Sunday, November 6, 2011

“അപ്പാ........പോലീസ്”


പൊട്ടന്‍ ഒരു സര്‍ക്കാര് പള്ളിക്കുടത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. പൊട്ടന്‍റെ സ്കൂളില്‍ ആകപ്പാടെ എക്വിപ്മെന്‍റ്സ് ഉള്ള സ്പോര്‍ട്സ്‌ കബഡി ആയിരുന്നു. കബഡിക്കെന്താ എക്വിപ്മെന്‍റ്സ്? വരയിടാന്‍ ചെത്തി മിനുക്കിയ ഒരു പുളിയങ്കമ്പു മാത്രം. അതു പോലും ജയില്‍ വാര്‍ഡന്‍റെ കോഴ്സ്‌ ഒന്നാം റാങ്കില്‍ പാസ്സായ അശ്ശട കൊശ്ശടന്‍ പി. റ്റി. മാഷിന്‍റെ ഔദാര്യത്തില്‍ !!!

പൊട്ടന്‍റെ ശരീര പ്രകൃതി വച്ച് ആരും ടീമിലെടുക്കില്ല. ഒരു ഊസ്റ്റ്‌ വേസ്റ്റ് കേസ്. കബഡി കളിയില്‍ ഒരു കിടിലന്‍ പ്ലേയര്‍ ഉണ്ട്. അജയന്‍.... അവന്‍ അജയ്യനാണ്. അവന്‍റെ  മസ്സില് വളര്‍ച്ചയുടെയും ബുദ്ധി വളര്‍ച്ചയുടെയും ഗ്രാഫ് വരച്ചാല്‍ വണ്‍ടെ ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ ചേസ് ചെയ്യുന്ന ഹോളണ്ടിന്‍റെ റണ്‍ റേറ്റ് പോലെ ഇരിക്കും.

അവന്‍ കബഡി കളിയില്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും. “കബഡി....കബഡി....” എന്ന് പറഞ്ഞു, മറു പക്ഷത്തെ കളിക്കാരെ പുറകിലെ വരയുടെ അടുത്താക്കും. എന്നിട്ടു കൈകൊണ്ടു ആംഗ്യം കാണിക്കും, വഴി മാറാന്‍. എന്നിട്ടു പുറത്തേക്കു പോകും. കളത്തിനു പുറത്തു ഒരു കല്ലില്‍ കയറി ഇരുന്നു, “ കബഡി....കബഡി” എന്ന് ബോറടിക്കുന്നതുവരെ പിറുപിറുക്കും. തോന്നുമ്പോള്‍ എണീക്കും. കളത്തില്‍ വരും. തുടകളില്‍ തട്ടി വെല്ലു വിളിക്കും. വന്നു പിടിക്കാന്‍ ആംഗ്യം കാണിക്കും. പിടിച്ചില്ലെങ്കില്‍ കാലും കയ്യും വീശി തൊഴി തുടങ്ങും. അത് കൊണ്ട് ഓരോരുത്തരായി ചാടി കയ്യിലും കാലിലും തോളിലും പിടിച്ചു തൂങ്ങും. അവന്‍, ആന ഫ്രീയായി കിട്ടിയ ഓലമടല് വലിച്ചോണ്ട് പോകുന്നത് പോലെ വലിച്ചോണ്ട് പോകും. ഇടയ്ക്കു എല്ലാരും ചാടി വീഴുന്ന ടൈമിംഗ് അപാരമായി മാച്ച് ആകുമ്പോള്‍ അവന്‍ കീഴടങ്ങാറുണ്ട്.

അപ്പോള്‍, കബഡി ടീമില്‍ കയറി പറ്റാന്‍ ഒറ്റ വഴി. അവന്‍റെ ചങ്ങാത്തം. അവന്‍റെ ടീമാകുമ്പോള്‍ ഒന്നല്ല, മൂന്ന് പൊട്ടന്‍ വന്നാലും അവന്‍ ജയിച്ചോളും.പക്ഷെ, ഒരേ ക്ലാസ്സാണെങ്കിലും പൊട്ടനോട് വല്യ ലോഹ്യം ഇല്ല. അവന്‍റെ അടുത്ത് കിട്ടിയാല്‍ പൊട്ടന്റെ കയ്യിലെ മസ്സില് പിടിച്ചു വലിച്ചു “ പൂച്ചകുട്ടി” ഉണ്ടാക്കി കൊടുക്കും. “ഇലാസ്തികത” എന്നാ ഭൌതീക തത്വം പിന്തുടരാന്‍ മസ്സില് ബാധ്യസ്ഥനായ കാരണം അല്‍പ നേരം പൊട്ടന് വേദന നല്‍കി മസ്സില്‍ പൂര്‍വാവസ്ഥ പ്രാപിക്കുമായിരുന്നു.

