Friday, December 16, 2011

ദൈവ ജന്മങ്ങള്‍.


ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്.....അല്ല... എട്ട്, ഏഴ്. ഏഴ് മാങ്ങ. എനിക്കെപ്പോഴും തെറ്റും. ‘ഏഴ്’ കഴിഞ്ഞാലാ ‘എട്ട്’ എണ്ണുക. എട്ടു കഴിഞ്ഞാ ഏഴെന്നു ഓര്‍മ്മ വരൂല.

സ്കൂളില്‍ പോകുന്ന പിള്ളേര് ഇപ്പോള്‍ വരാന്‍ തുടങ്ങും. എറിഞ്ഞു നിലത്തിടും. ഗേറ്റില്‍ പോയി നില്‍ക്കാം. വാച്ച് അഴിച്ചു പോക്കറ്റിലിടാം. അല്ലെങ്കില്‍ എല്ലാ കുട്ടികള്‍ക്കും സമയമറിയണം. ഒരു ദിവസം രാവിലെ ഏതോ ഒരു കുട്ടി സമയം ചോദിച്ചു. ഞാന്‍ നാലായെന്നു പറഞ്ഞു. അവന്‍ ചിരിച്ചു കൂകിക്കൊണ്ടോടി. അതിനു ശേഷം ഏതു പിള്ളാര്‌ കണ്ടാലും സമയം ചോദിക്കും. സമയം നോക്കാന്‍ എനിക്കറിഞ്ഞുകൂടാ.

രമയുടെ ചേട്ടന്‍ തന്നതാ ഈ വാച്ച്. അവര് ദൂരെ വേറെ രാജ്യത്ത്. മധുരയില്. അവിടെയുള്ള ഭാഷ എനിക്ക് മനസ്സിലാകൂല. രമയ്ക്കറിയാം . ആ സിനിമ രമ കാണും. ഞാനും കാണും. അടിപിടി കാണാന്‍ നല്ല രസമാണ്.

രമയും ദീപുമോനും എണീറ്റ്‌ കാണൂല. വിളിച്ചാല്‍ ദേഷ്യപ്പെടും. വിശക്കുന്നു. ഇനി എപ്പഴാ ദോശ ചുട്ടു തരിക. വീട്ടില്‍, അമ്മ ചായയുമായി വന്നു വിളിച്ചുണര്‍ത്തും. വിശക്കുമ്പോള്‍ ചൂടോടെ ദോശ ചുട്ടുതരും. വയറ് നിറഞ്ഞാലും നിര്‍ത്തില്ല. പാത്രത്തില്‍ ഇട്ടുതന്നത് തിന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകും. രമ എണീറ്റെങ്കില്‍ ഒരു ചായയെങ്കിലും കുടിക്കാമായിരുന്നു.

രമയുടെ അമ്മ പാവമാണ്. ഞാന്‍ ഒരിക്കല്‍ മാത്രം അവിടെപ്പോയി. ഒരു രാത്രി ടാക്സീല്. ഓല വീടാണ്. കട്ടിലില്ല. പായയില്‍ കിടക്കണം. അമ്മ എന്തെല്ലാം തിന്നാന്‍ ഉണ്ടാക്കിത്തരും. നല്ല ടേസ്റ്റ് ആണ്. പക്ഷെ, പുറത്തിറങ്ങിയാല്‍ രമ വഴക്ക് പറയും. ആരോടും മിണ്ടാന്‍ പാടില്ല.

ഒരു ദിവസം ഞാന്‍ പുറത്തിറങ്ങി. അവിടെ അടുത്തുള്ള കുറെ സ്ത്രീകള് ചുറ്റും കൂടി സംസാരിച്ചു. രമയെപ്പോലെയല്ല, അവര്‍ക്ക് ദേഷ്യം വരില്ല. നല്ല ആളുകള്‍. ഞാന്‍ പറഞ്ഞതൊക്കെ അവര്‍ക്കിഷ്ടായി. ഒരാള് ചോദിച്ചു, എല്ലാ ജോലിയും ഞാന്‍ രമയ്ക്ക് ചെയ്തു കൊടുക്കുമോ അതോ രമ എനിക്ക് ചെയ്തു തരുമോന്ന്. ഭാര്യ അല്ലേ ജോലികള്‍ ചെയ്യുകാന്നു പറഞ്ഞപ്പോള്‍ അവര്‍ എല്ലാരും നിര്‍ത്താതെ ചിരിച്ചു. അപ്പോള്‍ രമ പുറത്തു വന്നു. ഞാന്‍ വീട്ടില്‍ കയറി. അന്ന് രാത്രിതന്നെ രമ അമ്മയോട് വാശി പിടിച്ചു തിരികെ വന്നു.

