Tuesday, October 25, 2011

ആമ ’നിക്കര്‍’


തലക്കെട്ട് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ ചിന്തിക്കാം. ഇതെന്ത് കുന്തം.

പഠിത്തം കഴിഞ്ഞ്, ടെസ്റ്റുകള്‍ എഴുതി നടക്കുന്ന കാലം. പ്രധാന ഹോബി നല്ല വ്യായാമം ഉള്ള ഒരു കളി തന്നെ ആയിരുന്നു, ശീട്ടുകളി. അതു കഴിഞ്ഞാല്‍ വൈകുന്നേരം പുഴക്കടവില്‍ ഉള്ള വിശാലമായ മൈതാനത്ത് മലര്‍ന്നു കിടന്നു വിശ്രമം, അദ്ധ്വാനിച്ചതല്ലേ.

വരുന്നവരെയും പോകുന്നവരെയും കളിയാക്കുന്ന ചിലര്‍, കടന്നു പോകുന്ന കുടുംബിനികളോട് മാത്രം കുശലം തിരക്കുന്ന ചിലര്‍, ആരു പോയാലും തെറിവിളിക്കുകയും കൂകുകയും ചെയ്യുന്ന ചിലര്‍, (അവരുടെ വായില്‍ നിന്ന് തെറി ചൂടോടെ വാങ്ങിയെടുത്താല്‍ അവരുടെ മുഖത്ത് ഒരു സംതൃപ്തി കളിയാടും.) കളിയാക്കപ്പെടാന്‍ വേണ്ടി മാത്രം ജന്മമെടുത്ത ഞാനും കൂട്ടത്തില്‍.

ഈ വൈകുന്നേരങ്ങളിലാണ് നമ്മുടെ നായകന്‍ പണി കഴിഞ്ഞ്, അത്യാവശ്യത്തിനു അന്തി മോന്തി കുളിക്കാന്‍ വരുക. പുള്ളി ഒരു വ്യത്യസ്തനാം കുടിയന്‍. കുടി കഴിഞ്ഞാല്‍ ഭയങ്കര വിനയം. ഭക്തി പാട്ടുകള്‍ ഈണത്തില്‍ പാടും. അന്നത്തെ പാട്ട്.....
“ആനത്തലയോളം വെണ്ണ തരാമെടാ, ആനന്ദ ഗോപാലാ....” ആയിരുന്നു.

    സഖാവ്, ശങ്കുമാര്‍ക്ക് ചാരം (പണ്ടത്തെ ഒരു ലുങ്കി ആണേ) അഴിച്ചു നിലത്തിട്ടു. തലയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ചു അരയില്‍ ചുറ്റി. ചാഞ്ചാടി ആടി ജിമ്നാസ്ടിക് പ്ലേയറുടെ മെയ്‌ വഴക്കത്തോടെ വള്ളി നിക്കര്‍ (വരയന്‍ ഡ്രായര്‍) അഴിച്ചു നിലത്തിട്ടു. അതിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു കഷണം “501” (പഴയ ഒരു ബാര്‍ സോപ്പിന്റെ ബ്രാണ്ടാണെ) എടുത്തു. കല്ലില്‍ ശ്രദ്ധയോടെ അലക്കാന്‍ തുടങ്ങി. പുല്ലുള്ള ഭാഗം നോക്കി ശ്രദ്ധയോടെ വിരിച്ചിട്ടു. “കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്”.

കല്ലില്‍ കയറി ഇരുന്നു ഞങ്ങളെ ഉപദേശിക്കാന്‍ തുടങ്ങി. പണി കിട്ടിയില്ലെങ്കില്‍ അതുവരെ പത്ത് വാഴ നട്ടൂടെ? ഇങ്ങനെ എന്തിനാ ജീവിതം തുലക്കുന്നത്? ........... അപ്പോള്‍ കല്ലിനു താഴെ ഒരനക്കം. പുള്ളി നോക്കി. കല്ലിനടിയില്‍ ഒരു വല്യ ആമ !!!.

പുള്ളി അതിനെ പിടിച്ചു. വള്ളിനിക്കറിന്റെ പോക്കറ്റില്‍ ഇടാന്‍ നോക്കി. ഭയങ്കര ടൈറ്റ്. “ പോക്കറ്റ്‌ കീറിയാലും ആമ കേറണം” എന്ന് നമ്മള്‍ എല്ലാ മലയാളികളെയും പോലെ പുള്ളിയും ചിന്തിച്ചു കാണണം. ഒടുവില്‍ പോക്കറ്റ്‌ കീറാതെ ആമയെ ഉള്ളിലാക്കി. എന്നിട്ട് കുളിക്കാന്‍ ഇറങ്ങി. കഴുത്തോളം വെള്ളത്തില്‍ ഇറങ്ങി വീണ്ടും തുടങ്ങി ...
” ആനത്തലയോളം വെണ്ണ തരാമെടാ.......”