അജയന്‍ രാവിലെ പുട്ട് അടിക്കുന്നത്, പൊട്ടന്റെ അച്ഛന്‍റെ ചായക്കടയീന്നാണ്.. ഒരു ദിവസം അച്ഛന്‍ ഇല്ലായിരുന്നു. അജയന്‍ വന്നു. ഒരു കുറ്റി പുട്ട്, പയറ്, നാലു പപ്പടം ഓര്‍ഡര്‍ ചെയ്തു. സപ്ലയര്‍ കൊണ്ട് വച്ചു. പൊട്ടന്‍ മാനേജരുടെ (??)കസേരയില്‍ നിന്ന് എണീറ്റ്‌ ഒരു മുഴുത്ത പഴം പൊട്ടിച്ചു അവന്‍റെ ഇലയുടെ സൈഡില്‍ വച്ചു.
“ ആര്‍ക്കാടാ, പൊട്ടാ പഴം? നിന്‍റെ അപ്പന്‍ ചോദിച്ചോടാ?”
“ കാശ് വേണ്ട, വെറുതെയാ”, പൊട്ടന്‍ അറച്ചറച്ച് പറഞ്ഞു.
പുട്ടും പയറും പപ്പടവും പല്ലിനു മോളില്‍ തള്ളി നില്‍ക്കുന്ന മോണ കാട്ടി അവന്‍ ചിരിച്ചു. ചിരിച്ചപ്പോള്‍ കുറെ പുട്ട് ഇലയില്‍ വീണു.

ഇടയ്ക്കിടെ ഇത് ആവര്‍ത്തിച്ചപ്പോള്‍ അജയന്‍ പൊട്ടനെ നോക്കി ചിരിക്കാനും തോളില്‍ തട്ടാനും തുടങ്ങി. മസ്സില് പിടിച്ചു “പൂച്ചക്കുട്ടി” വരുത്തുന്ന പതിവും നിര്‍ത്തി. വഴിയില്‍ കണ്ടാല്‍ അവന്‍റെ “ ഹെര്‍ക്കുലീസ്  മൊരടന്‍ ലോഡ്‌ സൈക്കി” ളില്‍ ലിഫ്റ്റ്‌ താരനും തുടങ്ങി.

പൊട്ടന്‍ തക്കം നോക്കി അവന്‍റെ കബഡി ടീമില്‍ കയറാനുള്ള പൂതി അവതരിപ്പിച്ചു. അജയന്‍ സമ്മതിച്ചു. കളി തുടങ്ങി. അജയന്‍ വിളിച്ചു പറഞ്ഞു. “ പൊട്ടാ, നീ ഫസ്റ്റ് റൈഡ്” പൊട്ടന്‍ നടുവര തൊട്ടു തൊഴുതു. “കബഡി......കബഡി” . രണ്ടടി മുന്നോട്ടു വച്ചു. ആരോ പൊട്ടന്‍റെ കയ്യില്‍ പിടിച്ചു ഒറ്റ വലി. അത്രയെ പൊട്ടന് ഓര്‍മയുള്ളൂ.  പിന്നെ എല്ലാരും വന്നു പൊട്ടന്‍റെ മേലെ ഒരു ആക്രമണം ആയിരുന്നു. പൊട്ടന്‍റെ ചുണ്ട് പൊട്ടി ചോര. കയ്യിലും കാലിലും തൊലി അവിടവിടെ ഇല്ല. മിക്കവാറും എല്ലാ രാജ്യങ്ങളുടെയും ചുവന്ന മാപ്പ്. ഇട്ടിരുന്ന ബനിയന്‍ കീറി. നിക്കറിന്‍റെ തയ്യലും വിട്ടു. അജയന്‍ പറഞ്ഞു, “ പൊട്ടാ, ഇനി നാളെ, ഇന്ന് റസ്റ്റ്‌ എട്”.