പണ്ട് നാലാം ക്ലാസ്സില്‍ പഠിക്കുമ്പം എന്ത് രസമായിരുന്നു. എല്ലാ പിള്ളേരും എന്‍റെ പാതി. സാറിനും എനിക്കും മാത്രം മീശ. എന്നെ കാണുമ്പോള്‍ എല്ലാരും പേടിക്കും. എല്ലാ വര്‍ഷവും പുതിയ പിള്ളേര് വരും. ഞാന്‍ മാത്രം അതേ ക്ലാസ്സില് വീണ്ടും. അക്ഷരം പഠിക്കാന്‍ ഭയങ്കര കഷ്ടമാ. മാഷന്മാര് എന്നോട് ചോദ്യം ചോദിക്കൂല, തല്ലൂല. എന്നെ നിറയെ ഇഷ്ടം. തോളത്ത് കയ്യിട്ടു കുശലം ചോദിക്കും. പരീക്ഷക്ക്‌ കൊണ്ട് പോകുന്ന പേപ്പറില് അച്ഛന്‍ പേരുഴുതിത്തരും. എന്‍റെ പേര് എഴുതാന്‍ വല്യ പാടാ. ചന്ദ്രസേനന്‍. കല്യാണം നടത്താനാ പഠിത്തം നിര്‍ത്തിയത്.

ഈ വീട്ടില്‍ വന്നതില്‍ പിന്നെ ഒരു രസവുമില്ല. രമ വഴക്ക് കൂടിയോണ്ടാ അച്ഛന്‍ ഈ വീട് മേടിച്ചു തന്നത്. അച്ഛന് നിറയെ പൈസ ഉണ്ടെന്നാ എല്ലാരും പറയണത്. റബ്ബറും തേങ്ങയും നിറയെ ഉണ്ട്. ബാങ്കില് എനിക്കും അച്ഛന്‍ തന്ന കുറേ പൈസ ഉണ്ട്. വയലറ്റ് മഷി മുക്കി പേപ്പറില് അമര്‍ത്തിയാല്‍ മതി; രമയ്ക്ക് പൈസ കിട്ടും. അച്ഛന്‍റെ പൈസ എല്ലാം ദീപുമോനെന്നാ അച്ഛന്‍ പറയുന്നത്. എനിക്ക് വേണ്ട. എണ്ണാന്‍ അറിഞ്ഞൂടാ.

രമയെ കല്യാണം കഴിച്ചിട്ട് മൂന്ന് വര്‍ഷം ആയീന്നാ എല്ലാരും പറയണത്. കല്യാണത്തിന് നല്ല രസമായിരുന്നു. നിറയെ സാധനം സമ്മാനം കിട്ടി. എന്നെ ഒരു കല്യാണത്തിനും ആരും കൊണ്ട് പോവൂല. ഇളയമ്മാവന്‍റെ കല്യാണം മാത്രം ഞാന്‍ ടിവിയില്‍ കണ്ടു. അതുകൊണ്ട് കുറേയൊക്കെ നേരത്തെ മനസ്സിലായി.

കല്യാണം കഴിഞ്ഞ ശേഷം രമ എന്‍റെ കട്ടിലിലാ കിടക്കുന്നത്. ആദ്യ ദിവസം എനിക്ക് ഒരു മാതിരി ആയി. നമ്മള്‍ പെണ്ണുങ്ങളുടെ അടുത്ത്  ഇരിക്കുന്നത് നാണമില്ലേ. ഞാന്‍ മനസ്സില് കട്ടിലിന്‍റെ പാതി അളന്നു. അവിടെ കറക്ടാ കിടന്നു. എനിക്ക് പാതി സ്ഥലം വേണം. പാതി സ്ഥലം മാത്രം അവള്‍ക്കു മതി. പക്ഷെ, എനിക്ക് നിറയെ സ്ഥലം തന്നു അവള് ദൂരെ അറ്റത്ത് കിടന്നു. പിന്നെ ഞാനും മറ്റേ അറ്റത്ത്‌ നീങ്ങി കിടക്കാന്‍ തുടങ്ങി. പാവം അല്ലേ, അല്പം കൂടുതല്‍ സ്ഥലം കൊടുക്കാം.

