Thursday, April 18, 2013

കര്‍മ്മം


സമയം 7.30 am

കന്യാകുമാരി-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്‌ എക്സ്പ്രസ്സ്‌ താമ്പരത്ത്‌ എത്തി. 10.10 am- നുള്ള കൊല്‍കൊത്ത ഫ്ലൈറ്റ്‌ പിടിക്കണം.  ചെന്നൈ സെന്‍ട്രലില്‍നിന്ന് പ്രിപെയ്ഡ്‌ ടാക്സി പിടിക്കുന്നതിലും ലാഭമാണ്, താമ്പരത്ത്‌ നിന്നും ഇലക്ട്രിക്‌ ട്രെയിനില്‍ കയറി എയര്‍പോര്‍ട്ടിനടുത്തുള്ള “തൃശ്ശൂല" ത്തിറങ്ങി, എയര്‍പോര്‍ട്ടിലേക്ക് നടന്നു കയറുന്നത്. സമയപരമായും സാമ്പത്തികപരമായും.

അക്ഷമയോടെ ധൃതികൂട്ടി ഇറങ്ങുന്ന ആള്‍ക്കാരുടെ ഇടയിലൂടെ ഞാന്‍ എന്‍റെ വി.ഐ.പി. ട്രോളി വലിച്ചു കൊണ്ട് വേഗത്തില്‍ നടന്നു. നിരപ്പല്ലാത്തയിടങ്ങളില്‍ ട്രോളി വല്യ ഒച്ചയുണ്ടാക്കി.

എണ്‍പതു കഴിഞ്ഞ ഒരമ്മൂമ്മ പ്ലാറ്റ്ഫോമില്‍ ഇരുന്നു കൈ നീട്ടുന്നുണ്ടായിരുന്നു. വേഗത്തില്‍ നടന്നു നീങ്ങുന്നവര്‍ക്ക് അവര്‍ വല്ലാതെ തടസ്സം സൃഷ്ടിക്കുന്നുണ്ടായിരുന്നു. അവരെ അവഗണിച്ചു മുന്നോട്ടുനടന്ന എന്‍റെ മനസ്സിന്‍റെ തിരയില്‍, അവരുടെ ഒഴിഞ്ഞ കയ്യും, ദയനീയമായ മുഖവും വ്യക്തമായി പതിഞ്ഞപ്പോള്‍ ഞാന്‍ പതിനഞ്ചോളം ചുവടുകള്‍ മുന്നോട്ടു പൊയ്ക്കഴിഞ്ഞിരുന്നു. എങ്കിലും ഞാന്‍ തിരികെ നടന്നു. ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്ന് കയ്യില്‍ കിട്ടിയ നാണയത്തുട്ടുകളെടുത്ത് ഞാന്‍ അവരുടെ കയ്യില്‍ വച്ചു. 

വീണ്ടും ട്രോളിയുമായി മുന്നോട്ട്.

പത്ത് ചുവടുകള്‍ കഴിഞ്ഞ് ഒന്നുകൂടെ തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്കായില്ല. കിട്ടിയ തുട്ടുകള്‍ ആര്‍ത്തിയോടെ മടിശ്ശീലയില്‍ ഒളിപ്പിച്ച് വീണ്ടും വെറും കൈ നീട്ടുന്ന സാധാരണ വൃദ്ധയാചകരുടെ പ്രവൃത്തിയാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ ആ കൈ മടക്കാതെ അങ്ങനെ വായുവില്‍ നിവര്‍ന്നു തന്നെയിരുന്നു. ദാക്ഷിണ്യം കാണിക്കാന്‍ അദൃശ്യനായ ദൈവത്തിനു അര്‍പ്പിക്കുന്ന കാണിക്ക പോലെ.

വീണ്ടും അവരുടെ അടുത്തേക്കെത്തി എന്തെന്ന് തിരക്കാനുള്ള കൌതുകം എനിക്കുണ്ടായി.

എന്ന അമ്മാ, എന്നാച്ച്? തുട്ട് കമ്മിയാ?”


അവര്‍ മടിശ്ശീല തപ്പി പത്തിന്റെയും ഇരുപതിന്റെയും കുറെ നോട്ടുകള്‍ എടുത്ത് എന്റെ നേരെ നീട്ടി.

“മകനേ, ഒരു തിരുച്ചി ടിക്കറ്റ്‌ എടുത്ത് കൊടപ്പാ”

മുഷിഞ്ഞ നോട്ടുകളിലെ നിരവധി മടക്കുകള്‍. നിവര്‍ത്തിയാല്‍ ഒരു പക്ഷെ കഷണങ്ങള്‍ ആകാം. അവ പരസ്പരം വല്ലാതെ ഇഴുകി ചേര്‍ന്നിരിക്കുന്നു. രസതന്ത്രമോ ഭൌതീക ശാസ്ത്രമോ ഇനിയും നിര്‍വചിക്കാത്ത ഏതോ “ബോണ്ട്‌” ആ നോട്ടുകള്‍ തമ്മില്‍  പരിപാലിക്കുന്നുവെന്നു തോന്നി.പണ്ടെന്നോ ഒന്നൊന്നായി കടന്നുവന്ന് അവരുടെ മടിശ്ശീലയില്‍ അധിനിവേശം സ്ഥാപിച്ചെടുത്തിരിക്കുന്നു.

