Saturday, November 19, 2011

രണ്ടു അധ്യാപികമാര്‍

അധ്യാപിക ഒന്ന്: രംഗം : ഒന്ന്

ഒരു ബി.എട് കോളേജിലെ ഒരു ക്ലാസ്സ്‌ റൂം.

പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം.

ഒരു വിദ്യാര്‍ഥി വളരെ ലേറ്റ് ആയി ക്ലാസ്സില്‍ എത്തുന്നു. വാതില്‍ക്കല്‍ തല കാണിച്ചു അങ്ങനെ നില്‍ക്കുന്നു. ക്ലാസ്സില്‍ ഒരു പൊട്ടിച്ചിരി. അധ്യാപിക വാതില്‍ക്കല്‍ നോക്കുന്നു. ആ കുട്ടിയോട് അകത്തു വരാന്‍ പറയുന്നു.

ഈ രംഗം തുടര്‍ന്നുള്ള മൂന്നു ദിവസവും ആവര്‍ത്തിക്കുന്നു. മൂന്നാം നാള്‍ ക്ലാസ്സ്‌ തീര്‍ന്നപ്പോള്‍ ആ അധ്യാപിക വിദ്യാര്‍ഥിയുടെ തോളില്‍ തട്ടി, “പ്ലീസ്‌ കം വിത്ത്‌ മി ടു ദ സ്റ്റാഫ്‌ റൂം”.

“എന്താ, എന്നും ലേറ്റ്, മറ്റു കുട്ടികളെ ചിരിപ്പിക്കാനാണോ?”

“അല്ല, മാം.”

“പിന്നെ?”

“അത്....അത്......”

“എന്തായാലും പറയു”

“മാം, എന്‍റെ പഠനച്ചെലവ് വീട്ടില്‍ നിന്നും തരുന്നില്ല, ഞാന്‍ വീണ്ടും പഠിക്കുന്നതിനോട് വീട്ടില്‍ ആര്‍ക്കും യോജിപ്പില്ല, എന്തെങ്കിലും പണിക്കു പോകാന്‍ പറയുന്നു. എനിക്ക് ഒരു അധ്യാപകനാകണം. പഠനച്ചെലവിനു ഞാന്‍ ട്യൂഷന്‍ എടുക്കുന്നു. ട്യൂഷന്‍ എടുത്തിട്ട് എത്തുമ്പോള്‍ ലേറ്റ് ആകുന്നതാണ്.”

“ വീട്ടുകാര്‍ക്ക് പഠനച്ചെലവ് തരാന്‍ പ്രാപ്തി ഉണ്ടോ?”

“ അച്ഛന്‍ കുടിക്കുന്നതില്‍ പകുതി കിട്ടിയാല്‍ മതി, എനിക്ക് പഠിക്കാന്‍. പക്ഷെ തരില്ല. മൂത്ത സഹോദരങ്ങള്‍ ചെലവിനു കൊടുക്കുന്നു, ഞാന്‍ ജോലി ചെയ്താല്‍ അവരുടെ ഷെയര്‍ കുറക്കാം. അതിനാലാണ് ആര്‍ക്കും ഞാന്‍ ഇവിടെ പഠിക്കുന്നതിനോട് താല്പര്യം ഇല്ലാത്തത് “

“സാരമില്ല, ലേറ്റ് ആയി വന്നോളു.”, അധ്യാപിക തോളില്‍ തട്ടി പോകാന്‍ ആംഗ്യം കാണിച്ചു.
തന്നെക്കാള്‍ മൂന്നോ നാലോ വയസ്സ് കൂടുതലുള്ള ആ അധ്യാപികയില്‍ അവന്‍ ഒരു നല്ല അമ്മയെ കണ്ടു. കണ്ണുകള്‍ നിറഞ്ഞു പോയി.

രംഗം : രണ്ട്

പ്രാക്ടിക്കല്‍ എക്സാം.

ആദ്യ ദിവസം ടീച്ചിംഗ് എയ്ടുകളുടെ പ്രദര്‍ശനം.

കാശ് വളരെ ചിലവാക്കി ഉണ്ടാക്കിയ എയ്ടുകളുമായി മറ്റുള്ളവര്‍. തുച്ചമായ തുകക്ക് കാര്‍ഡ്‌ബോഡില്‍ തട്ടിക്കൂട്ടിയ എയ്ടുമായി ഈ വിദ്യാര്‍ഥി. ഡിരക്ടരുടെ പരിശോധന.