നിറയെ ദിവസം അച്ഛനോടും അമ്മയോടും ഒക്കെ നല്ല സ്നേഹമായിരുന്നു, രമയ്ക്ക്. പിന്നെ വഴക്കായി. അച്ഛന്‍ നമുക്ക് ഈ വീട് വാങ്ങി തന്നു. ഇവിടെ എനിക്ക് ഒരു ജോലിയുമില്ല. മിണ്ടാനും ആരും ഇല്ല. ഈ ഗേറ്റില്‍ നിക്കണതാ ജോലി. എനിക്ക് എല്ലാരും പോകുന്നതും വരുന്നതും അറിയാം. നിറയെപ്പേര് എന്നെ നോക്കി ചിരിക്കും.

അപ്പറത്തു കാണുന്ന വീട് ഒരു പേര്‍ഷ്യാക്കാരന്‍റെതാ. അവിടെ വാടകക്ക് ഒരാളുണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. പോയി. നല്ല ആളായിരുന്നു.

ആദ്യമൊക്കെ ഞാന്‍ പുറത്തു നില്‍ക്കുമ്പോള്‍ രമയും കൂടെ ഉണ്ടായിരിക്കും. വീടിനു പുറത്തു നിന്ന് അയാള്‍ നമ്മുടെ വീടിനെ നോക്കിക്കൊണ്ടിരിക്കും. ഇടയ്ക്കു ചിരിക്കും. ആദ്യമൊന്നും ഞാന്‍ ചിരിച്ചില്ല. പിന്നെ ഞാന്‍ ചിരിക്കാന്‍ തുടങ്ങി. രമയും അയാളോട് ചിരിക്കാന്‍ തുടങ്ങി. ഗേറ്റിനു പുറത്തു വന്നു എന്നോട് സംസാരിക്കും. അയാള്‍ ഇല്ലെങ്കിലും രമ ഇടയ്ക്കിടെ അവിടെ നോക്കും. ഒരു ദിവസം രമ പറഞ്ഞു ചായ കുടിക്കാന്‍ അകത്തു വിളിക്കാന്‍.

പിന്നെ അയാള് അകത്തു വരുമായിരുന്നു. അവര്‍ സംസാരിക്കുന്നത് വല്യ കാര്യങ്ങള്. അയാള്‍ വല്യ കുട്ടികളെ പഠിപ്പിക്കുന്ന മാഷാണ്.

ഒരു ദിവസം ഞാന്‍ അകത്തു ചെല്ലുമ്പോള്‍, അവരെ കാണാനില്ല. നമ്മുടെ മുറിയില്‍നിന്നു രമയുടെ കരച്ചില് കേള്‍ക്കുന്നപോലെ തോന്നി. ഞാന്‍ പേടിച്ചു വാതില്‍ക്കല്‍ കാത്തുനിന്നു. കുറെ കഴിഞ്ഞു രമയും അയാളും പുറത്തു വന്നു. രമയുടെ മുഖത്ത് കണ്ണീരും സങ്കടവുമോന്നും കണ്ടില്ല. രണ്ടുപേരും നന്നായി വിയര്‍ത്തിരുന്നു. കതകടച്ച ചൂടായിരിക്കും. വല്യ കാര്യങ്ങള് ശല്യമില്ലാതെ സംസാരിച്ചതായിരിക്കാം.

ഒരു ദിവസം രമയുടെ അമ്മ വന്നു. അവരെന്നോട് പറഞ്ഞു ഞാന്‍ അച്ഛനാകാന്‍ പോകുന്നൂന്ന്. കല്യാണം കഴിഞ്ഞാലേ അമ്മയും അച്ഛനും ആകാന്‍ പറ്റൂ.