അവര്‍ നീട്ടിയ കാശിനു അവര്‍ കല്‍പ്പിക്കുന്ന മൂല്യം എന്തായിരിക്കും? കാശ് എന്നും ആപേക്ഷികമാണ്. സ്നേഹത്തെക്കാള്‍ സത്യത്തെക്കാള്‍ ആപേക്ഷികം. കൈമാറ്റങ്ങളുടെ തോത് അളക്കാന്‍ മാത്രം മുദ്രണം ചെയ്യപ്പെട്ട അയാഥാര്‍ത്ഥ്യങ്ങളായ അക്കങ്ങള്‍ , കൊടുക്കുന്നവന്റെ ഉദാരതയിലും വാങ്ങുന്നവന്റെ ആവശ്യകതയിലും അവര്‍ക്ക് തന്നെ അനുഭവപ്പെടുന്ന വ്യത്യസ്ത മൂല്യങ്ങള്‍ ,. സംഭാവന പിരിക്കാന്‍ വരുന്നവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ട കൃത്യമായ സംഖ്യ എത്ര? കല്യാണത്തിനു കൊടുക്കേണ്ട സമ്മാനം കൃത്യമായി എത്ര രൂപയുടെതായിരിക്കണം? 

എവിടെ നിന്ന് വരുന്നു എന്നറിയാത്ത, എവിടെ പോകുന്നുവെന്നറിയാത്ത, എന്റെ നേര്‍ക്ക്‌, ഉള്ള സമ്പാദ്യം മൊത്തം നീട്ടാന്‍ ആ അമ്മയെ പ്രേരിപ്പിച്ചതെന്താണ്? കത്തുന്ന വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതുകളില്ലാത്തപ്പോള്‍ ശരീരം സ്വയം അഗ്നിക്ക് സമര്‍പ്പിക്കുന്ന ഒരാളുടെ നിസ്സഹായത. കഴുമരത്തില്‍, കറുത്ത തുണിയിലെ അന്ധകാരത്തില്‍, കുരുങ്ങുന്ന കയറിനെ മാത്രം പ്രതീക്ഷിക്കുന്ന കുറ്റവാളിയുടെ നിസ്സഹായത. മനുഷ്യന്‍ സഹജീവിയെ സംശയിക്കതിരിക്കുന്നത് രണ്ടു സന്ദര്‍ഭങ്ങളിലാണ്. ആര്‍ക്കും തന്നെ എന്തും ചെയ്യാമെന്ന നിസ്സഹായത. അല്ലെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാനൊക്കില്ല എന്ന പൂര്‍ണ്ണ ധാര്‍ഷ്ട്യം.

ഈ നിസ്സഹായത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

“സാര്‍ , എന്റെ കാശൊക്കെ പോക്കറ്റടിച്ചു, ഒന്ന് ഏറണാകുളം വരെ പോകണം. ഒരു നൂറുരൂപ തരാമോ” എന്ന് സ്ഥിരം നമ്പരുമായി അലയുന്ന, ചെറുകിട തട്ടിപ്പുകാരുടെ നിരവധി അനുഭവം കണ്ടുമടുത്ത എനിക്ക് നേര്‍വിപരീതമായിരുന്നു, ഈ അനുഭവം.

“ കൂട, യാരുമില്ലയാ, അമ്മാ. എതുക്ക് തിരുച്ചി പോണം?”

പല്ലില്ലാത്ത മോണകള്‍, അവര്‍ക്ക് താടിയെല്ലുകള്‍ ഇല്ലെന്നപോലെ ചേരുകയും വികസിക്കുകയും ചെയ്തു. കണ്ണീരില്ലാത്ത കണ്ണില്‍ കണ്ണീരിനെക്കാള്‍ വല്യ ദുഃഖം പ്രകടമായിരുന്നു. വികൃതമായ വിതുമ്പലുകളില്‍ അവര്‍ പറഞ്ഞു.

“എനക്കാരുമില്ല, യാരും.”

“അഴാതീങ്കമ്മാ. ടിക്കറ്റ്‌ നാന്‍ എടുത്തു താരേന്‍. ആനാ സൊല്ലുങ്ക, എതുക്ക് തിരുച്ചി പോണം?”

“ മധുരയില ഇരുന്തു കണ്ണാപ്പറേഷനുക്ക് തിരുച്ചി വന്തേന്‍,  ഇടം തെരിയല, ഇങ്ക വന്ത് ഇറങ്കിട്ടെന്‍, ഒരു ടിക്കറ്റ്‌ എടുത്തു കൊടപ്പാ”

ഞാന്‍ നില്‍ക്കുന്നത് പ്ലാറ്റ്ഫോം നമ്പര്‍ അഞ്ച്. ഈ ട്രോളിയുമായി ഓവര്‍ബ്രിഡ്ജ് കയറി സ്റ്റേഷന്‍റെ പുറത്തിറങ്ങി ടിക്കറ്റെടുത്ത്  തിരിച്ചു ട്രോളിയുമായി തിരികെ വരുന്നത് പ്രയോയികമല്ല.