അദ്ദേഹം പുച്ഛത്തില്‍ ഒന്ന് നോക്കി. മാര്‍ക്ക്‌ ഇട്ടു പോയി. അധ്യാപിക വിദ്യാര്‍ഥിയുടെ അരികില്‍ എത്തി.

“മാര്‍ക്ക്‌, തീരെ കുറവാണ് കേട്ടോ, പ്രാക്ടിക്കലിന് ക്ലാസ്സ്‌ കിട്ടാന്‍ ഇനി കഷ്ടമാണ്”
രംഗം : മൂന്ന്

പ്രാക്ടിക്കല്‍ പരീക്ഷ. വിദ്യാര്‍ഥിക്ക് കിട്ടിയ പാഠം “താപം” ക്ലാസ്സ്‌, ഏഴ്.

കുട്ടികളുടെ കൈകള്‍ തമ്മിലുരസി ചൂടുണ്ടാക്കി അവര്‍ക്ക് ഘര്‍ഷണം കൊണ്ട് തപമുണ്ടാക്കുന്നത് പറഞ്ഞു കൊടുത്തു.

അടുത്തത് താപമാനിയുടെ ആവശ്യം പറഞ്ഞു കൊടുക്കണം.

“കുട്ടികളെ, ആരുടെ വീട്ടിലൊക്കെ മുത്തശ്ശി ഉണ്ട്?”

കുറേപ്പേര്‍ കയ്യുയര്‍ത്തി.

“അവരൊക്കെ ചൂടു വെള്ളത്തിലാണോ കുളിക്കുക?”

വീണ്ടും കുറേപ്പേര്‍ കയ്യുയര്‍ത്തി.

“ ആ വെള്ളത്തില്‍ തൊട്ടിട്ടുണ്ടോ”

“ അതെ”

അതിലൊരാരളിനോട് ചോദിച്ചു. “ അത് എത്രയാ ചൂട്?”

“ ഭയങ്കര ചൂട് “

“മുത്തശ്ശിയും അങ്ങനാണോ പറയുക?"

“അല്ല.”

പിന്നെ?”

“പച്ചവെള്ളം പോലെ ഇരിക്കുന്നു”

“ ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് ചൂട് ഓരോരുത്തര്‍ക്കും അനുഭവപ്പെടുന്നത്, വ്യത്യസ്ത തരത്തിലാണ്. അതിനാല്‍ താപം അളക്കുവാന്‍ ഒരുപകരണം വേണം, അതാണ്‌ താപമാപിനി.”
താപമാപിനിയെ കുറിച്ച് പഠിപ്പിച്ചു, ചോദ്യങ്ങള്‍ കേട്ട്, ഒരു ആവര്‍ത്തനം നല്‍കി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

ട്യൂഷന്‍ വയിറ്റ് പിഴപ്പാക്കിയ ആ വിദ്യാര്‍ഥിക്ക് പഠിപ്പിക്കല്‍ വളരെ ലഘുവായിരുന്നു.

മാര്‍ക്ക് ഇടാന്‍ വന്നത് അതെ അധ്യാപിക.

“ കണ്‍ഗ്രാട്സ്, നന്നായി പ്രാക്ടിക്കലിന് ക്ലാസ്സ്‌ ഉറപ്പാ.”

മാര്‍ക്ക്‌ ലിസ്റ്റ്‌ ഡിരക്ടരുടെ അടുത്തെത്തി.

“ ഇട്സ്, ഇമ്പോസ്സിബിള്‍, ഹൌ ഡെയര്‍ സച് എ ഹൈ മാര്‍ക്ക്‌ വാസ്‌ റിവാര്‍ടെഡ് ഇന്‍ പ്രാക്ടിക്കല്‍സ്?”

“ ഹി ഡിസെര്‍വ്, സാര്‍”

“ലെറ്റ്‌, മി സീ ഹിസ്‌ ക്ലാസ്സ്‌”

ആ ക്ലാസ്സ്‌ ഒന്ന് കൂടി ആവര്‍ത്തിക്കപ്പെട്ടു. അദ്ദേഹം ക്ലാസ്സ്‌ കഴിഞ്ഞ്, ആ വിദ്യാര്‍ഥിക്ക് കൈ കൊടുത്തു, “ വെല്‍ ഡോണ്‍”

................................................................................................