കുറെനാള്‍ കഴിഞ്ഞ്, രമ അവളുടെ വീട്ടിലും ഞാന്‍ എന്‍റെ വീട്ടിലും പോയി. പണിക്കാരും അമ്മയും അച്ഛനും ഒക്കെ വീട്ടില്. നല്ല രസമായിരുന്നു.

പിന്നെയും ഇവിടെ വന്നു. അപ്പോള്‍ രമയും കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ ഇവിടെവച്ചാ ഞാന്‍ കാണുന്നത്. അമ്മ എന്‍റെ കയ്യില് കുഞ്ഞിനെ തന്നു. എന്‍റെ കുഞ്ഞാന്നും പറഞ്ഞ്. കുഞ്ഞു കരഞ്ഞു. എപ്പോള്‍ ഞാന്‍ എടുത്താലും കരയും. അതുകൊണ്ട് എടുക്കാന്‍ എനിക്കിഷ്ടമില്ല. രമയും വേണ്ടാന്നു പറഞ്ഞു.

കൊച്ചിന് സൂചി വയ്ക്കാന്‍ അയാള് കൂടെ പോകും. എനിക്ക് ആസ്പത്രിയില്‍ ഒന്നും പോയി പരിചയം ഇല്ല. അയാള്‍ ഉള്ളത് എത്ര നല്ലതാ. അയാള് കൊച്ചിനെയെടുക്കും. കൊച്ച് കരയൂല.

ആരുമില്ലാത്തപ്പോള്‍,  ഇടയ്ക്കു വരുന്ന പാച്ചിത്തള്ള പറഞ്ഞു, കുട്ടിയുടെ അച്ഛന്‍ അയാളാ. അയാളെ ഇവിടെ വരാന്‍ വിടരുത്. പാച്ചിത്തള്ളയ്ക്ക് ഒന്നും അറിഞ്ഞുകൂടാ,  കല്യാണം കഴിച്ച ആളല്ലേ അച്ഛന്‍.

ദീപുമോന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനും അമ്മയും കൂട്ടിക്കൊണ്ടു പോയി. ഇടയ്ക്കു വരും. ഉടനെ തിരികെ പോകും. അവനു ഏറ്റവും ഇഷ്ടം അമ്മച്ചിയേയാ.

ഒരു ദിവസം അയാളും രമയും വഴക്കായി. അയാള് എന്‍റെ കയ്യില്‍ ഒരു കാര്‍ഡ്‌ തന്നിട്ടുപോയി. എന്‍റെ കല്യാണത്തിന് ഉണ്ടാക്കിയ പോലത്തെ കാര്‍ഡ്‌........; വൈകുന്നേരം അയാളുടെ സാധനമൊക്കെ ഒരു വണ്ടിയില്‍ കയറ്റി, പുറത്തു നിന്ന എന്നോട് ടാറ്റാ പറഞ്ഞു പോയി.

രമയ്ക്ക് ഭയങ്കര സങ്കടമായിരുന്നു. എപ്പഴും കരച്ചില്. പാവം ഇനി കൊച്ചിന് സൂചിയിടാന്‍ കൂടെ പോകാന്‍ ആരാ ഉള്ളത്?

ഒരുദിവസം രമ കിടക്കുമ്പോള്‍ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. എന്തിനാന്ന് എനിക്ക് അറിഞ്ഞുകൂടാ. അമ്മയും ചിലപ്പോള്‍ ഇങ്ങനെ ചെയ്യും.


 പിറ്റേദിവസം രമ ദീപുമോനെ കൂട്ടിക്കൊണ്ടു വന്നു.
ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് രമ ചിലപ്പോള്‍ ഉണ്ടാക്കിത്തരും. ചിലപ്പോള്‍ എന്നോട് സംസാരിക്കും. എന്നാലും ഇടയ്ക്കിടെ ദേഷ്യവും വരും. എന്തെങ്കിലും ചോദിക്കാന്‍ എനിക്ക് പേടിയാ.