നിസ്സഹായനായി ഞാന്‍ ചുറ്റും കണ്ണോടിച്ചു. അടുത്ത് കണ്ട കൂലിയുടെ കണ്ണില്‍ എന്റെ നോട്ടം ഉടക്കിയപ്പോള്‍ അയാള്‍ അടുത്തെത്തി. തലയില്‍ തോര്‍ത്ത്‌ വട്ടം കെട്ടി ട്രോളിയിലേക്ക് പ്രതീക്ഷയോടെ നോക്കി.

“അണ്ണാ, ഇങ്കയിരുന്തു ഒരു തിരുച്ചി ടിക്കറ്റ്‌ എവ്വളവ്?”

“തൊണ്ണൂറു റൂപാ”

ഞാന്‍ നൂറ്റമ്പത് രൂപ അയാളുടെ നേരെ നീട്ടി.

“ഇന്തമ്മാവുക്ക് ഒരു തിരുച്ചി ടിക്കറ്റ്‌ എടുത്തു കൊടുങ്ക. മീതി നീങ്കളെ വയ്യുങ്ക”

അയാളത് ശ്രദ്ദിക്കാതെ അമ്മൂമ്മയുടെ അരികിലേക്ക് നീങ്ങി.

“ എന്നാ കെളവീ, കാലയില അഞ്ച് മണിയില ഇരുന്ത് ഉക്കാര്‍റാ, ന്നാ വെഷയം”

അയാളുടെ ചോദ്യം എനിക്ക് വളരെ അരോചകമായി. അഞ്ചുമണി മുതല്‍ അവര്‍ അവിടെ ഇരിക്കുന്നത് അയാള്‍ക്കറിയാം. ഇത് വഴി കടന്നുപോയ ആയിരക്കണക്കിന് ആള്‍ക്കാരില്‍ ആരുടെ ദയാവായ്പും ഇവരുടെ മേല്‍ പതിയാത്തതെന്ത്? ഇവന്‍ ടിക്കറ്റ്‌ എടുത്തു കൊടുക്കുമെന്നു എന്താ ഉറപ്പ്? കാശ് നീട്ടിയയുടന്‍ ഇയാള്‍ വാങ്ങിയുമില്ല. അപ്പോള്‍ കാശിനോട് അത്ര ആര്‍ത്തിയുള്ളവനുമല്ല.  അയാളെ അവിശ്വസിക്കാന്‍ തന്നെ എന്റെ മനസ്സ് തീരുമാനിച്ചു. ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“ഒണ്ണുമേ വേണ്ടാം, നീങ്ക പൊങ്കണ്ണേ”

“ബാഗ്‌ നാന്‍ തൂക്കുരേന്‍ സാര്‍, അമ്പത് കൊടുങ്ക”

“ഒരു പുണ്ണാക്കും വേണാം”

ഞാന്‍ ആ അമ്മയുടെ അടുത്തേക്ക് പോയി.

“ഇങ്കേ ഇരുങ്ക, നാന്‍ ടിക്കട്ടുടന്‍ വാരേന്‍”

ട്രോളിയുമായി പടിക്കെട്ടുകള്‍ കയറവേ ഞാന്‍ വല്ലാതെ കിതച്ചു. മുകളിലെത്തി. ഇതുമായി ഇറങ്ങി.... പുറത്തു കടന്നു... വീണ്ടും കയറി, പിന്നെയും ഇറങ്ങി.... എനിക്കാവില്ല.

കയറ്റങ്ങള്‍ ഒരു പരിധിവരെ അനായാസമാണ്. ഇറക്കങ്ങളാണ് കഷ്ടം. ട്രെക്കിങ്ങില്‍ പലതവണ പങ്കെടുത്ത അനുഭവം. മലയിറങ്ങുമ്പോള്‍ കാല്‍മുട്ടിന് താഴെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ തോന്നും. അധികം ദൂരമായാലും, അധികം ഭാരമായാലും. ജീവിതത്തിലും ഇറക്കങ്ങള്‍ ആണ് കഷ്ടം. ആയുസ്സിന്റെ പടിയിറങ്ങുമ്പോള്‍, ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ ......

ഓവര്‍ബ്രിഡ്ജില്‍ കണ്ട ലോക്കല്‍ യാത്രക്കാരനെന്നുറപ്പുള്ള ഒരാളോട് ചോദിച്ചു.

“ക്ലോക്ക്‌ റൂം എങ്കെ, അണ്ണേ”

“ഇങ്ക ക്ലോക്ക്‌ റൂം കിടയാത്”

ഇനി ഒറ്റ ആശ്രയം റിട്ടയറിംഗ് റൂം. ക്ലോക്ക്റൂമിന്റെ പത്തിരട്ടി ചാര്‍ജ് കൊടുക്കണം. കൊടുത്ത കാശ് മുതലാക്കി ഒന്നു ഫ്രഷ്‌ ആകുവാന്‍ സമയവുമില്ല. റിട്ടയറിംഗ് റൂമില്‍ സാധനവും വച്ച് ഞാന്‍ ടിക്കറ്റ്‌ കവുണ്ടറിലേക്ക് നീങ്ങി. ഭാഗ്യം അധികം കൂട്ടമില്ല. “തിരുച്ചിക്കുള്ള” സെക്കന്റ് ക്ലാസ്‌ ടിക്കറ്റുമായി തിരികെ പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചിലെത്തി. അവര്‍ ഇരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല.