അദ്ധ്യാപിക : രണ്ട്

ചില അധ്യാപികമാരുണ്ട്. ഒരു കാരണവുമില്ലാതെ, ചില വിദ്യാര്‍ഥികളോട് വെറുപ്പ്‌ കാണിക്കും. ചിലരോട് സ്നേഹവും. ജാതി, മത, ഭാഷാ പരിഗണനകള്‍ മറികടക്കാനാകാത്ത ചിലര്‍.
അങ്ങനെയുള്ള ഒരു അധ്യാപിക.

രംഗം: ഫിസിക്സ് ലാബ്‌.

ഫൈനല്‍ പ്രാക്ടിക്കല്‍ ഏക്സാമിന്റെ നറുക്കെടുപ്പ്. ഈ വിദ്യാര്‍ഥിക്ക് കിട്ടുന്ന പരീക്ഷണത്തിന്‌ അമ്മീറ്റര്‍ (കറന്റ് അളക്കുന്ന ഉപകരണം) വേണം. നോക്കിയപ്പോള്‍ നന്നായി വര്‍ക്ക് ചെയ്യുന്നത് ഇല്ല. വോള്‍ട്ട് മീറ്റര്‍ ഉണ്ട്. അതിനെ അമ്മീറ്റര്‍ ആക്കി മാറ്റാന്‍ വിദ്യാര്‍ഥിക്ക് അറിയാം. കോളേജില്‍ ഉപയോഗിക്കാത്ത സര്‍ക്യൂട്ട് വരയ്ക്കണം. അല്പം ടേബിള്‍ മാറ്റണം. ഒരു റെസിസ്ടര്‍ ഉപയോഗിച്ച് വോള്‍ട്ട് മീറ്ററിനെ അമ്മീറ്ററാക്കാം.

വിദ്യാര്‍ഥി പുതിയ സര്‍ക്യൂട്ട് വരച്ചു.

എല്ലാം കണക്ട് ചെയ്തു.

വെരിഫിക്കഷന് അധ്യാപിക എത്തി

“ എന്താ, ഇത് വരച്ചു വച്ചിരിക്കുന്നത്?”

“ ശരിയാണ് മാം, ഇവിടെ ഉള്ള അമ്മീറ്റര്‍ പ്രോപ്പറായി വര്‍ക്ക്‌ ചെയ്യുന്നില്ല. അത് കൊണ്ട് സര്‍ക്യൂട്ട് മാറ്റി.”

“ ഉള്ളത്, എടുത്തു ഫിറ്റ്‌ ചെയ്യ്, റീഡിംഗ് എടുക്കണ്ട, ഗ്രാഫ് കിട്ടാന്‍ സ്വയം റീഡിംഗ് ഇട്ട്, മാനിപുലേറ്റ് ചെയ്”

“ഇല്ല മാം, എനിക്ക് ടേബിള്‍ തീരെ ഓര്‍മ്മയില്ല. അല്പം എങ്കിലും അറിയാമെന്കില്‍ അല്ലെ , മാനിപുലേറ്റ്, ചെയ്യാനാകൂ, എനിക്കുറപ്പുണ്ട്, ഗ്രാഫ് കൃത്യമായി വരും.”

അധ്യാപിക ചുവന്ന പെന്‍ കൊണ്ട് ചിത്രത്തില്‍ വല്യൊരു “X” വരച്ചു.

വിദ്യാര്‍ഥി മുട്ടുകുത്തി ,”പ്ലീസ്‌, മാം എന്നെ പ്രാക്ടിക്കല്‍ ചെയ്യാന്‍ അനുവദിക്കൂ”

അധ്യാപിക പേപ്പര്‍ വലിച്ചെടുത്തു. മുകളില്‍ 0/80 എന്ന് മാര്‍ക്കിട്ടു.

“ആര്‍ യു ഹാപ്പി?”

വിദ്യാര്‍ഥിക്ക് തല ചുറ്റി. ഇതുവരെ തോറ്റിട്ടില്ല. കഴിഞ്ഞ പത്ത് പ്രക്ടിക്കലിനും ഫുള്‍ മാര്‍ക്ക്‌.

നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു.