 ഇപ്പോള്‍ ദീപുമോന് എന്നെ വല്യ ഇഷ്ടമാണ്. ദീപുമോന്‍ പൂവിറിക്കുവാനും പേരയ്ക്ക പറിക്കാനും എന്നെ വിളിക്കും. ഗേറ്റില്‍ നില്‍ക്കുമ്പോള്‍ ഇടയ്ക്കിടെ ഒരു കൂട്ടായി. അച്ഛാന്നാ എന്നെ വിളിക്കുന്നത്‌.  പാച്ചിത്തള്ള എന്നെ പറ്റിക്കാന്‍ നോക്കിയതാ.

അടുത്ത വീട്ടില്‍ ജനാല തുറന്നു കിടക്കുന്നു. ആരെങ്കിലും വന്നോ? അതെ, ഒരാള് പുറത്തു നില്‍ക്കുന്നു..............................................

   ഇപ്പോള്‍ അയാളും ഗേറ്റിനു പുറത്തു വന്നു സംസാരിക്കും. രമ ഒരു ദിവസം പറഞ്ഞു, ഇനി സംസാരിക്കാന്‍ വരുമ്പോള്‍ അകത്തു വിളിച്ചു ചായ കൊടുക്കണം എന്ന്.

നല്ലതാ, മോന് സൂചി വയ്ക്കാന്‍ പോകുമ്പോള്‍ ഒരു കൂട്ടായെങ്കിലോ?

31 comments:

  1. കഥാവിഷയം വ്യത്യസ്ഥമായിരിക്കുന്നു. നല്ല കഥ. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  2. വിഷയം പുതിയതല്ല.
    അജിതിന്റെ രചനയുടെ മിടുക്കാണ് അതിനെ മിഴിവുറ്റതാക്കിയത്.
    ഒരിടത്തും പാളിച്ച വരാതെ ചിന്തകൾ മുഴുവൻ കഥ പറയുന്ന ആളിന്റേതായിരുന്നു. ഒരിടത്തും കഥാകൃത്തിനെ കണ്ടില്ല, കഥാ പാത്രങ്ങളെ മാത്രം കണ്ടു.
    കഥ വഴങ്ങും. ധൈര്യമായി തുടർന്നോളൂ.

    ReplyDelete
  3. വായിക്കാന്‍ ഒരു സുഖം ഉണ്ടായിരുന്നു. നല്ല രചന തന്നെ. ആശംസകള്‍ .

    ReplyDelete
  4. നന്നായിരിക്കുന്നു, തുടര്‍ന്നും എഴുതൂ..എല്ലാ ആശംസകളും..

    ReplyDelete
  5. ബുദ്ധിമാന്ദ്യംബാധിച്ചവനും,നിഷ്കളങ്കവാനുമായ യുവാവിന്‍റെയും അയാളെ വഞ്ചിക്കുന്ന യുവതിയുടെയും കഥ
    മനസ്സില്‍ തട്ടും തരത്തിലായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. കഥയെകാള്‍ എനിക്കിഷ്ടമായത് താങ്കളുടെ ഈ ശൈലിയാണ്... വിഷയത്തില്‍ പുതുമ അവകാശപെടാനില്ലെങ്കിലും താങ്കളുടെ രചന ശൈലി അതിനെ മികവുറ്റതാക്കി...

    ഇനിയും എഴുതുക... അഭിനന്ദനങ്ങള്‍...

    ReplyDelete
  7. കഥ പറഞ്ഞ രീതി വളരെ നന്നായി. ഉപയോഗിച്ച ഭാഷയും...
    ആശംസകള്‍ !!

    ReplyDelete
  8. പാവം, അയാൾക്കൊന്നും മനസ്സിലാകാത്തതു് നന്നായി.

    ReplyDelete
  9. “കല്യാണം കഴിച്ച ആളല്ലേ അച്ഛന്‍...“

    കഥ നേരിട്ട് പറയുന്ന രീതിയില്‍ അവതരിപ്പിച്ചതുകൊണ്ട് പ്രമേയം പഴയതാണെങ്കിലും പുതുമ ഉളവാക്കുന്നതായി.

    അജിതിന് ഒരു നല്ല കഥാകാരന്‍ ആകാന്‍ കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങള്‍....