പെട്ടെന്ന് തന്നെ അല്പം അകലെ ആയി നിരങ്ങി നീങ്ങുന്ന അവരെ ഞാന്‍കണ്ടു. ഞാന്‍ തിരികെ വരുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. ടിക്കറ്റ്‌ വാങ്ങുമ്പോഴും അത് ലഭിച്ചുവെന്ന വിശ്വാസം അവരുടെ കണ്ണില്‍ കണ്ടില്ല..

അവര്‍ ടിക്കറ്റുമായി നിരങ്ങി നീങ്ങിക്കൊണ്ടേ ഇരുന്നു.

സമയം 8.10 am. ഇലക്ട്രിക്‌ ട്രെയിന്‍ പിടിച്ച് എയര്‍പോര്‍ട്ടില്‍ കയറാന്‍ 
20മിനിറ്റ്‌. അല്പം ലേറ്റ് ആയി.

പെട്ടെന്ന് തോളില്‍ ഒരു കൈ അമര്‍ന്നു.

രാവിലെ കണ്ട കൂലി.

“ഡേയ്, മവനെ, പാട്ടിയെ ഇങ്ക തള്ളീട്ടു എങ്കടാ പോറ, വകുന്തിടും, തൂക്കീട്ടു പോടാ.”

ലഗ്ഗേജ് എടുക്കാന്‍ വിടാത്ത ചൊരുക്കാണോ അവന്റെ പൌരധര്‍മ ബോധാമാണോ അതോ അവനെ അവിസ്വസിച്ച കലിയാണോ അതെന്നു എനിക്ക് മനസ്സിലായില്ല.

“വരുവാങ്ക കോട്ടും സൂട്ടും പോട്ട്, വയതാനാ വീട്ടില വൈത്ത് കപ്പാത്തണം ഡാ നായെ”

എങ്കിലും ഞാന്‍ അലറി.

“ഡോണ്ട് പ്ലേ ബ്ലഡി ബ്ലെയിമിംഗ് ഗെയിം വിത്ത്‌ മി, യു ബാസ്റ്റാര്‍ഡ്”

ആംഗല ഭാഷക്കും ഓര്‍ക്കാപ്പുറത്തെ അടിക്കും ഒരു പ്രയോജമുണ്ട്. ഒന്ന് ശത്രുവിനെ മാനസീകമായി തളര്‍ത്തും. മറ്റേതു ശാരീരികമായി.

അയാള്‍ പകച്ചുനിന്ന കണങ്ങള്‍ മുതലാക്കി ഞാന്‍ പടികള്‍ ഓടിക്കയറി. വിശ്വസിച്ചു കുറേപ്പേര്‍ ഇവനോടൊപ്പം ചേര്‍ന്നാല്‍ പറഞ്ഞു മനസ്സിലാക്കി രക്ഷപ്പെടാനുള്ള സമയം എന്റെ പക്കല്‍ ഇല്ല.

ആ ഓട്ടത്തിനിടയിലും ഞാനോര്‍ത്തു. അവര്‍ എങ്ങനെ തിരുച്ചിക്കുള്ള ട്രെയിന്‍ കണ്ടു പിടിക്കും. അവര്‍ക്ക് പോകേണ്ട ട്രെയിന്‍ അതേ പ്ലാറ്റ്ഫോമില്‍ ആണോ വരിക. നിരങ്ങി നീങ്ങുന്ന അവര്‍ എങ്ങനെ ട്രെയിനിനുള്ളില്‍ കയറും. അഥവാ കയറിയാലും എങ്ങനെയിറങ്ങും. മധുരയില്‍ സൌജന്യ നേത്ര ചികില്‍സ ക്യാമ്പില്ലേ? അവര്‍ തിരുച്ചിയില്‍ ക്യാമ്പ്‌ ഉള്ള കാര്യം എങ്ങനെ അറിഞ്ഞു.
                                    
ഇവിടെ ഈ കഥ അവസാനിക്കുന്നു....................


തുടര്‍ വായനയെ കഥയുമായി ബന്ധപ്പെത്തുകയോ, അവഗണിക്കുകയോ ചെയ്യുന്നത് വായനക്കാരന്‍റെ ഔചിത്യത്തിനു വിടുന്നു.


   ********************************
ബോര്‍ഡിംഗ് പാസ്സുമായി നടന്ന ഞാന്‍ എയര്‍പോര്‍ട്ടിലെ പുസ്തകക്കടയില്‍ ഒന്ന് കയറി. ഒരു ഫ്രെണ്ട് പറഞ്ഞതാണ്, “സീരിയസ് മെന്‍” ഒന്ന് വായിച്ചു നോക്കാന്‍. ശാസ്ത്രകാരന്മാരുടെ ലോകത്തില്‍ നിന്നും ആരും പറയാത്ത കഥ. ആരും നടക്കാത്ത വഴി. അതിശയിപ്പിക്കുന്ന വാസ്തവീകത. റാക്കില്‍ നിന്നും ഞാന്‍ തപ്പിയെടുത്തു. ഒപ്പം ഒരു മലയാള പത്രവും.