“ നിങ്ങളുടെ വിവരക്കേടിന്, എന്റെ ജീവിതം നശിപ്പിക്കരുത്, പ്ലീസ്‌....”

ശബ്ദം ഉച്ചത്തിലായിരുന്നു. എച്ച്.ഒ.ഡി. ഓടി എത്തി.

“എന്താ?, നിനക്ക് എന്താ വേണ്ടത്?”

അവന്‍ ഡയഗ്രം കാണിച്ചു കൊടുത്തു.

“ ഇട്സ് പെര്‍ഫക്റ്റ്ലി കറക്റ്റ്‌ , യു കാരി ഓണ്‍”

അവന്‍ പ്രാക്ടിക്കല്‍ തുടര്‍ന്നു. അധ്യാപിക അടുത്ത് വന്നു പല്ലുരുമ്മി, “യു, റാസ്കാല്‍, യു ഹുമിലിയേറ്റഡ് മി? നീ ജയിച്ചൂന്നു, കരുതണ്ട, എന്നെങ്കിലും എന്റെ കയ്യില്‍ കിട്ടും”

16 comments:

  1. നന്നായിരിക്കുന്നു. ഇത് കഥയോ അതോ അനുഭവമോ? ഒരു അദ്ധ്യാപിക എങ്ങനെ ആവണമെന്നും, എങ്ങനെ ആവരുതെന്നും ഉള്ള ഉദാഹരണങ്ങള്‍!

    ReplyDelete
  2. പൊതു ജനം പലവിധം.. എന്നല്ലേ... എല്ലാത്തിലും ഉണ്ട് നല്ലതും ചീത്തയും.. അത് പോലെ അട്യാപകരിലും ഉണ്ടാകും പല കോലതിലുള്ളവര്‍..

    പോസ്റ്റ്‌ നന്നായിട്ടുണ്ട്... ഇനിയും എഴുതുക... ആശംസകള്‍..

    ReplyDelete
  3. നന്ദി, ഖട്ടു, മിനി.

    അനുഭവങ്ങള്‍ തന്നെയാണ്.

    ReplyDelete
  4. നന്നായിട്ടുണ്ട്.....നല്ല അവതരണം

    ReplyDelete
  5. പിഞ്ചിളംമനസ്സില്‍ പതിഞ്ഞ അനുഭവങ്ങളും,പാഠങ്ങളും
    ജീവിതകാലം വരെ നിലനില്‍ക്കും.
    കൊച്ചുചെറുപ്പത്തില്‍ ഗുരുനാഥന്‍മാരോതിയ സദുപദേശങ്ങള്‍ സല്‍കര്‍മ്മപാതകളിലേക്കു നയിക്കുന്ന
    പ്രകാശധാരയാണ്.
    ഇന്നത്തെ കാലത്ത് താങ്കളുടെ രചനയുടെ പ്രസക്തി പ്രാധാന്യമര്‍ഹിക്കുന്നു.അഭിന്ദനങ്ങള്‍!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. http://ettukaliblog.blogspot.com/ eee blog thankaludeth aano?

    ReplyDelete
  7. പ്രിയ സുഹൃത്തെ,
    കുട്ടികളെ നന്നാക്കുവാനും നശിപ്പിക്കുവാനും അദ്ധ്യാപകര്‍ക്ക് കഴിയും. അതു വ്യക്തമാക്കാനുള്ള താങ്കളുടെ ശ്രമം നന്നായിരിക്കുന്നു. ഒരാളുടെ കഠിനാദ്വാനത്തെയും കഴിവിനെയും നശിപ്പിക്കാന്‍ "നീ കൊള്ളില്ല" എന്നോ "നീ ചെയ്തത് മോശം" എന്നോ ഒറ്റ വാക്ക് മതിയാകും. എന്നാല്‍ അയാളിലെ നല്ലതിനെ അഭിനന്ദിക്കാനും ചീത്തതിനെ സൌമ്യമായി പറഞ്ഞു കൊടുക്കാനും‍ കഴിയുന്നവരെയാണ് നമ്മള്‍ ആദരണീയരായി കണക്കാക്കാറുള്ളത്. നമ്മില്‍ എത്ര ഇതു ശ്രദ്ധിക്കാറുണ്ട് ?