    ReplyDelete
  10. ഒഴുക്കോടെ കഥ പറഞ്ഞു പോയി. സുഖമുള്ള വായന!

    ReplyDelete
  11. നല്ല കഥ....ഇനിയും എഴുതുക... ആശംസകള്‍ !!!

    ReplyDelete
  12. നന്നായി. ആശംസകള്‍

    ReplyDelete
  13. കഥ വായിച്ചു. കഥാ ആഖ്യാനത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം ഓരോ വരി വായിക്കുമ്പോഴും അടുത്തത്‌ വായിക്കാനുള്ള ആകാംക്ഷ വായനക്കാരില്‍ ഉണ്ടാകും വിധം എഴുതുക എന്നുള്ളതാണ്. അത് താങ്കള്‍ സമര്‍ത്ഥമായി ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്നു.

    ബുദ്ധി മാന്ദ്യം അല്ലെങ്കില്‍ പ്രായത്തോടൊപ്പം ബുദ്ധി വളരാത്ത ഒരു വ്യക്തിയുടെ മനോതലത്തിലൂടെ വികസിക്കുന്ന കഥയുടെ അന്ത്യത്തെക്കുറിച്ച്‌ അറിയാനുള്ള ആകാംക്ഷയോടെയാണ് വായിച്ചത്. കഥാന്ത്യത്തില്‍ ഇനിയും ഒരു ചതിക്ക് അവള്‍ കോപ്പ് കൂട്ടുന്ന സൂചന നല്‍കി കഥ അവസാനിപ്പിക്കുമ്പോള്‍, അയാളുടെ സ്ഥായിയായ നിസ്സംഗതയും നിഷ്കളങ്കതയും വായനക്കാരുടെ മനസ്സില്‍ നൊമ്പരമുണ്ടാക്കും. അതാണ്‌ കഥയുടെ വിജയം.

    നല്ല അവതരണത്തിനു അഭിനന്ദനം.

    ReplyDelete
  14. കഥ വളരെ നന്നായിട്ടുണ്ട് തുടര്‍ന്നും എഴുതുക,
    അയാള്‍ക്ക് ബുദ്ധിമാന്യം ആണ് പക്ഷെ ഭാര്യയുടെ കാര്യങ്ങള്‍ നടക്കണ്ടേ? ഒന്നും അറിയാത്ത പാവം വീണ്ടും കുട്ടിയെ സൂചി വെക്കാന്‍ കൊണ്ടുപോകാനുള്ള ആളെ പരിചയപ്പെടുന്നു.വളരെ നല്ലതും സാധാരണ കണ്ടുവരുന്നതും.ആയ ഒരു നല്ല കഥ ആശംസകള്‍ ....................

    ReplyDelete
  15. ശൈലി കൊള്ളാം. ഒരു സംശയം ബാക്കി - ഇങ്ങനെ ഉള്ള ഒരാൾക്ക്‌ ആരെങ്കിലും പെൺകുട്ടിയെ കെട്ടിച്ചു കൊടുക്കുമോ?

    ഇപ്പോഴത്തെ പെൺകുട്ടികളുടെ ഡിമാന്റൊക്കെ കേട്ടിട്ടുണ്ടോ? ;)

    ReplyDelete
  16. നന്നായിട്ടുണ്ട്....ആശംസകള്‍..

    ReplyDelete
  17. കുറച്ചു നാള്‍ മുമ്പ് ഹരിപ്പാട്ടു നടന്ന ഒരു സംഭവം ഓര്‍മ വരുന്നു... സമ്പന്ന വീടുകളിലെ മന്ദബുദ്ധികളും രോഗികളേയും ഗതികേടുകൊണ്ട് വിവാഹം ചെയ്യേണ്ടിവരുന്ന ദരിദ്രകുടുംബാംഗങ്ങള്‍ നിരവധി ഉണ്ട്... സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് അജിത്ത് പറഞ്ഞത്...

    പലരും പറഞ്ഞതുപോലെ എനിക്ക് എടുത്ത് പറയാനുള്ളത് ക്രാഫ്റ്റിനുമേലുള്ള മികച്ച കൈയ്യടക്കത്തെക്കുറിച്ചാണ്.... അതുപോലെ ആ മന്ദബുദ്ധിയുടെ പേര്‍സ്പെക്ടിവില്‍ അവതരിപ്പിച്ച രീതിയും അഭിനന്ദനീയം....