ബോര്‍ഡിംഗ് കോള്‍ പ്രതീക്ഷിച്ച്, ഒഴിഞ്ഞ കസേരയില്‍ ഇരുന്നു പത്രം നിവര്‍ത്തി. ആദ്യം ശ്രദ്ധിച്ചത് ഒരു കോളം-വാര്‍ത്ത. നടുറോഡില്‍  അപകടത്തില്‍ മരിച്ച ഭാര്യയുടെയും ഒന്‍പതുമാസം പ്രായമുള്ള മകളുടെയും ശവങ്ങള്‍ക്ക് കാവലിരിക്കുന്ന ഭര്‍ത്താവിന്റെയും നാല് വയസ്സുകാരന്‍ മകന്റെയും ചിത്രം. മണിക്കൂറുകളോളം നിര്‍ത്താതെ പോകുന്ന വണ്ടികള്‍.”

ഒരിക്കല്‍, ഇന്റര്‍വ്യൂവിനു നേരിട്ട ഒരു ചോദ്യം ഓര്‍മ്മ വന്നു.

“ വളരെ അത്യാവശ്യമായ ഒരു ഔദ്യോഗിക ആവശ്യത്തിന് നിങ്ങള്‍ പോകുന്നു. വഴിയില്‍ അപകടത്തില്‍ പെട്ട് ചോരവാര്‍ന്നു കിടക്കുന്ന ഒരാളെ നിങ്ങള്‍ കാണുന്നു. അയാളെ ആശുപത്രിയില്‍ എത്തിക്കുമോ? നിങ്ങളില്‍ വിശ്വസിച്ചു ഏല്‍പ്പിച്ച ഔദ്യോഗിക കര്‍മ്മം നടപ്പിലാക്കുമോ?”

ഔദ്യോഗിക കാര്യത്തിന് ഒരു പുനവസരം ലഭിക്കാം. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ ഒരു അവസരമേ ഉള്ളൂ എന്ന ഉത്തരം തെറ്റിയതുകൊണ്ടാണോ ജോലി ലഭിക്കാത്തതെന്ന് എനിക്കറിയില്ല.

എന്റെ ഫ്ലൈറ്റിന്‍റെ ബോര്‍ഡിംഗ് കോള്‍ എന്നെ ഉണര്‍ത്തി. ഞാന്‍ എണീറ്റ്‌ മെല്ലെ നടന്നു...
(നന്ദി........ പ്രദീപ്‌ മാഷ്‌)

49 comments:

 1. നന്മ മനസ്സില് സൂക്ഷിക്കുന്നവർക്കായി ...
  സന്തോഷം താങ്കളുടെ മടങ്ങിവരവിൽ .. ആശംസകൾ

  ReplyDelete
  Replies
  1. ആദ്യ വായനക്കും സ്നേഹത്തിനും നന്ദി

   Delete
 2. മനുഷത്വം നശിച്ചിട്ടില്ല .......
  നല്ല എഴുത്ത്

  ReplyDelete
  Replies
  1. ഒരുപാട് നന്ദി നിധീഷ്‌

   Delete
 3. ഇടവേളക്ക് ശേഷം നല്ലൊരു കഥയുമായി വന്നു.അത് നന്നായി അവതരിപ്പിച്ചു.ആശംസകള്‍

  ReplyDelete
  Replies
  1. പഴയ സുഹൃത്തിനെ കണ്ടതില്‍ വളരെ സന്തോഷം

   Delete
 4. എഴുത്ത് മറന്നിട്ടില്ല... :)
  ഈ തിരിചുവരവിനു ആശംസകൾ ...

  ReplyDelete
 5. എന്തേ കാണാത്തെ എന്ന് ഓര്‍ത്തിരിക്കുകയായിരുന്നു ഞാനും.
  കണ്ടപ്പോള്‍ സന്തോഷം.
  മാനവധര്‍മം നന്മചെയ്യും കര്‍മ്മം.
  നന്നായി
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന്‍ ചേട്ടന്‍ സ്വന്തം ചേട്ടനല്ലേ.... സ്നേഹത്തിന് നന്ദി

   Delete
 6. വലിയൊരു ഇടവേളക്കുശേഷം സാറിന്റെ ലളിതസുന്ദരമായ മലയാളം വായിക്കുന്നു....
  താഴെയുള്ള ലേബല്‍ നോക്കുന്നതുവരെ താംബരം സ്റ്റേഷനില്‍വെച്ചുണ്ടായ സ്വന്തം അനുഭവം എന്നാണ് കരുതിയത്...
  ഉയര്‍ത്തിയത് വലിയൊരു ചോദ്യമാണ് - അപകടത്തില്‍ നിസ്സഹായനായ സഹജീവിയെ അവഗണിച്ച് സ്വന്തം കാര്യം നോക്കി നിങ്ങള്‍ നടന്നു പോവുമോ.....

