമ്പോള്‍ സ്ഥലകാലബോധത്തിന്റെ നിയമങ്ങള്‍ ഒന്നും പരിപാലിക്കാറില്ല. 

നോക്കൂ ഇപ്പോള്‍ മഹേഷ്‌ എവിടെയാണെന്ന്.

കൊയ്ത്തുകഴിഞ്ഞ പാടം. അതില്‍ നാമ്പിട്ടു വരുന്ന നെല്‍ച്ചെടികളുടെ രണ്ടാം തളിരുകള്‍., സിംഹാസനം പോലുള്ള ഒരു പാറക്കല്ല്. അതില്‍ സൂര്യതേജസ്സോടെ ഗോവര്‍ദ്ധനന്‍. ഇരിക്കുന്നു. ഗോവര്‍ദ്ധനന്‍റെ ഒമ്പത് പശുക്കള്‍ അയാള്‍ക്ക് ചുറ്റിലുംനവഗ്രഹങ്ങള്‍ പോലെ.. മഹേഷ്‌ ഗോവര്‍ദ്ധനന്‍റെ പാദത്തിന് ചുവട്ടിലായ്‌ ഇരിക്കുന്നു. നെല്‍ച്ചെടികളുടെ കുറ്റികള്‍ അയാളെ കുത്തി നോവിക്കുന്നു. ഗോവര്‍ദ്ധനന്‍റെ മുമ്പില്‍ മഹേഷ്‌ ഒരു ശിഷ്യനെ പോലെ ഇരുന്നു. വിദൂരതയില്‍ നോക്കി ഗോവര്‍ദ്ധനന്‍ അമര്‍ത്തിമൂളി.

തുടര്‍ന്ന് പറയുവാനുള്ള അനുവാദമായി കണക്കാക്കി മഹേഷ്‌ തുടര്‍ന്നു.

ചില അടയാളങ്ങള്‍ എന്‍റെ മനസ്സിനെ വല്ലാതെ വ്യകുലനാക്കുന്നു. അവിചാരിതമായി പുറകില്‍ നിന്ന് പറന്നെത്തിമേലില്‍ കരിനിഴല്‍ വീഴ്ത്തി പറന്നകലുന്ന ഒരു വവ്വാല്‍; കുഴികളിലോചുവരിലോമരങ്ങളിലോ പതിക്കാതെ നിലത്ത് മാത്രം പതിക്കുന്ന എന്‍റെ നിഴലുകള്‍, ത്രിസന്ധ്യനേരങ്ങളില്‍ കാതില്‍ പതിച്ച് നിലച്ചു പോകുന്ന ഘടികാരത്തിന്‍റെ ഒച്ച.

മരണത്തിന്‍റെ കാലൊച്ചയാണെന്ന് നിങ്ങള്‍ ഭയക്കുന്നുഅല്ലെ?”

അതെ

ഈ അടയാളങ്ങള്‍ മാത്രം ഒരിക്കലും മരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നില്ല. നിന്‍റെ ഓര്‍മ്മകളില്‍ നില്‍ക്കുന്ന മരണങ്ങള്‍ മനസ്സില്‍ ആവാഹിക്കുക. ഇന്ന് മുതല്‍ നിങ്ങള്‍ വ്യത്യസ്തമായ സ്വപ്‌നങ്ങള്‍ കാണുവാന്‍ തുടങ്ങും. ആ സ്വപ്നങ്ങളുമായി നാളെ വന്നു എന്നെ കാണുക

സ്വപ്നങ്ങളില്‍ ഞാന്‍ തിരയേണ്ടത്.....

ഗോവര്‍ദ്ധനന്‍റെ കൈകള്‍ മഹേഷിനെ വിലക്കി. അയാള്‍ വിരല്‍ ഞൊടിച്ചു. ഒരു ഇലയും കടിച്ചു പിടിച്ചു ഒരു പശു വന്നു. ഇല കോട്ടി ഗോവര്‍ദ്ധനന്‍ പാത്രമാക്കിഅകിടിന് താഴെ വച്ചു. പശു നിറയെ പാല്‍ ചുരന്നു.  അരയില്‍ തിരുകിയ പോളിത്തീന്‍ കവറില്‍ നിന്ന് അയാള്‍ രണ്ടു ബന്നുകള്‍ എടുത്ത് പാലിലിട്ടു. പാല്‍ അപ്ര്യത്യക്ഷമായി. ബന്നുകള്‍ കടിക്കുമ്പോള്‍ ഒരു തുള്ളി പാലുപോലും നിലത്ത് വീണില്ല. ഇല പശുവിന് തിന്നാന്‍ കൊടുത്തു.