    ReplyDelete
  18. ഇതു കഥ മാത്രമല്ല, ജീവിതവുമാണ്....വളരെ നന്നായി എഴുതി.
    കഥ തീർച്ചയായും വഴങ്ങും.ഇനിയും ധാരാളം കഥകൾ എഴുതു..ഒഴിവാക്കപ്പെട്ടവരും ആർക്കും വേണ്ടാത്തവരുമായ എല്ലാവരെക്കുറിച്ചും ഇനിയും എഴുതു

    ReplyDelete
  19. @ സജിം....നന്ദി

    @ സേതുലക്ഷ്മി, ഖാദു, മനോജ്‌.....
    .... ഈ പ്രോല്‍സാഹനം വല്ലാതെ സന്തോഷിപ്പിക്കുന്നു. ഞാന്‍ ഒരു ബുദ്ധി വളര്‍ച്ച കുറഞ്ഞ ആളിന്‍റെ ചിന്തകള്‍ മാത്രമാണ് ശ്രദ്ദിച്ചത്. ഇപ്പോള്‍ തോന്നുന്നു, വിഷയത്തിലും ശ്രദ്ദിക്കാമായിരുന്നുവെന്ന്.

    @ അഹമ്മദ്‌സാര്‍...... വായനക്ക് നന്ദി

    @ മുല്ല..... വളരെ നന്ദി.

    @ നന്ദി.... തങ്കപ്പന്‍ സാര്‍

    @ ദിവകരേട്ടാ .... നന്ദി

    @ എഴുത്തുകാരി... നന്ദി

    @ മിനി..... നന്ദി

    ReplyDelete
  20. @ അക്ബര്‍ സാര്‍ നല്ല വായനക്കും ഇവിടെ വന്നതിലും ഈ പ്രോത്സാഹനത്തിനും മുന്നില്‍ തലകുനിക്കുന്നു.

    @ അതെ, വിനയാ.... നന്ദി

    @ അജ്ഞാത സുഹൃത്തേ നന്ദി, കേട്ടോ.

    @ പഥികന്‍.... ...---നന്ദി

    @ ബ്ലെസി..... നന്ദി.

    @ സാബു.... സാബുവിനുള്ള ഉത്തരം താഴെ പ്രദീപ്‌ മാഷ്‌ പറയുന്നുണ്ട്. വായനക്ക് നന്ദി.

    @ പ്രദീപ്‌ മാഷെ.... അഭിപ്രായത്തിനു നന്ദി. പക്ഷെ , താങ്കളുടെ കഥ വായിച്ചപ്പോള്‍ വീണ്ടും എഴുതാന്‍ പേടിയും നാണക്കേടും തോന്നുന്നു.

    @ വായനക്ക് നന്ദി. നല്ല എഴുത്തുകാര്‍ പ്രോല്സാഹിപ്പിക്കുംപോള്‍ വല്ലാത്ത സന്തോഷം.

    ReplyDelete
  21. അജിത്‌ സാര്‍, വീണ്ടും എഴുതുമല്ലൊ.... ആശ്ംസകള്‍

    ReplyDelete
  22. കൊള്ളാം, നല്ലത്. കഥാപാത്രത്തിന്റെ നിഷ്കളങ്കത ഒട്ടും വിട്ടുമാറാതെ അതേ ശൈലിയിൽ എഴുതിയിരിക്കുന്നു. ശ്രീ. അക്ബറിന്റെ നല്ല അഭിപ്രായം ഞാനും ആവർത്തിക്കുന്നു. താങ്കൾക്ക് കഥയെഴുതാനറിയാം. അനുമോദനം അറിയിക്കട്ടെ...( മത്സരത്തിന് കഥ അയയ്ക്കുമല്ലോ...)