    ReplyDelete
  8. കൊമ്പനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു.
    അക്ബരിനും പഥികനും തങ്കപ്പനും പേരില്ലാത്ത ആള്‍ക്കും നന്ദി

    ReplyDelete
  9. നല്ല അധ്യാപകനാകാന്‍ നല്ല മനസ്സും നല്ല അറിവും വേണം.

    ReplyDelete
  10. നല്ല അധ്യാപകരെ നാം എന്നും നല്ല മനസോടെ ഓര്‍ക്കും .. അവര്‍ ചീത്ത പറഞ്ഞാലും നമ്മുടെ നന്മ ഉദേശിച്ചു മാത്രം ആകുമെന്ന് നമ്മള്‍ മനസ്സിലാക്കുകയും ചെയ്യും എല്ലാ മേഘലയിലും നല്ലവരും ചീതവരും ഉണ്ടാകും അത്രയും കരുതി സമാധാനിക്കുക ആശംസകള്‍..

    ReplyDelete
  11. ഇവിടെ രണ്ടാമത് പറഞ്ഞ ടീച്ചര്‍ക്ക്‌ കുറച്ചു 'അസുഖ'മുള്ള കൂട്ടത്തിലാണ് .ആദ്യമായി ഒരു അദ്ധ്യാപകന്‍ മനസ്സിലാക്കേണ്ടത് അവന്‍ ഒന്നും അറിയാത്ത ഒരു വിദ്യാര്‍ഥിയാണെന്നാണ്.പിന്നെ ഓരോ അധ്യാപകനും കളിക്കുന്നത് കുട്ടികളുടെ മനസ്സ് വെച്ചാണെന്ന് പ്രത്യേകമോര്‍ക്കണം.താങ്കളുടെ പോസ്റ്റു ഇതിനെല്ലാം പ്രേരണ നല്‍കുന്നതാണ്...ആശംസകള്‍ !

    ReplyDelete
  12. നല്ല കുറിപ്പുകള്‍. അധ്യാപകന്‍ എത്ര വലിയ ഉത്തരവാദിദിത്തമാണ് ഏറ്റെടുക്കേണ്ടതെന്ന് അവരില്‍ ചിലര്‍ ഒട്ടും മനസ്സിലാക്കറില്ല. ആദ്യത്തെ അനുഭവത്തിലെ ആദ്യത്തെ ഭാഗം വായിച്ചപ്പോള്‍ ഞാന്‍ യൂറി നഗിബിനെഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന കഥ ഓര്‍ത്തുപോയി.

    ReplyDelete
  13. അധ്യാപകര്‍ക്ക് ഒരു കുട്ടിയുടെ ജയത്തിലും പരാജയത്തിലും ഉള്ള പങ്ക് ലളിതമായി പറഞ്ഞ നല്ലൊരു പോസ്റ്റ്‌...
    (എട്ടുകാലി എന്ന ബ്ലോഗ്‌ താങ്കളുടെതാണോ എന്ന കൊമ്പന്‍റെ ചോദ്യത്തിന് ഉത്തരം കണ്ടില്ലല്ലോ... )

    ReplyDelete
  14. സ്നേഹമുള്ള ഒരു അമ്മയെപ്പോലെയവണം ഒരു ടീച്ചര്‍..നല്ല ബ്ലോഗ്‌ .അഭിനന്ദനങ്ങള്‍..പക്ഷെ ഇതുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല എന്നൊരു കുറ്റം ഞാന്‍ പറയട്ടെ?

    ReplyDelete
  15. ഇതില്‍ രണ്ടാമത് പരിജയ പെടുത്തിയ സ്ത്രീയെ എങ്ങിനെ ആദ്ധ്യാപിക എന്ന് വിളിക്കും അദ്ധ്യാപകന്‍ അദ്ധ്യാപനം നടത്തുന്നവരാ അവരില്‍ പ്രതികാര ഭുദ്ധി ഉണ്ടായാല്‍ അവര്‍ അദ്ധ്യാപകരല്ല

    ReplyDelete
  16. ബഹുജനം പലവിധം എന്നു പറഞ്ഞപോലെ അദ്ധ്യാപകരിലും ഉണ്ടാവും പല തരക്കാരും. അദ്ധ്യാപകർ മറ്റുള്ളവരേപ്പോലെ ആവാൻ പാടില്ലാത്തതാണ്. കുട്ടികളുടെ ഭാവി അവരുടെ കയ്യിലല്ലേ.

    ReplyDelete