അടുത്ത ദിവസം വീണ്ടും അജയന്‍, “ പൊട്ടാ ഫസ്റ്റ് റൈഡ്”. പൊട്ടന്‍ നടുവര തൊട്ടു തൊഴുതു. രണ്ടടി വച്ചാലല്ലേ, പൊക്കൂ. പൊട്ടന്‍ ഒരടി വച്ചു. മറ്റേ കാല്‍ നടുവരയുടെ മോളില്‍ വച്ചു ...” കബഡി....... കബഡി”. ആരെങ്കിലും വന്നു തൊടണം. അപ്പോള്‍ നടുവരയില്‍ കാല് ചവിട്ടണം. ഒരുത്തന്‍ ഔട്ട്‌. ഒരു പോയിന്‍റ്. പൊട്ടന്‍ അങ്ങനെ നിന്ന് കുറെ നേരം ബാലന്‍സ് തെറ്റിയും തെറ്റാതെയും ഒറ്റക്കാലില്‍ ആടി. കുറെ കഴിഞ്ഞപ്പോള്‍ എതിര്‍ ടീമില്‍ നിന്ന് രണ്ടു പേര്‍ വന്നു പൊട്ടന്‍റെ അടുത്ത് നിന്നു. ഒരുത്തന്‍ കൈ നീട്ടി പൊട്ടന്‍റെ കയ്യില്‍ തൊട്ടു..തൊട്ടില്ല ..എന്ന മട്ടില്‍ നിന്നു. പൊട്ടന്‍ കൈ അല്പം നീട്ടി അവനെ തൊടാനാഞ്ഞു. മറ്റവന്‍ മിന്നായം പോലെ നിലത്തിരുന്ന് കാല് വീശി. പൊക്കി വച്ച കാലു നടുവരയില്‍ തൊടാനുള്ള ഭാഗ്യം പോലും കിട്ടാതെ പൊട്ടന്‍ മൂക്കും കുത്തി എതിര്‍ ടീമിന്‍റെ കളത്തിന് നടുക്ക്. അന്നൊക്കെ വേള്‍ഡ് വൈഡ്‌ റസ്ലിംഗ് പ്രബലമല്ലെങ്കിലും ഓരോരുത്തരായി വന്നു അതിനേക്കാള്‍ ഭംഗിയായി പൊട്ടനു മേല്‍ വീണു കൊണ്ടേയിരുന്നു.

പൊട്ടന്‍ അതോടെ കബഡികളി നിര്‍ത്തി. അജയനുമായുള്ള ചങ്ങാത്തം നിര്‍ത്തിയില്ല.

അജയന്‍റെ അച്ഛന് ഒരു ചെറിയ ബിസിനസ്സ് ഉണ്ടായിരുന്നു. അക്കാലത്തു ദിവസക്കൂലി പതിനച്ചോ ഇരുപതു രൂപയോ ആയിരുന്നു. സ്വദേശിയും വിദേശിയും സാധാരണ മദ്യപര്‍ക്ക് അപ്രാപ്യമായിരുന്നു. അവരെ സഹായിക്കാന്‍ അല്പം വ്യാജന്‍റെ വില്‍പ്പന. ഇടയ്ക്കിടെ പോലീസ് വരും. കവലയില്‍ വണ്ടി നിര്‍ത്തി നടപ്പാത കടന്നു വരുന്നത്, അപ്പന് കാണാം. വാഴത്തോട്ടത്തില്‍ പോലീസ് എത്തും മുന്‍പ് പുള്ളി ഓടും. കുറെ ഓടിയാല്‍ ഒരു വൈക്കോല്‍ കൂന ഉണ്ട്. ഇതാണ് ഒളിത്താവളം. അജയനും അപ്പനും പൊട്ടനും സര്‍വ്വമാന കുടിയന്മാര്‍ക്കും അറിയാം. പോലീസിനു മാത്രം അറിയില്ല.

ഒരു ദിവസം പൊട്ടനും അജയനും  സ്കൂള്‍ കഴിഞ്ഞു സന്ധ്യാ നേരം കവലയില്‍ എത്തിയപ്പോള്‍ ഒരു പോലീസ് വാന്‍. മൂന്ന് നാല് പോലീസുകാരും ഉണ്ട്. അജയന്‍റെ ബുദ്ധി ഉണര്‍ന്നു. “ പൊട്ടാ, ഇന്ന് അപ്പനെ പൊക്കും” . നമുക്ക് ഓടി പോയി അപ്പനോട് മുങ്ങാന്‍ പറയാം. അജയനും പൊട്ടനും ഓടി വാഴത്തോട്ടത്തില്‍ എത്തി. അപ്പനെ തേടി. വാഴത്തോട്ടത്തില്‍ ഇരുട്ടത്ത്‌ ഒരു രൂപം കണ്ടു. അജയന്‍ അടുത്ത് പോയി തോണ്ടി വിളിച്ചു. ”അപ്പാ...അപ്പാ..പോലീസ്”


രൂപം തിരിഞ്ഞു. കപ്പടാ മീശ. പറ്റെ വെട്ടിയ മുടി. കാക്കി പാന്‍റ്. അത് അപ്പനല്ല, പോലീസായിരുന്നു!!!!!!!!!