  കഥയിലെ കഥാപാത്രത്തിന്റെ മനസ്സുള്ളവര്‍ ഇന്ന് വളരെ വിരളമാണ്...

  - കഥ പ്രസരിപ്പിക്കുന്നത് നന്മയുടെ സന്ദേശം.അവര്‍ തിരുച്ചിയില്‍ ക്യാമ്പ്‌ ഉള്ള കാര്യം എങ്ങനെ അറിഞ്ഞു.എന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കില്‍ കഥ ഒന്നുകൂടി നന്നായേനെ. മറ്റുള്ളതെല്ലാം വായനക്കാര്‍ക്ക് വിട്ടുകൊടുക്കാമായിരുന്നു

  ReplyDelete
  Replies
  1. മാഷിന്‍റെ ഈ വായനക്ക് സലാം.

   സത്യം മറച്ചു വക്കുന്നില്ല. സ്വന്തം അനുഭവം തന്നെയാണ്. കഥ. കുറെ പൊടിപ്പും തൊങ്ങലും ഉണ്ട്. വേറൊരു ഡയമെന്‍ഷന്‍ കൊടുക്കാന്‍ നോക്കി
   ഇലക്ട്രിക് ട്രെയിനില്‍ കയറി പോകുമ്പോള്‍ അവര്‍ മറ്റൊരാളോട് യാചിക്കുന്നു, " തിരുച്ചിക്ക് ഒരു ടിക്കറ്റ്‌ അപ്പാ"

   ടിക്കറ്റ്‌ കൊണ്ട് അവരെന്തു ചെയ്യാന്‍?

   പക്ഷെ, അവരുടെ ലക്‌ഷ്യം കാശ് അല്ല. പിന്നെ എനിക്ക് അവരുടെ ആത്മാര്‍ത്ഥതയില്‍ സംശയം ഇല്ല. അവിടെ അവസാനിചെങ്കില്‍ അവരുടെ സത്യം ചോദ്യചെയ്യപ്പെടും. അവിടെ നിര്‍ത്തി വെട്ടി എഴുതി എഴുതി ഇങ്ങനെ ആയി

   Delete
  2. മാഷെ
   എക്സല്ലന്റ്റ്
   ഞാന്‍ ഉടനെ ആ തിരുത്ത് കൊടുക്കുന്നു.
   ഒരായിരം നന്ദി

   Delete
 7. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തതാണ് ഇന്നത്തെ ജീവിതം. അത് അവരവര്‍ക്ക് തോന്നുന്ന രീതിയില്‍ എന്ത് ഉത്തരവും നല്‍കി സ്വന്തം ജീവിതം സംരക്ഷിക്കുക സുരക്ഷിതമാക്കുക എന്നായിത്തീര്‍ന്നിരിക്കുന്നു.
  എന്തൊക്കെ സഹായം ചെയ്യുമ്പോഴും അത് പൂര്‍ണ്ണമാക്കാന്‍ കഴിയുന്നില്ല എന്നൊരു നിരാശ ബാധിക്കാതെ തിരിക്കാന്‍ കഴിയാത്ത അവസ്ഥ മറ്റൊരു വശത്ത്....
  കഥ നന്നായി.

  ReplyDelete
  Replies
  1. സാറേ,

   ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇപ്പോള്‍ വന്നു, ആ കാല്‍ എവിടെ?

   Delete
 8. നല്ലൊരു സന്ദേശം

  ReplyDelete
 9. സുന്ദരമായൊരു സന്ദേശം
  അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയതാണെന്നറിഞ്ഞപ്പോള്‍ മാറ്റ് കൂടിയതുപോലെ

  “ജീവിതത്തില്‍ ഇറക്കങ്ങളാണ് പ്രയാസം” എത്ര സത്യം

  (ബ്ലോഗുകള്‍ ഓരോന്നും നോക്കുമ്പോള്‍ “പൊട്ട”നെന്നൊരു ബ്ലോഗര്‍ ഉണ്ടായിരുന്നല്ലോ എന്ന് കഴിഞ്ഞ ഒരു ദിവസം ആലോചിച്ചിരുന്നു. എവിടെയോ അജിത്തിന്റെ ഒരു കമന്റ് കണ്ടപ്പോഴാണങ്ങനെ ഓര്‍ത്തത്.)

  ReplyDelete
  Replies
  1. നന്ദി അജിത്‌
   ഞാന്‍ അകന്നു നിന്നുവെങ്കിലും അറിയാതെ അജിത്തിനെ പിന്തുടരുന്നുണ്ടായിരുന്നു.
   നിങ്ങള്ക്ക് എഴുത്തില്‍ ഒരു ക്ലാസ്‌ ഉണ്ട്, കേട്ടാ

   Delete
 10. ഡാഷ്ബോർഡിൽ 'പൊട്ടൻ' എന്നു കണ്ടപ്പോൾ ആലോചിക്കുകയായിരുന്നു ഇതാരാണെന്ന്. ഇവിടെയെത്തിയപ്പോഴാണോർമ്മ വന്നത്. നീണ്ട ഇടവേളയായല്ലോ മാഷേ. എന്നാലും മനസ്സിനെ തൊടുന്ന കഥയ്ക്ക് ആശംസകൾ.