വായനക്കാരാ, ഇപ്പോള്‍ രംഗം മാറി. ഇപ്പോള്‍ മഹേഷ്‌ മരണങ്ങള്‍ ഓര്‍ത്ത് സ്വപ്നങ്ങള്‍ക്കായി  കട്ടിലില്‍ കാത്തുകിടക്കുന്നു. കണ്ടതും അറിഞ്ഞതുമായ പലരുടെയും മരണങ്ങള്‍ ഓരോന്നായി മനസ്സില്‍ കടന്നു വന്നു.  മഹേഷ്‌ മെല്ലെ മെല്ലെ നിദ്രയുടെ പിടിയിലായി. അയാളുടെ സ്വപ്നം നമുക്കും കൂടെ കണ്ടാലോ?

ഭ്രാന്തനായ  ഇളയച്ഛന്‍ തൊടിയിലെ കിണറ്റിന്‍കരയില്‍. വല്യൊരു വടത്തില്‍ കെട്ടിയ തൊട്ടി. തൊട്ടിക്കു ഇളയച്ഛനെക്കാള്‍ ഉയരം. പേടിച്ചു നോക്കി നിന്ന പതിനഞ്ചു വയസ്സുകാരന്‍ മഹേഷിനെ ഇളയച്ഛന്‍ വിളിച്ചു.

വാടാവന്നു കുളി.

തൊട്ടി കിണറ്റില്‍ താഴ്ത്തി  വെള്ളം കോരി വല്യ സിമന്റു തൊട്ടിയില്‍ ഒഴിച്ചു. സിമാന്റുതൊട്ടി നിറഞ്ഞു വെള്ളം പിന്നെയും ഒഴുകി.  തൊടിയില്‍ മുട്ടോളം വെള്ളം.

വാടാ വേഗം”  ഇളയച്ഛന്‍റെ ശബ്ദം ഭയങ്കര ഉച്ചത്തിലായിരുന്നു.  മഹേഷ്‌ വേച്ചുവേച്ച് നടന്നു. മുട്ടോളമുള്ള വെള്ളത്തിനു ഭയങ്കര ഒഴുക്ക്. വെള്ളം പിന്നിലേക്ക്‌ തള്ളുന്നു. മഹേഷ്‌ സിമന്‍റ് തൊട്ടിക്കരികില്‍.
തലകുളിയെടാ

ഇളയച്ഛന്‍  മഹേഷിന്‍റെ  തല സിമന്റു തൊട്ടിയിലെ വെള്ളത്തില്‍ താഴ്ത്തി... ശ്വാസം കിട്ടുന്നില്ല... ഇപ്പോള്‍ മരിക്കും. മഹേഷ്‌ കിടന്നു പിടഞ്ഞു.

മഹേഷിന്റെ മനസ്സിലെ രംഗം വീണ്ടും മാറുകയാണ്. വീണ്ടും മഹേഷ്‌ ഗോവര്‍ദ്ധനന്‍റെ അരികില്‍

ഇല്ല മഹേഷ്‌, ഈ സ്വപ്നം മരണത്തിലേക്കുള്ള ചൂണ്ടു പലകയല്ല. മരിച്ചവരില്‍ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരെ നീ കാണും. അവരുടെ പെരുമാറ്റം സൗമ്യമായിരിക്കും. സുഖമുള്ള ഒരു അനുഭൂതി  നിനക്ക് അനുഭവപ്പെടും.  ഒരു ക്ഷീണവുമില്ലാതെ  നീ ഉറങ്ങിയെനീക്കും. സ്വപ്നങ്ങളുമായി നീ നാളെ വാ.”

രംഗം വീണ്ടും മാറുകയാണ്. വീണ്ടും മഹേഷ്‌ സ്വപ്‌നങ്ങളെ കാത്തുകിടക്കുന്നു. സ്വപ്‌നങ്ങള്‍ അവനെത്തേടി എത്തുന്നില്ല.
ഗോവര്‍ദ്ധനന്‍റെ  അരികില്‍ മഹേഷ്‌.

മരണത്തിന് സൂചന തരാന്‍ കാക്കകള്‍ക്കാകും. വീടിനു തെക്ക് വശത്തായി ഏറ്റവും അടുത്തുള്ള ആല്‍മരത്തില്‍  ചേക്കേറുന്ന കാക്കകളെ നോക്കുക. അവയില്‍ നിന്‍റെ പൂര്‍വ്വീകരുടെ ആത്മാക്കളും കാണും. അവയില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ ലഭിക്കും.

നോക്കൂ, ഇപ്പോള്‍ മഹേഷ്‌ ആല്‍ത്തറയില്‍ ചേക്കേറുന്ന കാക്കകളെ നോക്കി നില്‍ക്കുയയാണ്.