    ReplyDelete
  23. ഇപ്രാവശ്യം പൊട്ടന്‍ കലക്കീട്ടോ... നല്ല ആശയം, വ്യത്യസ്ഥമായ കഥാ ശൈലി... കഥാപാത്രത്തിന്‌റെ നിഷ്കള്ളങ്കത (വെളിവില്ലായ്മ) വായനക്കാരില്‍ വേദനയുണ്‌ടാക്കുന്നു. രമയുടെ നൊമ്പരങ്ങളും വായനക്കാര്‍ക്ക്‌ മനസ്സിലാവുന്നു..അവളെ കുറ്റം പറയാനും കഴിയില്ല... താങ്കളുടെ ലേഖനങ്ങള്‍ മെച്ചപ്പെട്ട്‌ വരുന്നുണ്‌ട്‌. ചില ഭാഗങ്ങള്‍ , പ്രയോഗങ്ങള്‍ ഒന്ന് കൂടെ നന്നാക്കാമായിരുന്നു.. ഏതായാലും ഈ കഥ വളരെ മികച്ചത്‌ തന്നെ.

    ReplyDelete
  24. സാധാരണ വിഷയം. പക്ഷേ വളരെ വ്യത്യസ്തമായ അവതരണശൈലികൊണ്ട് മികച്ചുനിൽക്കുന്നു...ഇനിയും എഴുതൂ....

    ReplyDelete
  25. കഥ ഇഷ്ട്ടമായി ട്ടോ ...ശൈലി ഇത്തവണ മാറിയിട്ടുണ്ടല്ലോ ?നല്ലത് ..

    ReplyDelete
  26. ശരീരത്തിനൊത്ത് മനസ് വികസിക്കാത്ത ഒരാളുടെ കാപട്യമില്ലാത്ത മനസിലൂടെ സഞ്ചരിച്ച് ഈ ലോകത്തിന്റെ യഥാര്‍ഥ ചിത്രം കഥയായി പറയുന്നതില്‍ വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  27. അവതരിപ്പിക്കുന്നതിലെ ശൈലി സുന്ദരമായിരിക്കുന്നു. തുടര്‍ന്ന് വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഭാഷയും ആകാംക്ഷയും നിലനിര്‍ത്തി അവസാനം ഒരു തുടര്‍ക്കഥ പോലെ...
    ഇഷ്ടപ്പെട്ടു.

    ReplyDelete
  28. പ്രമേയങ്ങള്‍ പഴയത് തന്നെയാണ് ,രണ്ടാമൂഴം ഒരിക്കല്‍ പറഞ്ഞ പ്രമേയം തനെന്യായിരുന്നില്ലേ ?ഇതാവട്ടെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ,എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടതു കൊണ്ട് ഞാനും ഒരു നല്ല പോസ്റ്റ്‌ നഷ്ടപ്പെടുത്തിയില്ല ,ഇല്ലെങ്കില്‍ വേറെ ഏതെങ്കിലും പ്രൊഫൈലില്‍ നിന്നും കരങ്ങിക്കര്ങ്ങി ഇവിടെയെത്തുംപോഴേക്കും എനിക്ക് അത് നഷ്ടമായേനെ ,ലിങ്ക് ഇടാഞ്ഞതോ ഞാന്‍ കാണാതെ പോയതോ ?മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്‌താല്‍ ഞാന്‍ കാണാതിരിക്കില്ല ,മിക്കവാറും ബ്ലോഗുകള്‍ അവിടെ നിന്നാണ് ഞാന്‍ കാണാറ് ,ഏതായാലും പൊട്ടനെ ഞാന്‍ പിന്തുടരുന്നുണ്ട് ...ഇനിയും കാണാം ..

    ReplyDelete
  29. ജീവിതത്തിന്റെ ഏറ്റുകളിൽ നിന്നെടുത്ത് അസ്സലൊരു കഥയുണ്ടാക്കിയിരിക്കുന്നു..

    ReplyDelete
  30. അത്ര മനോഹരമായിട്ടാണ് എഴുതിയത്. മാഷേ ശൈലിയെ സമ്മതിച്ചിരിക്കുന്നു.

    ReplyDelete
  31. നന്ദി
    @ വി. എ. സാര്‍
    @ മൊഹിയുദ്ദീന്‍
    @ പൈമ
    @ ബഷീര്‍
    @ രാംജി
    @സിയാഫ്‌
    @ മുരളി
    @ ജെഫു

    ReplyDelete