  ReplyDelete
  Replies
  1. പഴയ കൂട്ടുകാരെ കാണുമ്പൊള്‍ വല്ലാത്ത സന്തോഷം

   Delete
 11. നന്നായി എഴുതി. ചുറ്റുവട്ടത്ത് ഇത്തരം സംഭവങ്ങൾ നിത്യവും അരങ്ങേറുന്നു . ചിലപ്പോൾ വഴിയരികിൽ കൈ നീട്ടുന്ന ഒരു വൃദ്ധയെ കാണുമ്പോൾ തോന്നും - എത്രയോ കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ കടന്നാവും അവർ അവിടെ എത്തിയത് എന്ന് .
  ആശംസകൾ

  ReplyDelete
  Replies
  1. മാഷെ,

   ഈ ഒരു ആസ്പെക്റ്റ്‌ കഥയില്‍ വരുത്തണമെന്ന് തോന്നി. വരികള്‍ക്കിടയില്‍ വായിച്ചതിനു നന്ദി.

   Delete
 12. വളരെ മനോഹരമായിരിയ്ക്കുന്നു ആഖ്യാനവും കഥാതന്തുവും. ആശംസകള്‍ ....

  ReplyDelete
  Replies
  1. വിനോദിന്റെ നല്ല വാക്കുകള്‍ക്കു നന്ദി.

   Delete
 13. ithu kadhayaayi vaayichu thallanaavunnilla.. anubhavamennu veiswasikkanaanu ishtam.

  ReplyDelete
  Replies
  1. ഇതില്‍ കഥയും അനുഭവവും ഉണ്ട്.
   നന്ദി ടീച്ചര്‍

   Delete
 14. ഈ മണ്ടന് കൂട്ടായുള്ള പൊട്ടനെങ്ങ് പോയി
  എന്നോർത്തിരുക്കുമ്പോൾ , നല്ലൊരു രചനാ വൈഭവത്തോട്
  കൂടി ,നല്ലയൊരു സന്ദേശം കൂടി ഉൾക്കൊള്ളിച്ച് വീണ്ടും ബൂലോഗത്ത്
  പ്രത്യക്ഷമായതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്

  ReplyDelete
  Replies
  1. ബിലാത്തി വിശേഷങ്ങള്‍ മനസ്സില്‍ തങ്ങി നിന്ന വായന ആയിരുന്നു.... ഒന്ന് ഞാന്‍ നോക്കട്ടെ പുതിയ വിശേഷങ്ങള്‍

   Delete
 15. ഇങ്ങളെ എനിക്ക് പെരുത് ഇഷ്ടായിട്ടോ

  ReplyDelete
  Replies
  1. അന്റെ പുയിയ ചങ്ങാതി, നന്ദി

   Delete
 16. ലളിതമായി പറയുന്ന കഥ വായനയില്‍ ഒട്ടും ആയാസം സൃഷ്ടിക്കുന്നില്ല.. വായന കഴിഞ്ഞേ ഞാന്‍ കണ്ണുകള്‍ മോണിറ്ററില്‍ നിന്ന് പിന്‍വലിച്ചുള്ളൂ.. ജീവിതത്തിലെ ചില അനുഭവങ്ങളില്‍ നിന്ന് കണ്ടെടുക്കുന്ന കഥകള്‍ അതിന്റെ വൈകാരികത കുറയാതെ വായനക്കാരനിലെത്തിക്കാനുള്ള കഥാകൃത്തിന്റെ കഴിവ് ഇവിടെ അനുഭവിച്ചറിയുന്നു.ചെറിയൊരു സഹായത്തിനിടയില്‍ പോലും അതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്ന പ്രതിസന്ധികള്‍ ഏറെ തന്മയത്തത്തോടെ വിവരിച്ചു.
  കഥയില്‍ രണ്ടാമതൊരു ഭാഗം വരുന്നത് എന്റെ വായനയില്‍ അനുചിതമായി തോന്നിയില്ല.എങ്കിലും ഇടയില്‍ പിന്നീട് ഒരു ബ്രേക്ക്‌ കൊടുത്തത് എന്റെ കാഴ്ചപ്പാടില്‍ ശരിയെന്നു തോന്നിയില്ല..

  ReplyDelete
 17. ഊര്‍ജ്ജം പകരുന്ന വിലയിരുത്തല്‍ , ഒരായിരം നന്ദി.