 പോലീസ് അജയനെ കോളറില്‍ പിടിച്ച് തൂക്കി. ഒരു ചീത്ത വിളി “ എവിടെടാ നിന്‍റെ കോപ്പന്‍?” പൊട്ടനെയും പോലീസ് കണ്ടു. “ പിടിയെടാ, ആ @#$#@----യെ” പൊട്ടന്‍ ഒറ്റ ഓട്ടം. കുറെ ഓടി. രൂപം കണ്ടപ്പോള്‍ എട്ടില്‍ പഠിക്കുന്ന ഏതോ പൊട്ടനെന്നു പോലീസിനു തോന്നി കാണും. പൊട്ടനെ വിരട്ടിയ പോലീസുകാരന്‍ വിട്ടു.

അജയനെ പൊക്കിയ പോലീസിന്‍റെ തെറി കേട്ട്, മറ്റു പോലീസുകാര്‍ ഓടി വന്നു. അപ്പോഴാണ് അജയനു മനസ്സിലായത്‌ കവലയില്‍ മൂന്നോ, നാലോ പേരെ പോലീസുകാരെ നിര്‍ത്തി ബാക്കിയുള്ളവര്‍ നേരത്തെ തന്നെ അപ്പനെ തേടി വാഴ തോട്ടത്തില്‍ നടക്കുവാണെന്ന്.

കുറെ പോലീസിനെ കണ്ടപ്പോള്‍ നമ്മുടെ ധീരനായ നായകന്‍ ഉറക്കെ  നിലവിളിക്കാന്‍ തുടങ്ങി. പോലീസുകാര് കേള്‍ക്കാതെ തന്നെ അപ്പന്‍ ഒളിച്ചിരിക്കുന്ന സ്ഥലം ഗൂഗിള്‍ മാപ്പിലെ സൂമിനെക്കള്‍ വ്യക്തമായി വ്യക്തമാക്കി കൊടുത്തു. മകനെയും കൊണ്ടുപോയി അവര്‍ അപ്പനെ പൊക്കി. കന്നാസും തലയില്‍ വച്ചു പോലീസിനൊപ്പം നടന്നു പോകുമ്പോള്‍ അപ്പന്‍ വഴിയില്‍ കിടന്ന ഒരു കല്ലെടുത്ത് അജയന്‍റെ നേര്‍ക്ക്‌ ഒറ്റ ഏറ്, “ ഡാ, ഞാന്‍ ജാമ്യത്തില്‍ വരും, പിന്നെയും ഇവമ്മാര് പൊക്കും, അത് നിന്നെ കൊന്നതിനായിരിക്കുമെടാ!” 

13 comments:

  1. മസ്സില് വളര്‍ച്ചയുടെയും ബുദ്ധി വളര്‍ച്ചയുടെയും ഗ്രാഫ് വരച്ചാല്‍ വണ്‍ടെ ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ ചേസ് ചെയ്യുന്ന ഹോളണ്ടിന്‍റെ റണ്‍ റേറ്റ് പോലെ ഇരിക്കും... ഇഷ്ടപ്പെട്ടു.

    ReplyDelete
  2. ഹ ഹാ.. ഒരു ലൈവ് കംമെന്റ്രി കേട്ട സുഖം ..കൊള്ളാം..
    മനുലോകം കാണൂ..

    ReplyDelete
  3. pottatharangal..thuraratte...aasamsakal

    ReplyDelete
  4. ഇത് പെരുത്ത ഇഷ്ട്ടമായി . നല്ല naration. വീണ്ടും വരാം.

    ReplyDelete
  5. പൊട്ടന് ആശംസകള്‍....ഇനിയും എഴുതുക...

    ReplyDelete
  6. nannayi ...prayogangaloke kasari..
    aasamsakal

    ReplyDelete
  7. വായിച്ചു.... ആശംസകള്‍

    ReplyDelete
  8. ഉപമകളും നര്‍മ്മം കലര്‍ന്ന എഴുത്ത്രീതിയും കാണാന്‍ ഇനിയും വരും.

    ReplyDelete
  9. രസായീ ഈ എഴുത്ത് ആശംസകള്‍ :)

    ReplyDelete
  10. എഴുത്ത് ഇഷ്ടായി ...ആശംസകള്‍

    ReplyDelete