അപ്പോള്‍ ആണ് ഒരാള്‍ വള്ളി നിക്കര്‍ അനങ്ങുന്നത് കണ്ടത്. ആമ പോക്കറ്റില്‍ നിന്ന് തല നീട്ടി പുറത്തു വരാന്‍ ശ്രമിക്കുന്നു. പക്ഷെ, ടൈറ്റ് ആയ കാരണം പുറത്തു വരാന്‍ പറ്റുന്നില്ല. ആമ ആര് മോന്‍? നിക്കറുമായി, മെല്ലെ ചലിക്കാന്‍ തുടങ്ങി. നമ്മള്‍ ചിരി അടക്കി വായ പൊത്തി നോക്കി നിന്നു. കഥാനായകന്‍, ഇതൊന്നും അറിയാതെ പാട്ട് തുടര്‍ന്നു കൊണ്ടേ ഇരുന്നു.ആമ മെല്ലെ പുഴയില്‍ എത്തി ഒറ്റ ഊളിയിടല്‍. ആമയും നിക്കറും മാഞ്ഞു പോയി.

പുള്ളി,പാട്ടും കുളിയും കഴിഞ്ഞു കര കയറി. വിലപ്പെട്ട സാധനം കാണുന്നില്ല. പുള്ളി ഞങ്ങളെ സംശയിച്ചു, “ ഒളിച്ചു വച്ചവന്‍, ആരാടാ? താടാ വേഗം .”

ഒരാള്‍ വിളിച്ചു പറഞ്ഞു, “ അമ്മാവോ, അമ്മാവന്‍റെ നിക്കര്‍ ആമ കൊണ്ട് പോയി.” അയാള്‍ വിശ്വസിച്ചില്ല. നമ്മളോട് ദയ തോന്നിയ ആമ ജലപ്പരപ്പില്‍ പൊങ്ങി വന്നു. ഞങ്ങള്‍ കൂകി വിളിച്ചു അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു. അയാള്‍ നിക്കറിനെയോ, ആമയെയോ പിടിക്കാന്‍ ആഞ്ഞു. വീണ്ടും ആമ മുങ്ങി. പിന്നെ ആ ആമയെയും നിക്കറിനെയും ആരും കണ്ടിട്ടില്ല.

പിന്നീട്, പുള്ളി കവലയില്‍ വരുമ്പോള്‍ ഞങ്ങളില്‍ ആരെങ്കിലും മറഞ്ഞു നിന്നു “ഹേയ്...പൂയ്‌....ആമാനിക്കറേയ്.....” എന്ന് വിളിക്കും. ആ സൌമ്യനായ മനുഷ്യന്‍ സൌമ്യത വെടിഞ്ഞു തനിക്ക് അറിയാവുന്ന തെറികള്‍ മൊത്തവും, തെറികളുടെ സഫിക്സും പ്രിഫിക്സും മാറ്റി പുതിയ തെറികള്‍ ഉണ്ടാക്കിയും ആവര്‍ത്തനം ഒഴിവാക്കി ഒരു അരമണിക്കൂര്‍ വച്ചു കാച്ചും.

7 comments:

 1. പൊട്ടാ,
  അക്ഷരപിശക് വേണ്ട്വോളം ണ്ട് ട്ടാ. ങ്ങള് അതൊന്നു നോക്കിക്കാള.....
  എഴുത്ത് നന്നായിട്ടുണ്ട്.

  ReplyDelete
 2. ആമ നിക്കര്‍ കൊള്ളം....

  ReplyDelete
 3. നന്നായിട്റ്റ് എഴുതി

  ReplyDelete
 4. ANUBHAVAMO ? BAVANAYO?

  Enthayalum rasakaram.VERY GOOD.

  AA PUZHAKKADAVU evida?. NJANUM VARATTE?

  ReplyDelete
 5. സംരക്ഷിത വര്‍ഗ ത്തില്‍ പെടും ആമ,അതിനെ നിക്കറിടിച്ചത്‌ മൃഗ സ്നേഹികളറിഞ്ഞാല്‍ അവര്‍ നിങ്ങളുടെ ട്രൌസര്‍ അഴിപ്പിക്കും.ജാഗ്രത

  ReplyDelete
 6. വ്യത്യസ്തനാം ആമയെ സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞില്ല.

  ReplyDelete
 7. പാവം ആമ. അത് മരിയ്ക്കാനാവും വെള്ളത്തിൽച്ചാടിയത്...
  എഴുത്ത് ഇഷ്ടമായി.

  ReplyDelete