  ReplyDelete
 18. അനുഭവവും ഭാവനയും സമന്വയിപ്പിച്ച് നല്ല കഥയാക്കിയത്തിനു നന്ദി

  ReplyDelete
 19. നന്മ വിളയുന്ന മനസ്സുകള്‍ വിരളമായ ഇക്കാലത്തും , ഒട്ടും അതിശയോക്തി ഇല്ലാതെ
  പകര്‍ത്തി വച്ചിരിക്കുന്ന ഈ മനസ്സിന്റെ പവിത്രത ഒരു കാലത്തും മരിക്കാതിരിക്കട്ടെ ...
  രണ്ടു ദിവസ്സം മുന്നേ നമ്മുടെ ഭാരതത്തിലേ തിരക്കേറിയ , ഈ അടുത്ത് ഉല്‍ഘാടനം കഴിഞ്ഞ
  ഒരു ടണലിന്റെ അകത്ത് നിസ്സഹായനായിരിക്കുന്നു ഒരു മനുഷ്യനെ കണ്ടിരുന്നു , ഭാര്യയേയും കുഞ്ഞിനേയും
  നഷ്ടപെട്ട ആ മനസ്സിന്റെ വിങ്ങല്‍ , ഒരു കാഴ്ച കൊണ്ട് പൊലും ചീറി പായുന്ന വാഹനങ്ങളൊ , മനസ്സൊ
  കാണാതെ പൊയത് , നാളെ നമ്മുക്കാര്‍ക്കും സംഭവിച്ച് പൊകാവുന്നത് , ഇതേ കാര്യം തന്നെ
  കൂട്ടുകാരനും പറഞ്ഞു കണ്ടപ്പൊള്‍ , ആ വീഡിയോ വീണ്ടും മനസ്സിലേക്ക് വന്നൂ , തെളിമയില്ലാത്ത മനസ്സ്
  കൊണ്ട് നാം എവിടെക്കാണ് ഓടി പൊകുന്നത് ?ഓടി ഓടി ഒരിക്കല്‍ തിരിഞ്ഞ് നോക്കുമ്പൊള്‍
  ഇടറി വീഴുമ്പൊഴാകും , ഒന്നു കണ്ണ് തുറന്നു നോക്കുക ..
  ആദ്യമായിട്ടാണ് ഇവിടെയെന്ന് തൊന്നുന്നു പ്രീയ സഖേ ഇനിയുണ്ടാകുമേട്ടൊ എന്നും

  ReplyDelete
  Replies
  1. വളരെ തുടക്കം മുതല്‍ റിനി നല്‍കുന്ന ഈ പ്രോല്സാഹത്തിനും സ്നേഹത്തിനും നല്ല വായനക്കും ഒക്കെ എത്രയ നന്ദി പറയേണ്ടത്?

   Delete
 20. ഔദ്യോഗിക കാര്യത്തിന് പുനരവസരം ലഭിക്കാം എന്നിരിക്കെ പലരും ആ വഴിക്ക് ചിന്തിക്കാൻ മിനക്കെടാറില്ല എന്നതാണ് സത്യം. എങ്കിലും മനസ്സിൽ നന്മ മരിച്ചിട്ടില്ലാത്ത മനുഷ്യർ ഇപ്പോഴുമുണ്ടല്ലോ...
  ലളിതമായി പറഞ്ഞിരിക്കുന്നു. നല്ല വായനാനുഭവം നൽകുന്നു.
  ആശംസകൾ...

  ReplyDelete
  Replies
  1. കൊച്ചനിയന്റെ വാക്കുകള്‍ക്കും സ്നേഹത്തിനും നന്ദി.

   Delete
 21. നന്മയുടെ കഥ.
  ലളിതമായി പറഞ്ഞു

  ReplyDelete
 22. ഇരിപ്പിടത്തിൽ ഞാൻ വായിച്ചു . ഇത് നിങ്ങളുടെ creation - ൽ ചെറുതാണെന്നാണ് ഞാൻ കേട്ടത് . ആശംസകൾ ... ലളിതമായി പറഞ്ഞ കഥ

  ReplyDelete
 23. മനോഹരമായ അവതരണം. കണ്ണടച്ച് ഇരുന്നൊരു പാട്ട് കേട്ട പ്രതീതി. അഭിനന്ദനങ്ങൾ..

  ReplyDelete
 24. കഥയും അനുഭവവുമായി മടങ്ങി വന്നതില്‍ സന്തോഷം.. ഞാനിടയ്ക്കിടെ ഇവിടെ വന്നു നോക്കുമായിരുന്നു.. ഒരിക്കല്‍ ഒരു മെയില്‍ അയയ്ക്കുകയും ചെയ്തുവെന്നാണ് എന്‍റെ ഓര്‍മ്മ...

  എഴുത്ത് മനോഹരമായി... ഇത്ര ഇടവേളകളില്ലാതെ വീണ്ടും എഴുതുക.. സ്നേഹം മാത്രം..

  ReplyDelete
 25. ദുബായില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയില്‍ പരിചയപ്പെട്ട മധുര സ്വദേശികളായ രണ്ടു മധ്യവയസ്കരെയാണ് ഈ വൃദ്ധയുടെ കഥ വായിച്ചപോള്‍ ഓര്മ വരുന്നത്.കഥ നന്നായിട്ടുണ്ട്......

  ReplyDelete
 26. നന്നായിട്ടുണ്ട്..... :)

  ReplyDelete
 27. ഹൃദയത്തിലെ നന്മയുടെ പാരമ്യം സുതാര്യമാക്കുന്ന ശൈലി .. മനോഹരം. ആശംസകൾ

  ReplyDelete
 28. കൊള്ളാം.അനുഭവങ്ങൾ എന്നെന്നും ഊർജ്ജസ്വലതയോടെ മുന്നോട്ട്‌ നയിക്കട്ടെ.

  നല്ല കഥ.ആശംസകൾ!!!

  ReplyDelete