ആല്‍മരത്തില്‍ ചേക്കേറാന്‍ കാക്കകള്‍ ബഹളമുണ്ടാക്കുന്നു. ബഹളമുണ്ടാക്കിക്കൊണ്ടിരുന്ന കൂട്ടത്തിലേക്ക്തലയില്‍ മുടിയില്ലാത്ത മൂന്നു ബലിക്കാക്കകള്‍ വടക്കുനിന്ന് പറന്നുവന്നു. പെട്ടെന്ന് കാക്കകള്‍ ബഹളം നിറുത്തി. ആ മൂന്നു കാക്കകള്‍ മൂന്നു കൊമ്പുകളില്‍ ചേക്കേറി. അവ ചേക്കേറിയ ശേഷം മറ്റു കാക്കകള്‍ ബഹളം പുനരാരംഭിച്ചു.  ചേക്കേറിയ കാക്കകളെ മഹേഷ്‌  മങ്ങിയ വെളിച്ചത്തില്‍ നോക്കിതന്നെ നോക്കുന്നുണ്ടോയെന്നറിയാന്‍. ഇല്ല, അവ മഹേഷിനെ ശ്രദ്ധിക്കുന്നേയില്ല.

മഹേഷിന് എല്ലാം സമസ്യയായി തോന്നി. വീണ്ടും ഗോവര്‍ദ്ധനന്‍റെ അരികിലേക്ക് എത്തിപ്പെടുന്നു.

ഒരു ഉത്തരത്തിനായി മഹേഷ്‌ ഗോവര്‍ദ്ധനനെ സാകൂതം നോക്കി.ഗോവര്‍ദ്ധനന്‍ ഒന്നും മിണ്ടിയില്ല. പശുക്കളുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി. പശുക്കള്‍ ഓരോന്നായി ഒരു പൊന്തക്കാട്ടിലേക്ക് ഓടിമറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ ഗോവര്‍ദ്ധനനെയും അവിടെ കണ്ടില്ല.

ഇപ്പോള്‍ മഹേഷ്‌ കിടക്കുന്നത് ആസ്പത്രിയിലെ കട്ടിലിലാണ്.

ഇപ്പോള്‍ മഹേഷ്‌  കണ്ണുകളടച്ച് കിടക്കുന്നു. ചിറകടിയൊച്ച കേട്ട് അയാള്‍  ഞെട്ടിയുണര്‍ന്നു. ഇന്നലെ കണ്ട അതേ മൂന്നു കാക്കകള്‍.  ജനാലക്കമ്പിയില്‍ നിന്നും പറന്നു താഴെയിറങ്ങി  നിലത്തിരുന്നു. അവ വളര്‍ന്നു വലുതായി.... അതിലൊരു കാക്ക മഹേഷിന്‍റെ അരക്കെട്ടിനെ കൊക്കിനുള്ളിലാക്കി ഉയര്‍ത്തി. നിലത്ത് ഇഴയുന്ന തലയും പാദങ്ങളെയും മറ്റു കാക്കകള്‍ കൊക്കിലാക്കി. അവ ചിരകടിച്ചുയര്‍ന്നു. ചുമരില്‍  തട്ടിയിട്ടും ചിറകടി നിര്‍ത്തിയില്ല. ചുമരില്‍ നിന്നും ഓരോ ഇഷ്ടികയായി നിലത്ത് വീഴാന്‍ തുടങ്ങി.......
............................................................................................................................................

മഹേഷിന്റെ കൂടെ വന്ന ആള്‍ ആരാണ്?”
മഹേഷിന്റെ കൂടെ വന്ന ആള്‍ ആരാണ്?”


ആ നഴ്സ് മഹേഷിന്റെ മരണ വാര്‍ത്ത അറിയിക്കാന്‍ ‘അയാളെ’ തേടുകയാണ്. ‘അയാള്‍’ ഭക്ഷണം കഴിഞ്ഞ് ഇപ്പോള്‍ മടങ്ങി വരും. പാവം 'അയാള്‍ക്ക്' ഇനിയും ഒരുപാടു ജോലികള്‍ ബാക്കി. ശവം നാട്ടിലെത്തിക്കണം. വസ്തുവിറ്റിട്ടു പോയെങ്കിലും മഹേഷിന്റെ അച്ഛന് മകന്‍റെ ശവം ഏറ്റുവാങ്ങാതിരിക്കാന്‍ പറ്റുമോ? അവന്റെ രണ്ടാനമ്മ അല്പം പ്രശ്നമുണ്ടാക്കും............

അപ്പോള്‍ ഞാനാരാണെന്ന് നിങ്ങള്‍ക്കറിയണം, അല്ലെ? ഞാന്‍ എല്ലായിടത്തും ഉണ്ട്. അല്ലെങ്കില്‍ ഒരിടത്തും ഇല്ല.