Monday, October 10, 2011

സ്വാര്‍ത്ഥന്‍


നേട്ടത്തിനായി  ഞാന്‍ കൂട്ടങ്ങള്‍ കൂട്ടും
കൂട്ടം പിരിഞ്ഞു ഞാന്‍ ഒറ്റയാനാകും
കാട്ടിക്കൊടുക്കും ; കൂട്ടിക്കൊടുക്കും
പിന്നില്‍ ചിരിക്കും; മുന്നില്‍ കരയും

നിന്‍റെ നഷ്ടങ്ങളില്‍ കാണുമെന്‍ ലാഭം
നിന്‍റെ ലാഭങ്ങളില്‍ കാണുമെന്‍ രോഷം
കത്തിപ്പടരുമ്പോള്‍  ഒരു തുടം എണ്ണ
കത്തി അമരുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍

അനിഷ്ടമായ്‌ നീ മറക്കാന്‍ തുടിക്കും
സഹതാപ വാക്കാല്‍ അതു ഞാന്‍ മുടക്കും
സന്തോഷമായി നീ പറയാന്‍ ശ്രമിക്കും
മറ്റൊന്നു ചൊല്ലി അത് ഞാന്‍ മുടക്കും

അഭിനന്ദിക്കുവാന്‍ ഞാന്‍ കൈകള്‍ കുലുക്കും
ചിരിയോടെ ഞാന്‍ നിന്‍റെ തോളില്‍ തലോടും
കാര്‍മേഘമൊന്നെന്‍ മനസ്സില്‍ കറുക്കും
ചിരിയായി നീ ഒരു വെന്‍മേഘം കാണും


നിന്‍ മുന്‍പില്‍ ഞാന്‍ നിന്‍ കുഞ്ഞിനെ കൊഞ്ചും
ഞാന്‍ മാത്രമുള്ളപ്പോള്‍ ആട്ടി അകറ്റും
നിന്‍ ഉദ്ദ്യമത്തിനായ് എന്നുമെന്‍ പ്രേരണ
ഉള്ളില്‍ കൊതിക്കും നിന്‍സ്സര്‍വ്വ നാശം

വിദൂരത്തിലുള്ലോര്‍  തന്‍ നേട്ടം വിളമ്പും
അയല്‍വാസിയാം നിന്‍ കോട്ടം പരത്തും
എനിക്ക്  നീ ചെയ്‌വതേതുമേ  നിന്‍ പുണ്യം
നിനക്കു ഞാന്‍ ഏകുകില്‍ അത് താന്‍ ദാനം

4 comments:

  1. നിന്നെഴുത്തിൽ ഞാൻ കാണുന്നു കവിത
    പിന്നിലെ പ്രേരണയെന്താകിലും
    എന്നുമെഴുതേണമീവിധമെങ്കിൽ
    ഉന്നതങ്ങളിലെത്തുമെന്നെന്നാശംസകൾ

    ReplyDelete
  2. വിശാലമായ നിരീക്ഷണങ്ങള്‍ .നല്ല തത്വചിന്തകള്‍ .തുടരുക.

    ReplyDelete
  3. നന്നായി ..ആശംസകള്‍ ..

    ReplyDelete
  4. ആഹാ! ഞാൻ കാണാൻ വൈകിയല്ലോ എന്ന സങ്കടം!.ജീവിതത്തിൽ കണ്ടുമുട്ടിയ പല ചിത്രങ്ങളും ഒന്നിച്ചു കിട്ടി. അഭിനന്ദനങ്ങൾ......

    ReplyDelete